/kalakaumudi/media/media_files/2025/03/01/34BuvPfMGWndsrBcfLu7.jpg)
കോഴിക്കോട്:
കോഴിക്കോട്: സംസ്ഥാനത്ത് പുണ്യ റമദാന്‍ വ്രതം തുടങ്ങി. ഇനിയുള്ള മുപ്പത് നാളുകള്‍ സഹനത്തിന്റെയും സഹാനുഭൂതിയുടേയും പുണ്യ ദിനങ്ങളാണ് ഇസ്ലാം മത വിശ്വാസികള്‍ക്ക്. സുബഹ് ബാങ്കിന് മുമ്പ് അത്താഴം കഴിച്ച് ഇസ്ലാം മത വിശ്വാസികള്‍ പുണ്യമാസത്തിലെ വ്രതാനുഷ്ഠാനത്തിലേക്ക് കടന്നു.
പ്രഭാതം മുതല്‍ പ്രദോഷം വരെ അന്നപാനീയങ്ങള്‍ വെടിഞ്ഞ് പ്രാര്‍ത്ഥനയിലാണ് വിശ്വാസികള്‍. മനസും ശരീരവും പാകപ്പെടുത്തി ആത്മ നിയന്ത്രണത്തിന്റെ വ്രതമാണ് റമദാന്‍ മാസത്തില്‍ വിശ്വാസി അനുഷ്ഠിക്കുന്നത്.
റമദാനില്‍ ദാന ധര്‍മ്മങ്ങള്‍ക്കും ആരാധനകള്‍ക്കും അധിക പ്രതിഫലം കിട്ടുമെന്നാണ് വിശ്വാസം. സക്കാത്ത് എന്ന പേരില്‍ കൂടുതല്‍ ദാന ധര്‍മ്മങ്ങളും റമദാനിലെ പ്രത്യേകതയാണ്. പകല്‍ മുഴുവന്‍ നീളുന്ന ഖുര്‍- ആന്‍ പാരായണം റമദാനെ കൂടുതല്‍ ഭക്തിനിര്‍ഭരമാക്കുകയാണ്. രാത്രികളില്‍ താറാവീഹ് എന്ന പേരില്‍ പ്രത്യേക നമസ്‌കാരം ഉണ്ടാകും.
ഇഫ്താര്‍ സംഗമങ്ങളില്‍ പങ്കെടുത്ത് സ്‌നേഹവും സഹാനുഭൂതിയും മതസൗഹാര്‍ദ്ദവും പങ്ക് വെക്കുന്നതും റമദാന്റെ പ്രത്യേകതയാണ്. ഖുര്‍-ആന്‍ അവതരിച്ച മാസം, ലൈലത്തുല്‍ ഖദര്‍ എന്ന പുണ്യ രാവിന്റെ മാസം എന്നീ പ്രത്യേകതകളും റമദാനുണ്ട്.വ്രതം തുടങ്ങിയതോടെ പള്ളികളും വീടുകളും കൂടുതല്‍ ഭക്തി നിര്‍ഭരമായി.
ചാന്ദ്രവര്‍ഷ കാലഗണനപ്രകാരം ഒന്‍പതാം മാസമാണ് റമദാന്‍. കഠിനചൂട് എന്നാണ് ഇതിന്റെ അര്‍ഥം. അവര്‍ കലണ്ടറിന് രൂപമുണ്ടാക്കിയ സമയത്ത് ആ മാസം കൊടുംചൂടിന്റെ കാലമായിരുന്നതിനാലാണ് ഈ പേര് സിദ്ധിച്ചത്. നബി(സ്വ)യുടെ നിയോഗത്തിനും 150 വര്‍ഷം മുമ്പ് അദ്ദേഹ ത്തിന്റെ അഞ്ചാം പിതാമഹനായ കിലാബുബ്നു മുര്‍റയുടെ കാലത്താണ് ഈ ക്രമീകരണം നടന്നത് (വിക്കിപീഡിയ). എന്നാല്‍ പ്രവാചകനിയോഗത്തിനു മുമ്പുള്ള അറേബ്യന്‍ കാലഘട്ടത്തില്‍ (ജാഹിലിയ്യാ കാലത്ത്) ഈ മാസത്തിന് എന്തെങ്കിലും പ്രത്യേകതയോ വിശുദ്ധിയോ കല്പിക്കപ്പെട്ടിരുന്നില്ല.
പിന്നീട് മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതും വിശുദ്ധ ഖുര്‍ആനിന്റ അവതരണം ആരംഭിച്ചതും ഒരു റമദാന്‍ മാസത്തിലായിരുന്നു. 'ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും, നേര്‍വഴി കാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍' (2:185). ഇതാണ് ഈ മാസത്തിന് മഹത്വമേറ്റിയതും ഇസ്ലാമിക ജീവിതത്തിലെ ഏറ്റവും പുണ്യകരമായ ദിനങ്ങളാക്കിയതും.
പ്രപഞ്ചപരിപാലകന്റെ കാരുണ്യം വര്‍ഷിക്കുന്ന അവസരത്തില്‍ ആ ദയാവായ്പിന് നന്ദിചെയ്യാനും ആ ദിവ്യഗ്രന്ഥത്തിന്റെ സന്ദേശങ്ങള്‍ സ്വജീവിതത്തില്‍ പകര്‍ത്തുന്നത് പരിശീലിക്കാനും ഇതില്‍പരം അനുയോജ്യമായ സമയമില്ല. അങ്ങനെ അല്ലാഹു ഈ മാസം ഇരട്ടി അനുഗ്രഹങ്ങളുടെതാക്കുകയും നോമ്പടക്കം അക്കാലത്തുള്ള എല്ലാ നന്മകള്‍ക്കും പലമടങ്ങ് പ്രതിഫലം നിശ്ചയിക്കുകയും ചെയ്തു. ഇതുകൂടാതെ പാപമോചനത്തിന്റെയും സ്വര്‍ഗപ്രവേശത്തിന്റെയും പവിത്രതയും അല്ലാഹുവിന്റെ സാമീപ്യത്തിന്റെ മഹാഭാഗ്യവും ഈ മാസത്തില്‍ അവന്‍ കൂട്ടിച്ചേര്‍ത്തു.
