സംസ്ഥാനത്ത് അടുത്ത ഏഴ് ദിവസം വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കേരളത്തിൽ വ്യാപകമായി ഇടത്തരം മഴക്കുള്ള സാധ്യതയാണുള്ളത്. കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴമുന്നറിയിപ്പാണ് പുറപ്പെടുവിച്ചിട്ടുള്ളത്.
വടക്കൻ ആന്ധ്രാപ്രദേശിന് മുകളിൽ ഒരു ചക്രവാതചുഴി രൂപപ്പെട്ടിട്ടുണ്ട്. ഇത് മധ്യ പടിഞ്ഞാറൻ-വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനു മുകളിലായി ന്യുന മർദമായി ശക്തി പ്രാപിക്കും. രാജസ്ഥാന് മുകളിൽ സ്ഥിതിചെയ്തിരുന്ന ന്യൂന മർദം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞു. മധ്യ പടിഞ്ഞാറൻ അറബിക്കടലിലെ ന്യൂന മർദം ഒമാൻ തീരത്തിന് സമീപം ചക്രവാത ചുഴിയായി ശക്തി കുറഞ്ഞിട്ടുണ്ട്. ഇതിന്റെ ഫലമായാണ് കേരളത്തിൽ അടുത്ത ഏഴ് ദിവസം മഴ ശക്തമാകുന്നതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.