ഓപ്പറേഷന്‍ സൈ ഹണ്ട്; 263 പേര്‍ അറസ്റ്റില്‍

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാനാണ് പരിശോധന. തട്ടിപ്പ് പണം ചെക്ക് വഴി പിന്‍വലിച്ചവരെയും എടിഎം കാര്‍ഡ് വഴി പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് കൊടുത്തവരെയും വില്‍പന നടത്തിയവരെയുമെല്ലാം പരിശോധനയില്‍ ലക്ഷ്യമിട്ടു

author-image
Biju
New Update
sreejith

തിരുവനന്തപുരം: സൈബര്‍ തട്ടിപ്പു സംഘങ്ങളെ പിടികൂടാന്‍ പൊലീസ് സംസ്ഥാന വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ സൈ ഹണ്ടില്‍ 263 പേര്‍ അറസ്റ്റില്‍. 382 കേസുകള്‍ റജിസ്റ്റര്‍ ചെയ്തതായും എഡിജിപി എസ്.ശ്രീജിത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. 

സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന സൈബര്‍ തട്ടിപ്പുകള്‍ക്ക് തടയിടാനാണ് പരിശോധന. തട്ടിപ്പ് പണം ചെക്ക് വഴി പിന്‍വലിച്ചവരെയും എടിഎം കാര്‍ഡ് വഴി പിന്‍വലിച്ചവരെയും അക്കൗണ്ടുകള്‍ വാടകയ്ക്ക് കൊടുത്തവരെയും വില്‍പന നടത്തിയവരെയുമെല്ലാം പരിശോധനയില്‍ ലക്ഷ്യമിട്ടു. വ്യാഴാഴ്ച രാവിലെ 7 മണിക്ക് ആരംഭിച്ച പരിശോധന രാത്രിയിലും നീണ്ടു. 

എറണാകുളം റൂറല്‍ ജില്ലയില്‍ 43 പേരാണ് ഓപ്പറേഷന്‍ സൈ ഹണ്ടില്‍ അറസ്റ്റിലായത്. ഏറ്റവും കൂടുതല്‍ പേരെ പിടികൂടിയത് കോതമംഗലത്ത് നിന്നും മൂവാറ്റുപുഴയില്‍ നിന്നുമാണ്. എട്ടു പേരെ വീതം ഇവിടെനിന്നും അറസ്റ്റ് ചെയ്തു. ആലുവ, എടത്തല, പെരുമ്പാവൂര്‍ എന്നിവിടങ്ങളില്‍ 4 പേര്‍ വീതവും, തടിയിട്ടപറമ്പ് 3 പേരെയും ഇതുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു. മൊത്തം 102 ഇടങ്ങളിലായിരുന്നു പരിശോധന. 

മൂവാറ്റുപുഴയില്‍ മുപ്പത്താറ് ഇടങ്ങളിലും, കോതമംഗലത്ത് 21 ഇടങ്ങളിലും പരിശോധന നടത്തി. ജില്ലാ പൊലീസ് മേധാവി എം.ഹേമലതയുടെ നേതൃത്വത്തില്‍ 5 സബ് ഡിവിഷനുകളിലായാണ് പരിശോധന. ബാങ്ക് അക്കൗണ്ടുകള്‍ എടുത്ത് വാടകയ്ക്ക് നല്‍കുന്നതും, വില്‍ക്കുന്നതും മറ്റൊരാള്‍ക്ക് കൈകാര്യം ചെയ്യാന്‍ നല്‍കുന്നതും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകും എന്നതിനാല്‍ ഇത്തരം കാര്യങ്ങളില്‍ ജാഗ്രത ഉണ്ടാകണമെന്ന് എസ്പി പറഞ്ഞു.

ഓപ്പറേഷന്‍ സൈ - ഹണ്ടിന്റെ ഭാഗമായി കാലടിയില്‍ നടത്തിയ റെയ്ഡില്‍ ഒരാള്‍ അറസ്റ്റിലായി. ശ്രീമൂലനഗരം പാറ തെറ്റ തെക്കുംഭാഗം കാവലങ്ങാട്ടുതറ വീട്ടില്‍ അനീഷി (40) നെയാണ് കാലടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളില്‍ നിന്നും 24 തവണകളിലായി 76,38,601 രൂപ വന്നിട്ടുണ്ട്. ഈ മ്യൂള്‍ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിന്‍വലിച്ച് സംഘടിത കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

കോതമംഗലത്ത് നടത്തിയ റെയ്ഡില്‍ വാരപ്പെട്ടി ഇഞ്ചൂര്‍ വട്ടക്കുടിയില്‍ മുഹമ്മദ് യാസിന്‍ (22) എന്നയാളെ അറസ്റ്റു ചെയ്ത് റിമാന്‍ഡ് ചെയ്തു. ഇയാളുടെ അക്കൗണ്ടിലേക്ക് പല അക്കൗണ്ടുകളില്‍ നിന്നും 2,97,000 രൂപ വന്നിട്ടുണ്ട്. ഈ മ്യൂള്‍ അക്കൗണ്ട് വഴി ചെക്ക് ഉപയോഗിച്ചും അല്ലാതെയും പണം പിന്‍വലിച്ച് സംഘടിത കുറ്റകൃത്യത്തില്‍ ഏര്‍പ്പെടുകയായിരുന്നു. 

മൂവാറ്റുപുഴയില്‍ ഈസ്റ്റ് വാഴപ്പിള്ളി കിഴക്കേകടവ് ഭാഗത്ത് ഏലിക്കാട്ട് വീട്ടില്‍ അജ്‌നാസ് (35),മൂവാറ്റുപുഴ മുളവൂര്‍ സ്വദേശി മംഗളാംകുഴി വീട്ടില്‍ സജാദ് (20,) മൂവാറ്റുപുഴ പേഴയ്ക്കാപ്പിള്ളി സ്വദേശി കൊളത്താപ്പിള്ളി വീട്ടില്‍അര്‍ഷാദ് (20), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി പുത്തേത്ത് വീട്ടില്‍  മുസ്തഫ ദാവൂദ് (22), മൂവാറ്റുപുഴ വാഴപ്പിള്ളി സ്വദേശി വലിയാലുങ്കല്‍ വീട്ടില്‍  ഷെഫീസ് (35), മൂവാറ്റുപുഴ പേഴക്കാപ്പിള്ളി സ്വദേശി മാരിയില്‍ വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (20),മൂവാറ്റുപുഴ മുളവൂര്‍ സ്വദേശി കറുകപ്പള്ളിയില്‍ വീട്ടില്‍ മുഹമ്മദ് ഷമീം (22) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

ഓപ്പറേഷന്‍ സൈ ഹണ്ടിന്റെ ഭാഗമായി കോഴിക്കോട് സിറ്റി പൊലീസ് 44 പേരെ കസ്റ്റഡിയില്‍ എടുത്തു. വ്യാപകമായ പരിശോധനകള്‍ രാത്രി വൈകിയും നടത്തുകയാണ്. കോഴിക്കോട് സിറ്റിയിലെ മൂന്നു സബ് ഡിവിഷനുകളിലായി 79 ഓളം സ്ഥലങ്ങളിലായാണ് പരിശോധനകള്‍ പുരോഗമിക്കുന്നത്.