റമദാനിലെ നോമ്പ് നിര്‍ബന്ധമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ ഉണര്‍ത്തുന്നു. 'വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ഠിക്കേണ്ടതാണ്' (2:185). നബി(സ്വ)യും ഇത് ഉണര്‍ത്തുന്നുണ്ട്. 'ഇസ്ലാം അഞ്ചുകാര്യങ്ങളിലാണ് പടുത്തുയര്‍ത്തപ്പെട്ടത്. അല്ലാഹുവല്ലാതെ ആരാധനക്കര്‍ഹനില്ലെന്നും മുഹമ്മദ് നബി(സ്വ) അല്ലാഹുവിന്റെ ദൂതനാണെന്നും സാക്ഷ്യം വഹിക്കല്‍, നമസ്‌കാരം നിലനിര്‍ത്തല്‍, സകാത്ത് നല്കല്‍, റമദാനില്‍ നോമ്പനുഷ്ഠിക്കല്‍, ഹജ്ജ് നര്‍വഹിക്കല്‍' (ബുഖാരി 4514).
അല്ലാഹു ആദരണീയമാണെന്നറിയിച്ച നാലുമാസങ്ങളില്‍ (അല്‍ അശ്ഹുറുല്‍ ഹുറും) റമദാന്‍ ഉള്‍പ്പെടുന്നില്ല. എന്നാല്‍ പുണ്യംനേടാന്‍ റമദാനോളം പവിത്രതയുള്ള മറ്റൊരു മാസവുമില്ല. നബി(സ്വ)യുടെ ശഅ്ബാന്‍ മാസത്തിലെ പ്രഭാഷണം ഇങ്ങനെയാണ്: ജനങ്ങളേ, മഹത്തായ ഒരു മാസം നിങ്ങള്‍ക്കിതാ തണലിട്ടിരിക്കുന്നു. അനുഗൃഹീത മാസം, ആ മാസത്തില്‍ ആയിരം മാസത്തേക്കാള്‍ ഉത്തമമായ ഒരു രാത്രിയുണ്ട്.
ആ മാസത്തില്‍ വ്രതമനുഷ്ഠിക്കല്‍ അല്ലാഹു നിര്‍ബന്ധമാക്കുകയും രാത്രിനമസ്‌കാരം ഐഛികമാക്കുകയും ചെയ്തിരിക്കുന്നു. ആ മാസം വല്ല നന്മയും ചെയ്ത് ദൈവസാമീപ്യം തേടുന്നവന്‍ ഇതരമാസങ്ങളില്‍ ഒരു നിര്‍ബന്ധകര്‍മം അനുഷ്ഠിച്ചവനെപ്പോലെയാണ്. ഈ മാസം ഒരു നിര്‍ബന്ധകര്‍മം ചെയ്യുന്നവന്‍ മറ്റു ദിവസങ്ങളില്‍ എഴുപത് നിര്‍ബന്ധകര്‍മം അനുഷ്ഠിച്ചവനെപോലെയാണ്. റമദാന്‍ സഹനത്തിന്റെ മാസമാണ്. സഹനത്തിന്റെ പ്രതിഫലം സ്വര്‍ഗമത്രെ. ഇത് സഹാനുഭൂതിയുടെ മാസമാണ്.
സത്യവിശ്വാസികളുടെ ഉപജീവനത്തില്‍ വര്‍ധനവുണ്ടാകുന്ന മാസവുമാണിത്. ഇതില്‍ വല്ലവനും ഒരു നോമ്പുകാരനെ നോമ്പുതുറപ്പിച്ചാല്‍ അവന്റെ പ്രതിഫലം പാപമോചനവും നരക വിമുക്തിയുമാണ്. ആ നോമ്പുകാരന്റെ പ്രതിഫലത്തിന് ഒട്ടും കുറവുവരാതെത്തന്നെ അതിനു സമമായ പ്രതിഫലം അവനു ലഭിക്കുന്നതാണ് (ബൈഹഖി).
നബി(സ്വ) പറയുന്നു: ''റമദാനില്‍ നരകകവാടങ്ങള്‍ അടയ്ക്കപ്പെടുകയും സ്വര്‍ഗകവാടങ്ങള്‍ തുറക്കപ്പെടുകയും പിശാചുക്കള്‍ ബന്ധിക്കപ്പെടുകയും ചെയ്യും. 'ഹേ നന്മ കാംക്ഷിക്കുന്നവനേ, നീ മുന്നോട്ടുവരിക, തിന്മ ആഗ്രഹിക്കുന്നവരേ വിരമിക്കുക' എന്ന് റമദാന്‍ തീരുവോളം ഒരു മലക്ക് വിളിച്ചു പറയും'' (നസാഈ 4: 129).
മഹാപാപങ്ങള്‍ ഉപേക്ഷിക്കുന്നപക്ഷം ഒരു റമദാന്‍ അടുത്ത റമദാന്‍ വരെയുള്ള ചെറുപാപങ്ങള്‍ പൊറുക്കപ്പെടാന്‍ കാരണമാണ് (മുസ്ലിം :233).
ആര്‍ റമദാനില്‍ നോമ്പനുഷ്ഠിക്കുകയും അതിന്റെ പരിധികള്‍ പാലിക്കുകയും സൂക്ഷ്മത വേണ്ട കാര്യങ്ങളെക്കുറിച്ച് സൂക്ഷ്മത പാലിക്കുകയും ചെയ്യുന്നുവോ അവന്റെ മുന്‍പാപങ്ങള്‍ പൊറു ക്കുന്നതാണ് (ഇബ്നുഹിബ്ബാന്‍ 3424).
വിശുദ്ധ ഖുര്‍ആനിന്റെ അവതരണമാണ് റമദാനിന്റെ ശ്രേഷ്ഠതക്ക് നിദാനം. ഈ ഖുര്‍ആന്‍ അവ തരിച്ച രാവിനാണ് ലൈലതുല്‍ഖദ്ര് (നിര്‍ണയത്തിന്റെ രാത്രി) എന്നു പറയുന്നത്. റമദാനിന്റെ മഹത്വമേറ്റുന്നതാണ് ലൈലത്തുല്‍ഖദ്റിന്റെ സാന്നിധ്യം. നിര്‍ണയം, മഹത്വം, വ്യവസ്ഥ എന്നെല്ലാ മാണ് ഖദ്ര് എന്ന വാക്കിന്റെ അര്‍ഥം. സത്യാസത്യങ്ങള്‍ നിര്‍ണയിക്കാനും മനുഷ്യന് മഹത്വമേ റ്റാനും ധര്‍മം വ്യവസ്ഥപ്പെടുത്താനും അടിസ്ഥാനമായ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട രാത്രിയാണ് ലൈലതുല്‍ഖദ്ര്.
