/kalakaumudi/media/media_files/2026/03/06/img_3164-2026-03-06-21-41-38.jpeg)
പാലക്കാട്: മുൻ എംഎൽഎ പി.കെ. ശശിയുടെ നേതൃത്വത്തിൽ കൊഴിഞ്ഞാമ്പാറ കേന്ദ്രീകരിച്ച് നടന്നുവരുന്ന വിമതനീക്കങ്ങൾക്ക് കനത്ത തിരിച്ചടി. വിമതപ്രവർത്തനത്തിന്റെ തുടക്കത്തിൽ തന്നെ രണ്ട് പ്രമുഖ നേതാക്കൾ പാർട്ടി വിരുദ്ധ നിലപാട് തിരുത്തി സിപിഎമ്മിലേക്ക് മടങ്ങിയെത്തി. കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പത്താം വാർഡ് അംഗം എൻ. വിജയാനന്ദ്, പെരുമ്പാറുള്ള പാൽ സൊസൈറ്റി ഡയറക്ടർ എസ്. കാർത്തിക് എന്നിവരാണ് വിമത ചേരി വിട്ട് പാർട്ടിയിലേക്ക് തിരിച്ചെത്തിയത്. യുഡിഎഫുമായി സഹകരിക്കാനുള്ള വിമത കൂട്ടായ്മയുടെ തീരുമാനത്തോടുള്ള കടുത്ത വിയോജിപ്പാണ് തങ്ങളുടെ മടങ്ങിവരവിന് കാരണമെന്ന് എൻ. വിജയാനന്ദ് വ്യക്തമാക്കി.
വിമതനീക്കങ്ങൾ യുഡിഎഫിനോട് അടുക്കാൻ പ്രേരിപ്പിക്കുന്ന രീതിയിലേക്കാണ് നീങ്ങുന്നതെന്നും, അതിനോട് യാതൊരു വിധത്തിലും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തന്നെ ലോക്കൽ സെക്രട്ടറി ആക്കില്ലെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചാണ് വിമതർ തങ്ങളെ ഒപ്പം കൂട്ടിയതെന്ന് വിജയാനന്ദ് വെളിപ്പെടുത്തി. പാർട്ടിയുടെ ഭാഗത്തുനിന്ന് അത്തരമൊരു തീരുമാനം ഉണ്ടായിരുന്നില്ലെന്ന് പിന്നീട് മനസ്സിലാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാർട്ടിയുമായി ഏറെക്കാലമായി നിലനിന്നിരുന്ന അഭിപ്രായ ഭിന്നതകളെത്തുടർന്ന് വ്യാഴാഴ്ചയാണ് പി.കെ. ശശിയെ സിപിഎമ്മിൽനിന്ന് പുറത്താക്കിയത്. കെടിഡിസി ചെയർമാൻ സ്ഥാനം അടുത്തിടെ രാജിവെച്ച ശശി, ഒറ്റപ്പാലത്ത് വിമത സ്ഥാനാർഥിയായി മത്സരിക്കാൻ ഒരുങ്ങുന്നതായും ലീഗ് നേതാക്കളുമായി ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. പാലക്കാട് പാർവതി കല്യാണമണ്ഡപത്തിൽ വെച്ച് നടന്ന വിമത കൺവെൻഷനിൽ സിപിഎമ്മിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ശശി ഉന്നയിച്ചത്. പാലക്കാട് ജില്ലയിലെ പാർട്ടി നേതൃത്വം അമിത മദ്യപാനത്തിന്റെ പിടിയിലാണെന്നും, കള്ളുകുടിച്ചിരിക്കുമ്പോൾ തീരുമാനങ്ങൾ എടുക്കുന്ന അവസ്ഥയിലേക്ക് നേതൃത്വം മാറിയെന്നും അദ്ദേഹം ആരോപിച്ചു. ഇത് വിമതരുടെ കൺവെൻഷനല്ല, മറിച്ച് വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടെ കൺവെൻഷനാണെന്നായിരുന്നു ശശിയുടെ അവകാശവാദം. എന്നിരുന്നാലും, ഇത്തരം പ്രഖ്യാപനങ്ങൾക്ക് പിന്നാലെ തന്നെ പ്രധാന അണികൾ പാർട്ടിയിലേക്ക് തിരിച്ചെത്തുന്നത് പി.കെ. ശശിയുടെ നീക്കങ്ങൾക്ക് വലിയൊരു ക്ഷീണമായിരിക്കുകയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
