/kalakaumudi/media/media_files/2025/03/05/03K061sCHAPo1Nl9bXtC.jpeg)
മലപ്പുറം: ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ച കേസിൽ നിർണായക കണ്ടെത്തൽ. ചോദ്യപേപ്പർ കവർച്ചയുടെ ഉത്ഭവം അന്വേഷിച്ചുള്ള കണ്ടെത്തലിൽ ഒരാളെ അറസ്റ്റ് ചെയ്തു. എംഎസ് സൊല്യൂഷൻസിലെ അധ്യാപകന് ചോദ്യപേപ്പർ ചോർത്തി നൽകിയതിന് മലപ്പുറത്തെ അൺ എയ്‌ഡഡ‍് സ്‌കൂളിലെ പ്യൂൺ അബ്ദുൽ നാസറിനെയാണ് അറസ്റ്റ് ചെയ്തത്. എം എസ് സൊല്യൂഷൻസ് അധ്യാപകൻ ഫഹദിന് ചോദ്യപേപ്പർ ചോർത്തി നൽകിയത് ഇയാളാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. സ്കൂൾ അധികൃതർ അറിയാതെയാണ് ചോദ്യപേപ്പർ ചോർത്തിനല്കിയതെന്നാണ് നാസറിന്റെ മൊഴി. അബ്ദുൾ നാസർ ജോലി ചെയ്യുന്ന സ്‌കൂളിലാണ് മുൻപ് ഫഹദ് ജോലി ചെയ്തിരുന്നത്.
ക്രിസ്മസ് പരീക്ഷ ചോദ്യപേപ്പർ ചോർച്ചയിൽ കേസ് അന്വേഷണത്തിന്റെ തുടക്കത്തിൽ മലപ്പുറം സ്വദേശി ഫഹദിനെക്കൂടാതെ പുതിയങ്ങാടി സ്വദേശി ജിഷ്ണുവിനേയും അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും എം എസ് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിലെ അധ്യാപകരാണ്. ഇവരാണ് യൂട്യൂബ് ചാനലിൽ ചോദ്യങ്ങൾ അവതരിപ്പിച്ചത്. പത്താം ക്ലാസ്സ് പരീക്ഷയുടെ രസതന്ത്ര ചോദ്യപേപ്പർ ചോർന്നെന്നതായിരുന്നു പരാതി. 40 മാർക്കിന്റെ ചോദ്യങ്ങളിൽ 32 മാർക്കിന്റെ ചോദ്യങ്ങളും എം എസ് സൊല്യൂഷൻസിന്റെ യു ട്യൂബ് ചാനലിൽ വന്നതായുള്ള പരാതിയെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്.