''നിശ്ചയം നാമതിനെ (ഖുര്‍ആന്‍) ലൈലതുല്‍ഖദ്റില്‍ അവതരിപ്പിച്ചു. ലൈലതുല്‍ഖദ്ര് ആയിരം മാസങ്ങളെക്കാള്‍ ഉത്തമമാകുന്നു. അന്ന് മലക്കുകളും ജിബ്രീലും തങ്ങളുടെ നാഥന്റെ അനുവാ ദത്തോടുകൂടി എല്ലാ കല്പനകളുമായി ഇറങ്ങിക്കൊണ്ടിരിക്കും. പ്രഭാതം വരെ അന്ന് രക്ഷയുണ്ടാ യിരിക്കും'' (97:15)
ഈ ദിവസത്തിന്റെ മഹത്വം സൂചിപ്പിക്കുന്ന ധാരാളം നബിവചനങ്ങളുണ്ട്:
അബൂഹുറയ്റ(റ) പറയുന്നു: നബി(സ്വ) അരുളി: 'ലൈലത്തുല്‍ ഖദ്റിന്റെ രാത്രിയില്‍ വല്ലവനും വിശ്വാസത്തോടുകൂടിയും പ്രതിഫലം ആഗ്രഹിച്ചുകൊണ്ടും എഴുന്നേറ്റു നമസ്‌കരിച്ചാല്‍ അവന്റെ പാപങ്ങളില്‍നിന്ന് പൊറുക്കപ്പെടും. വല്ലവനും റമദാനില്‍ നോമ്പനുഷ്ഠിച്ചാല്‍ അവന്റെ പാപങ്ങളില്‍ നിന്ന് പൊറുക്കപ്പെടും. അവനെ അതിന് പ്രേരിപ്പിച്ചത് വിശ്വാസവും പ്രതിഫലം ആഗ്രഹിക്കലുമാ യിരിക്കണം' (ബുഖാരി 1901).
അവസാന പത്തായാല്‍ നബി(സ്വ) അര മുറുക്കി ഉടുക്കുകയും രാത്രി സജീവമാക്കുകയും വീട്ടു കാരെ ഉണര്‍ത്തുകയും ചെയ്യും (ബുഖാരി 2024).
റമദാന്‍ അവസാനപത്തില്‍ നബി(സ്വ) മറ്റൊരുകാലത്തും ചെയ്യാത്തവിധം ആരാധനാ കര്‍മങ്ങളില്‍ മുഴുകാറുണ്ടായിരുന്നു (മുസ്ലിം 1174).
നബി(സ്വ) സാധാരണയായി ഇഅ്തികാഫ് അനുഷ്ഠിച്ചിരുന്നതും റമദാനിലെ അവസാന പത്തി ലായിരുന്നു (ബുഖാരി 2026).
ലൈലതുല്‍ഖദ്ര് എല്ലാവര്‍ഷവും ആവര്‍ത്തിക്കപ്പെടുന്നു. എന്നാല്‍ ഇത് ഏതു ദിവസത്തിലാണെന്ന് നബി(സ്വ) വ്യക്തമാക്കിയിട്ടില്ല. റമദാന്‍ മാസത്തിലെ അവസാന പത്തിലെ ഒറ്റ രാവുകളിലാണ് എന്ന് ചില നബി(സ്വ) വചനങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും അവസാന പത്തിലെ ഏതു ദിവസവുമാകാം എന്നതാണ് ഹദീസുകള്‍ നല്കുന്ന പ്രബലമായ സൂചന.
ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: 'ലൈലത്തുല്‍ഖദ്റിനെ നിങ്ങള്‍ റമദാനിലെ ഒടുവിലെ പത്തില്‍ അന്വേഷിക്കുക. അതായത് ഒമ്പത് അവശേഷിക്കുമ്പോള്‍, ഏഴ് അവശേഷിക്കുമ്പോള്‍, അഞ്ച് അവശേഷിക്കുമ്പോള്‍' (ബുഖാരി 2020).
ഇബ്നുഅബ്ബാസ്(റ) പറയുന്നു: നബി(സ്വ) അരുളി: 'ലൈലത്തുല്‍ഖദ്ര് അവസാത്തെ പത്തിലാണ്. 9ലോ അല്ലെങ്കില്‍ 7 അവശേഷിക്കുന്ന സന്ദര്‍ഭത്തിലോ അന്വേഷിക്കുക. മറ്റൊരു നിവേദനത്തില്‍ 25ലോ അന്വേഷിക്കുക എന്ന് പ്രസ്താവിക്കുന്നു' (ബുഖാരി 2021, മുസ്ലിം 1167).
റമദാന്‍ ഇരുപത്തിഏഴിനാണ് ലൈലതുല്‍ഖദ്ര് എന്നതിന് വ്യക്തമായ യാതൊരു രേഖയുമില്ല. അത് നിര്‍ണയിക്കപ്പെടാത്തത് നിങ്ങള്‍ക്ക് അനുഗ്രഹമായേക്കാം എന്ന് ഈ വിഷയത്തില്‍ നബി(സ്വ) പറഞ്ഞിട്ടുണ്ട്. അതിനാല്‍ അവസാനപത്തിലെ എല്ലാ ദിനങ്ങളും പരമാവധി നന്മകളുമായി നാം മുന്നേറുക. റമദാന്‍ ഇരുപത്തിഏഴ് ലൈലതുല്‍ഖദ്റായി കരുതി പ്രത്യേക പ്രാര്‍ഥനകളും ദാനധര്‍മങ്ങളും മരണപ്പെട്ടവര്‍ക്കുവേണ്ടിയുള്ള ഖുര്‍ആന്‍ പാരയാണവും പോലെ കുറെ അനാചാരങ്ങള്‍ നടപ്പിലുണ്ട്. എന്നാല്‍ ഇതിനൊന്നും യാതൊരു പ്രമാണത്തിന്റെയും പിന്‍ബലമില്ല. മറ്റു ദിനങ്ങളില്‍ ചെയ്യുന്ന പുണ്യകര്‍മങ്ങള്‍ പരമാവധി അധികരിപ്പിക്കുയും ഇഅ്തികാഫ് നിര്‍വഹിക്കുകയും ചെയ്യുക എന്നതാണ് ലൈലതുല്‍ഖദ്റില്‍ ഏറെയായി ചെയ്യാനുള്ളത്.
ലൈലതുല്‍ഖദ്ര് പ്രതീക്ഷിക്കുന്ന ദിനങ്ങളില്‍ അല്ലാഹുമ്മ ഇന്നക അഫുവ്വുന്‍ തുഹിബ്ബുല്‍ അഫ്വ ഫഅ്ഫു അന്നീ (അല്ലാഹുവേ, നീ പാപങ്ങള്‍ പൊറുക്കുന്നവനാണ്. അത് നിനക്ക് ഇഷ്ടവുമാണ്. അതിനാല്‍ എനിക്ക് നീ പൊറുത്തുതരേണമേ) എന്ന് പ്രാര്‍ഥിക്കാന്‍ നബി(സ്വ) നിര്‍ദേശിക്കുന്നുണ്ട് (തിര്‍മിദി 3513).
നോമ്പ് നിര്‍ബന്ധമായവര്‍
വിശ്വാസവും കര്‍മവുമെല്ലാം വെറും ആചാരങ്ങളല്ല. അവ ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും കഴിയുന്നവനേ അത് ആത്മീയമായി ഗുണകരവുമാകൂ. നോമ്പ് വെറും വ്യായാമമല്ല. ആരോഗ്യ സംരക്ഷണം മാത്രമാണ് വ്രതലക്ഷ്യമെങ്കില്‍ ഇതിലേറെ എളുപ്പമുള്ള മറ്റു മാര്‍ഗങ്ങള്‍ മനുഷ്യന് കണ്ടെത്താന്‍ കഴിഞ്ഞേക്കും. വ്രതത്തിന്റെ പ്രധാനലക്ഷ്യം മനുഷ്യന്റെ ആത്മീയ ഔന്നത്യമാണ്. നോമ്പ് നിര്‍ബന്ധമാക്കുന്ന ആദ്യ ദൈവികശാസന ഉള്‍ക്കൊള്ളുന്ന ഖുര്‍ആന്‍ വചനം തന്നെ ഇതിന് തെളിവാണ്. 'സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കല്‍പിച്ചിരുന്നത് പോലെത്തന്നെ നിങ്ങള്‍ക്കും നോമ്പ് നിര്‍ബന്ധമായി കല്‍പിക്കപ്പെട്ടിരിക്കുന്നു. നിങ്ങള്‍ ദോഷബാധയെ സൂക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്'(2:183). ഇത് സാക്ഷാത്കരിക്കപ്പെടണമെങ്കില്‍ വ്രതം കൃത്യമായ ലക്ഷ്യത്തോടെ, അത് കല്പിച്ച പ്രപഞ്ചനാഥനില്‍ പൂര്‍ണമായി വിശ്വസിച്ച് അവന്റെ വിധിവിലക്കുകളില്‍ പൂര്‍ണ തൃപ്തനായി, ശരിയായ സത്യവിശ്വാസിയായി നിര്‍വഹിക്കണം. ഇതെല്ലാം പരിഗണിച്ചാണ് റമദാന്‍ വ്രതം നിര്‍ബന്ധമാകാന്‍ താഴെ പറയുന്ന നിബന്ധനകള്‍ വെച്ചത്.
ഇസ്ലാം: ഇസ്ലാമിലെ എല്ലാവിശ്വാസവും കര്‍മവും മുസ്ലിംകള്‍ക്കു മാത്രമേ ബാധകമാകൂ. മറ്റുള്ളവര്‍ അത് സ്വീകരിക്കുകയോ തിരസ്‌കരിക്കുകയോ ചെയ്യട്ടെ. മുസ്ലിംകളല്ലാത്തവര്‍ സൗഹൃദത്തിന്റെയും ആരോഗ്യത്തിന്റെയും വീക്ഷണത്തില്‍ ഇസ്ലാമിന്റെ വ്രതരീതി സ്വീകരിക്കുന്നത് അവരുടെ ലക്ഷ്യപൂരണത്തിന് ഗുണകരമാകാം. അതിനെ ഇസ്ലാം എതിര്‍ക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യുന്നില്ല.
ബുദ്ധി: ഏതൊരു നിയമവും ബുദ്ധിയുള്ളവര്‍ക്കുമാത്രമേ ഭൗതികമായിത്തന്നെ ബാധകമാകൂ. ഇതുതന്നെയാണ് ഇസ്ലാമിക നിയമ സംഹിതക്കും അടിസ്ഥാനമായിട്ടുള്ളത്. അതിനാല്‍ മാനസികമായി സംതുലനമുള്ളവര്‍ക്കു മാത്രമേ വ്രതവും നിര്‍ബന്ധമാകുന്നുള്ളൂ.
പ്രായപൂര്‍ത്തി: കൊച്ചുകുട്ടികള്‍ മാനസിക പക്വത പ്രാപിക്കാത്തവരാണ്. അതിനാല്‍തന്നെ പ്രായപൂര്‍ത്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത് വിവേചനശേഷി ലഭിക്കുന്ന പ്രായമെത്തുക എന്നാണ്. അത് വ്യക്തിനിഷ്ഠവും സാഹചര്യബന്ധിതവുമാണ്. ഇതിന് കൃത്യമായ പ്രായപരിഗണന നല്കാന്‍ കഴിയില്ല.
പുരുഷനാണെങ്കില്‍ മീശ, താടിരോമം മുളയ്ക്കുക, സ്ഖലനമുണ്ടാകുക, സ്ത്രീക്ക് ആര്‍ത്തവം ഉണ്ടാവുക എന്നിങ്ങനെ ചില ശാരീരിക അടയാളങ്ങള്‍ കര്‍മശാസ്ത്ര ഗ്രന്ഥങ്ങളില്‍ നിഷ്‌കര്‍ഷി ച്ചിട്ടുണ്ടെങ്കിലും ഇത് മാത്രമോ ഇത്തന്നെയോ അടയാളങ്ങളായി പരിഗണിക്കാന്‍ കഴിയില്ല. മാനസിക പക്വത അളക്കാന്‍ ഇവ അപര്യാപ്തമാണ്. ഈ അടയാളങ്ങള്‍ ഉണ്ടായതുകൊണ്ട് പക്വത പ്രാപിച്ചു എന്നോ ഇവ സംജാതമാകാത്തവരെല്ലാം പക്വത ഇല്ലാത്തവരാണെന്നോ വിധിക്കാന്‍ പറ്റില്ലല്ലോ.
നോമ്പില്‍ ഇളവനുവദിക്കപ്പെട്ടവര്‍
പുണ്യം കരസ്ഥമാക്കാനുള്ള മഹത്തായ കര്‍മമാണ് നോമ്പെങ്കിലും എല്ലാവര്‍ക്കും അത് സാധ്യമായിക്കൊള്ളണമെന്നില്ല. പ്രത്യേകിച്ചും ശാരീരികക്ഷമത ഏറെ ആവശ്യമുള്ള ആരാധനയാണ് വ്രതം എന്നതിനാല്‍ ദുര്‍ബലര്‍ക്ക് അത് വിഷമമുണ്ടാക്കും. മനുഷ്യന്റെ പാരത്രികമോക്ഷത്തിലെന്ന പോലെ ഭൗതികസുഖത്തിലും ഇസ്ലാം ശ്രദ്ധിക്കുന്നുണ്ട്. ദുര്‍ബലരെ നോമ്പെടുക്കാന്‍ നിര്‍ബന്ധിക്കുന്നതോ നോമ്പെടുക്കാത്തതിന് ശിക്ഷിക്കുന്നതോ ഒട്ടും ഭൂഷണമല്ലതന്നെ. ഇസ്ലാം പ്രകൃതി മതമാണ്. അത് ആചാരങ്ങളും അനുഷ്ഠാനങ്ങളും നിര്‍ണയിക്കുന്നത് മനുഷ്യനെ കഷ്ടപ്പെടുത്താനല്ല. നിങ്ങള്‍ക്ക് കഴിയുന്നതു പോലെ അല്ലാഹുവിനെ സൂക്ഷിക്കുക എന്നതാണ് ഇസ്ലാമിന്റെ അടിസ്ഥാന തത്വം (വിശുദ്ധ ഖുര്‍ആന്‍ 64:16).
മനുഷ്യനെ സംസ്‌കരിക്കുന്നതും അവന്റെ ആകുലതകളില്‍ സഹായിക്കുന്നതുമാണ് ഇസ്ലാം മതം. മനുഷ്യന് സാധാരണയില്‍ കവിഞ്ഞ പ്രയാസങ്ങളുള്ള ആരാധനകളില്‍ ധാരാളമായി ഇളവുകള്‍ അനുവദിക്കുക ഇസ്ലാമിന്റെ ശൈലിയാണ്. നോമ്പിന്റെ അവതരണവചനം തന്നെ ശ്രദ്ധേയമാണ്. ഏതാനും ദിവസമേ നോമ്പെടുക്കേണ്ടൂ, ഇത് മുന്‍ സമുദായങ്ങള്‍ക്കും ഉണ്ടായിരുന്നു, നിങ്ങളെ പ്രയാസപ്പെടുത്താനല്ല, സംസ്‌കരിക്കാനാണ് നോമ്പ് എന്നെല്ലാം എത്ര തന്മയത്വത്തോടെയാണ് ഖുര്‍ആന്‍ അവതരിപ്പിക്കുന്നത്! (2:184187). കാരുണികനായ പരിപാലകന്റെ സ്നേഹമാണീ വ്രതമെന്ന് അടിമക്ക് ബോധ്യപ്പെടുത്തുന്നതാണീ ശൈലി.
പ്രത്യേക പരിഗണനയര്‍ഹിക്കുന്നവരെ അല്ലാഹു നോമ്പിന്റെ നിര്‍ബന്ധ ബാധ്യതയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കുകയോ ചില നിബന്ധനകളോടെ അവര്‍ക്ക് ഇളവനുവദിക്കുകയോ ചെയ്തിട്ടുണ്ട്.
ആര്‍ത്തവം, പ്രസവരക്തം എന്നിവ ഉള്ളവര്‍ക്ക് നോമ്പ് നിഷിദ്ധമാണ്. പക്ഷേ, പകരം പിന്നീട് നിര്‍വഹിക്കണം. വൃദ്ധര്‍, യാത്രക്കാര്‍, രോഗികള്‍, കുട്ടികള്‍, ഇസ്ലാമിക സൈന്യത്തിലെ യോദ്ധാക്കള്‍, കടുത്ത ജോലിയില്‍ കുടുങ്ങിയവര്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്നവര്‍ എന്നിവരെല്ലാം ഇങ്ങനെ ഇളവനുവദിക്കപ്പെട്ടവരാണ്. റമദാനില്‍ ഒരാള്‍ രോഗിയോ യാത്രക്കാരനോ ആണെങ്കില്‍ നോമ്പ് ഒഴിവാക്കാവുന്നതാണ്. അത്രയും ദിവസങ്ങള്‍ അയാള്‍ പിന്നീട് നോമ്പെടുക്കേണ്ടതാണ്. എന്നാല്‍ ശമനപ്രതീക്ഷയില്ലാത്ത മാറാരോഗിയാണെങ്കില്‍ അയാള്‍ ഒരു ദിവസത്തെ നോമ്പിനു പകരം ഒരു അഗതിക്ക് ആഹാരം പ്രായശ്ചിത്തമായി നല്കിയാല്‍ മതി.
നഷ്ടപ്പെട്ട ഓരോ നോമ്പിനും പകരമായി പ്രയശ്ചിത്തം നല്കണം. ''ഞെരുങ്ങിക്കൊണ്ടുമാത്രം അതിന് സാധിക്കുന്നവര്‍ ഒരു പാവപ്പെട്ടവനുള്ള ഭക്ഷണം പ്രയാശ്ചിത്തമായി നല്കേണ്ടതാണ്''(2:184) എന്ന വചനമാണ് ഇതിന് ആധാരം. പാവപ്പെട്ടവന്റെ ഒരു നേരത്തെ ഭക്ഷണമാണ് പ്രായശ്ചിത്തമായി നല്കേണ്ടത്. ഇതിന്റെ അളവ്, സമയം എന്നിവയെക്കുറിച്ച് കൃത്യമായ നിര്‍ദേശങ്ങള്‍ വന്നിട്ടില്ല. കൂടുതല്‍ നല്കുന്നത് പുണ്യമാണ്. പൂര്‍ണമായും നല്കാന്‍ ശേഷിയില്ലാത്തവര്‍ തന്നെക്കൊണ്ട് സാധ്യമാകുന്നതെങ്കിലും നല്കുന്നതാണ് അഭികാമ്യം.
ഭക്ഷണ വസ്തുക്കള്‍ക്കു പകരം പണമായും പ്രായശ്ചിത്തം നല്കാവുന്നതാണ്. ഒന്നിലേറെ നോമ്പിന്റെ പ്രായശ്ചിത്ത ഭക്ഷണം ഒരാള്‍ക്കുതന്നെ നല്കുന്നതും അനുവദനീയമാണ്. ഒന്നും നല്കാന്‍ കഴിവില്ലാത്തവര്‍ പടച്ചവനോട് പശ്ചാത്തപിക്കട്ടെ. ''അക്കാര്യത്തില്‍ അവന്‍ നിങ്ങളുടെമേല്‍ യാതൊരു പ്രയാസവും ചുമത്തിയിട്ടില്ല''(ഖുര്‍ആന്‍ 22:78). നോമ്പിന്റെ പ്രായശ്ചിത്ത ഭക്ഷണം നോമ്പുകാരന് തന്നെ നല്കണമെന്നോ നോമ്പിന്റെ മാസത്തില്‍ തന്നെ നല്കണമെന്നോ നിബന്ധനയില്ല. നോമ്പിന്റെ മാസത്തില്‍ നോമ്പുകാരന് തന്നെ നല്കുന്നതാണ് അഭികാമ്യം. പ്രായശ്ചിത്തം നല്കിയതിനുശേഷം നോമ്പെടുക്കാന്‍ സൗകര്യം കിട്ടിയാല്‍ നോമ്പെടുക്കാവുന്നതും അവന് രണ്ടിന്റെയും പ്രതിഫലം ലഭിക്കുന്നതുമാണ്. എന്നാല്‍ പ്രായശ്ചിത്തം നല്കിയാല്‍ നോമ്പെടുത്തില്ലെങ്കിലും കുറ്റമില്ല; ഏതു സാഹചര്യത്തിലും നോമ്പെടുക്കുന്നതു തന്നെയാണ് നല്ലത് (വിശുദ്ധ ഖുര്‍ആന്‍ 2: 184).
ഇളവ് അനുവദിക്കാനുള്ള കാരണങ്ങള്‍ വേറെ ആരും സ്ഥിരീകരിക്കേണ്ടതില്ല. അത് ഇളവ് ആവശ്യപ്പെടുന്ന ഒരോ വ്യക്തിയുമായി ബന്ധപ്പെടുത്തുകയാണ് ഖുര്‍ആന്‍ ചെയ്യുന്നത്. ''ഒരാളോടും അയാളുടെ കഴിവില്‍പെട്ടതല്ലാതെ നാം അനുശാസിക്കുകയില്ല. സത്യം തുറന്നുപറയുന്ന ഒരു രേഖ നമ്മുടെ പക്കലുണ്ട്. അവരോട് അനീതി കാണിക്കപ്പെടുകയില്ല'' (ഖുര്‍ആന്‍ 23:62). മനുഷ്യന്റെ മനസ്സറിയുന്ന സ്രഷ്ടാവിന്റെ പക്കല്‍ ശരിയായ രേഖയുണ്ടെന്നും ഏതു മാനസികാവസ്ഥയിലാണ് നാം ഇളവ് ഉപയോഗിക്കുന്നതെന്നും അല്ലാഹു നന്നായി അറിയുന്നുണ്ട് എന്ന ഓര്‍മപ്പെടുത്തലാണിത്.
നോമ്പിന്റെ രൂപവും നിര്‍ബന്ധ ഘടകങ്ങളും
ഇസ്ലാമിലെ അനുഷ്ഠാനങ്ങള്‍ ഐതിഹ്യങ്ങളാല്‍ സ്ഥാപിതമായതല്ല. ആര്‍ക്കും എപ്പോഴും നിര്‍മിക്കാവുന്നതോ തിരുത്താവുന്നതോ ആയ രൂപവുമല്ല അതിനുള്ളത്. കൃത്യമായ പ്രമാണങ്ങളുടെ അടിസ്ഥാനത്തില്‍ അതിന്റെ രൂപവും ഘടനയുമെല്ലാം സ്ഥാപിക്കപ്പെട്ടിരിക്കുന്നു. മുഹമ്മദ് നബി(സ്വ)യുടെ ജീവിതകാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട ഈ കാര്യത്തില്‍ ഇനി കൂട്ടിച്ചേര്‍ക്കലുകള്‍ പാടില്ല. അങ്ങനെ കൂട്ടിച്ചേര്‍ക്കുന്നവ ഇസ്ലാമിന്റെതായി പരിഗണിക്കപ്പെടുകയുമില്ല. ''ഇന്ന് ഞാന്‍ നിങ്ങള്‍ക്ക് നിങ്ങളുടെ മതം പൂര്‍ത്തിയാക്കി തന്നിരിക്കുന്നു. എന്റെ അനുഗ്രഹം നിങ്ങള്‍ക്ക് ഞാന്‍ നിറവേറ്റിത്തരികയും ചെയ്തിരിക്കുന്നു. മതമായി ഇസ്ലാമിനെ ഞാന്‍ നിങ്ങള്‍ക്ക് തൃപ്തിപ്പെട്ടു കഴിഞ്ഞിരിക്കുന്നു'' (5:3).
നോമ്പിനും ഇത് ബാധകമാണ്. അതിന്റെ രൂപവും സമയവുമെല്ലാം നേരത്തേ തന്നെ കണക്കാക്കപ്പെട്ടിരിക്കുന്നു. ഭക്തിയുടെയോ സൂക്ഷ്മതയുടെയോ പേരില്‍ അതില്‍ എന്തെങ്കിലും കൂട്ടിച്ചേര്‍ക്കലുകളോ വെട്ടിമാറ്റലുകളോ അനുവദനീയമല്ല. പുതിയ കാലത്തിനും ലോകത്തിനും പറ്റുന്ന ആധുനികരീതിയില്‍ അതില്‍ മാറ്റങ്ങള്‍ വരുത്താവുന്നതുമല്ല. എല്ലാ കാലത്തേക്കും ജനസമൂഹത്തിലേക്കും പ്രയാസരഹിതമായി ഉപയോഗിക്കാവുന്ന വിധത്തിലാണ് ഇസ്ലാം അത് സംവിധാനിച്ചിരിക്കുന്നത്.
നോമ്പിന് രണ്ടു നിര്‍ബന്ധഘടകങ്ങളുണ്ട്. ഒന്ന് നിയ്യത്തുതന്നെ. പ്രഭാതം മുതല്‍ അസ്തമയം വരെ ഭക്ഷണപാനീയങ്ങളും ഭാര്യാഭര്‍തൃബന്ധവും ഉപേക്ഷിക്കലാണ് രണ്ടാമത്തേത്. ഇതില്‍ ഏതെങ്കിലും ഒന്ന് നഷ്ടപ്പെടുകയോ ന്യൂനതയുള്ളതാവുകയോ ചെയ്താല്‍ ആ വ്രതം നിഷ്ഫലമാകുന്നതാണ്.
നോമ്പിന്റെ ഏറ്റവും പ്രധാന ഘടകമാണ് നിയ്യത്ത്. ഏതൊരു കര്‍മത്തിനുമെന്നപോലെ നോമ്പിനും നിയ്യത്ത് (ഉദ്ദേശ്യം) കൃത്യമായിരിക്കണം. അഥവാ, അല്ലാഹു നിര്‍ബന്ധമാക്കിയ വ്രതം അവന്റെ മാത്രം പ്രതിഫലം പ്രതീക്ഷിച്ചും ശിക്ഷ ഭയപ്പെട്ടും നിര്‍വഹിക്കുന്നു എന്ന ബോധമുണ്ടാകുമ്പോഴേ നോമ്പ് സാധുവാകൂ (ബുഖാരി 1951). 'നിയ്യത്തിന്റെ സ്ഥാനം മനസ്സാണ്'(ഫത്ഹുല്‍ബാരി 1/52). ഹജ്ജും ഉംറയുമൊഴിച്ച് മറ്റു കര്‍മങ്ങള്‍ക്കൊന്നും നിയ്യത്തിനായി പ്രത്യേക പദങ്ങളില്ല. നാവു കൊണ്ട് ഉച്ചരിക്കേണ്ടതുമില്ല.
നോമ്പിന്റെ സമയം തുടങ്ങുന്നതിന് മുമ്പ് തന്നെ 'താന്‍ നോമ്പെടുക്കുന്നു' അല്ലെങ്കില്‍ നോമ്പെടുക്കണം എന്ന കരുതല്‍ മനസ്സിലുണ്ടായിരിക്കണം. പ്രത്യേക സമയമോ പദപ്രയോഗങ്ങളോ പ്രമാണങ്ങളില്‍ നിര്‍ദേശിക്കപ്പെട്ടിട്ടില്ല. റമദാന്‍ മാസം പിറന്നതുമുതല്‍ ഒരാള്‍ക്ക് വ്രതം നിര്‍ബന്ധമായി. അതോടെ താന്‍ നോമ്പെടുക്കും എന്ന് അയാള്‍ തീരുമാനിച്ചാല്‍ നിയ്യത്ത് പ്രാബല്യത്തിലായി. പിന്നീട് ഒരോ ദിവസവും അയാള്‍ പ്രത്യേകം നിയ്യത്തു വെക്കേണ്ടതില്ല. (മജ്മൂഅ്ഫതാവാ, ഇബ്നു തൈമിയ്യ 25/215). ഉറങ്ങിപ്പോവുകയോ മറ്റോ ചെയ്താല്‍ രാത്രി നിയ്യത്തു ചെയ്യാന്‍ കഴിയില്ലെന്ന കാരണത്താല്‍ നോമ്പെടുക്കാതിരിക്കേണ്ടതില്ല. നാളെ നോമ്പെടുക്കണമെന്ന വിചാരത്തോടെയാണല്ലോ ഉറങ്ങാന്‍ കിടന്നിട്ടുണ്ടാവുക. നിയ്യത്തായി അതു മതിയാവുന്നതാണ്.
ഇളവുകള്‍ സ്വീകരിക്കണമെന്ന് ഉദ്ദേശിച്ചോ മനഃപൂര്‍വം നോമ്പ് നോല്‍ക്കുന്നില്ല എന്ന് കരുതിയോ ആണ് നേരം പുലര്‍ന്നതെങ്കില്‍ അയാള്‍ക്ക് നോമ്പ് നോല്‍ക്കാന്‍ സാധിക്കില്ല. എന്നാലും നോമ്പു മുറിയുന്ന മറ്റു കാര്യങ്ങളൊന്നും അയാള്‍ ചെയ്തിട്ടില്ലെങ്കില്‍ അപ്പോള്‍ മുതല്‍ അയാള്‍ക്ക് നോമ്പില്‍ പ്രവേശിക്കാമെന്നും അഭിപ്രായമുണ്ട്. ഇത് സുന്നത് നോമ്പിന് മാത്രമേ ബാധകമാകൂ എന്നാണ് മിക്ക പണ്ഡിതന്മാരുടെയും വീക്ഷണം. ഉച്ചയ്ക്കു മുമ്പായി നിയ്യത്തുണ്ടായാല്‍ നോമ്പെടുക്കാമെന്നാണ് ഇമാം അബൂഹനീഫ(റ)യുടെയും ഇമാം ശാഫിഈയുടെയും അഭിപ്രായം.
പ്രഭാതം മുതല്‍ പ്രദോഷം വരെ ഭക്ഷണ പാനീയങ്ങളും ലൈംഗിക ബന്ധങ്ങളുമടക്കം നോമ്പ് മുറിക്കുന്ന കാര്യങ്ങളില്‍ നിന്ന് അകന്നുനില്ക്കുക എന്നതാണ് നോമ്പിന്റെ ബാഹ്യമായ രൂപവും രണ്ടാമത്തെ നിര്‍ബന്ധ ഘടകവും. പകല്‍ സമയത്ത് മനഃപൂര്‍വം ആഹാര പാനീയങ്ങള്‍ കഴിക്കുകയോ ലൈംഗിക ബന്ധം പുലര്‍ത്തുകയോ ചെയ്താല്‍ നോമ്പ് നഷ്ടപ്പെടും. അല്ലാഹുവിന്റെ റസൂല്‍ അനുവദിച്ച പുണ്യകര്‍മങ്ങള്‍ (നോമ്പിന്റെ മര്യാദകള്‍) കൊണ്ട് നോമ്പിനെ അലങ്കരിക്കുക എന്നതാണ് നോമ്പിന്റെ പൂര്‍ണരൂപം.
നോമ്പിന്റെ സമയം
പ്രഭാതോദയം മുതല്‍ സൂര്യാസ്തമയം വരെയാണ് വ്രതത്തിന്റെ സമയം. പകല്‍ ദീര്‍ഘിക്കുകയും ചുരുങ്ങുകയുമെല്ലാം ചെയ്യുന്ന കാലത്തിനും പ്രദേശങ്ങള്‍ക്കും ഇത് ബാധകമാണ് എന്നാണ് ഭൂരിപക്ഷ പണ്ഡിതന്മാരും അഭിപ്രായപ്പെടുന്നത്. ഭൂമിയിലെ ചില പ്രദേശങ്ങളില്‍ (സ്‌കാന്‍ഡിനേവിയന്‍ നാടുകള്‍ പോലെ) ചിലകാലങ്ങളില്‍ പകല്‍ ഏറെ ദീര്‍ഘിക്കുന്നു. ഒരു പകല്‍തന്നെ ദിവസങ്ങളും മാസങ്ങളും നീണ്ടുനില്ക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ എങ്ങനെ നോമ്പെടുക്കണമെന്നതില്‍ ആധുനിക പണ്ഡിതന്മാര്‍ക്ക് ഭിന്നവീക്ഷണങ്ങളുണ്ട്. ഇവര്‍ യാത്രക്കാരാണെങ്കില്‍ ഇളവുപയോഗപ്പെടുത്തി നാട്ടിലെത്തിയശേഷം നോമ്പെടുക്കാമെന്നതില്‍ സംശയമില്ല. എന്നാല്‍ 24 മണിക്കൂറുകള്‍ക്കിടയില്‍ പകലും രാവും മാറുന്ന പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ പകല്‍ എത്ര മണിക്കൂറായാലും നോമ്പെടുക്കണം. എന്നാല്‍ അത് അവര്‍ക്ക് രോഗമോ അപകടമോ ഉണ്ടാക്കുമെങ്കില്‍ പകല്‍ കുറയുന്ന സമയത്തേക്ക് മാറ്റിവെക്കുകയോ കഴിയില്ലെങ്കില്‍ പ്രായശ്ചിത്തം നല്കുകയോ ചെയ്യാവുന്നതാണ്. എന്നാല്‍ ദിവസങ്ങള്‍ നീണ്ടുനില്ക്കുന്ന പകലും രാവുമുള്ളവര്‍ സാധാരണ സമയമുള്ള തൊട്ടടുത്ത പ്രദേശത്തിനനുസരിച്ചോ, മക്കയെ അടിസ്ഥാനമാക്കിയോ ഗണിച്ച് നമസ്‌കരിക്കുകയും അതുപോലെ വ്രതം അനുഷ്ഠിക്കുകയുമാണ് വേണ്ടത്.
യാത്രക്കാരന്‍ നോമ്പെടുക്കുകയാണെങ്കില്‍ അയാള്‍ പുറപ്പെട്ട നാട്ടിലെ ദിവസത്തിന്റെയും സമയ ത്തിന്റെയും കണക്കിലാണ് നോമ്പും പെരുന്നാളും തീരുമാനിക്കേണ്ടത്. ഇനി അയാള്‍ യാത്ര അവ സാനിപ്പിക്കുന്ന നാട്ടില്‍ മറ്റൊരു സമയവും ദിവസവുമാണെങ്കില്‍ അതുപ്രകാരമാണ് അവിടെ അയാള്‍ നോമ്പും പെരുന്നാളും നിര്‍വഹിക്കേണ്ടത്.
എന്നാല്‍ ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകുമ്പോള്‍ ദിവസ ഗണനയിലുള്ള വ്യത്യാസം മൂലം തന്റെ നോമ്പ് എണ്ണം കുറവാണെങ്കില്‍ (28 നോമ്പ്) പെരുന്നാളിനു ശേഷം അയാള്‍ അത് നോറ്റുവീട്ടേണ്ടതാണ്. അതേസമയം അയാള്‍ 30 നോമ്പ് പൂര്‍ത്തിയാക്കിയിട്ടുണ്ടെങ്കില്‍ ചെന്നെത്തിയ നാട്ടുകാരോടൊപ്പം നോമ്പ് നോല്‍ക്കേണ്ടതില്ല. മാസം ഇരുപത്തി ഒന്‍പതോ മുപ്പതോ ആയിരിക്കുമെന്നാണല്ലോ നബി(സ്വ) പഠിപ്പിക്കുന്നത്.
നോമ്പില്ലാത്ത നാട്ടില്‍നിന്ന് നോമ്പുള്ള നാട്ടിലെത്തിയാല്‍, യാത്രക്കാരനാണെങ്കില്‍ നോമ്പെടു ക്കാതെ മാറ്റിവെക്കാം. എന്നാല്‍ സ്ഥിരതാമസമുള്ള നാട്ടിലാണെത്തിയതെങ്കില്‍ എത്തിയ സമയം മുതല്‍ നോമ്പെടുക്കണം. പിന്നീട് നോറ്റുവീട്ടേണ്ടതില്ല.
നോമ്പിന്റെ നിര്‍ബന്ധ ഘടകങ്ങള്‍ പൂര്‍ത്തിയായാല്‍ നോമ്പ് സാധുവാകുകയും നോമ്പുകാരന്‍ പ്രതിഫലാര്‍ഹനാവുകയും ചെയ്യും. എന്നാല്‍ എഴുനൂറും അതിലേറെയും ഇരട്ടി പുണ്യം ലഭിക്കുന്ന കാര്യമായി നോമ്പ് മാറണമെങ്കില്‍ നോമ്പിന്റെ പ്രതിഫല പൂര്‍ത്തീകരണത്തിനാവശ്യമായ കുറെ മര്യാദകള്‍ പാലിക്കപ്പെടണം. നബി(സ്വ) നിര്‍ദേശിച്ചതും കാണിച്ചുതന്നതുമായ രൂപത്തില്‍ നോമ്പ് പൂര്‍ത്തിയാക്കുക എന്നതാണ് നോമ്പിന്റെ മര്യാദകള്‍ പാലിക്കുക എന്നു പറയുന്നതിന്റെ താത്പര്യം.
ഏറെ പുണ്യം ലഭിക്കുന്ന കര്‍മമായി നോമ്പ് പരിഗണിക്കപ്പെടാനുള്ള പ്രധാന കാരണം ഒരുകൂട്ടം നന്മകള്‍ക്ക് അതിനകത്ത് അവസരങ്ങളുണ്ട് എന്നതാണ്. ഇവ പരമാവധി നിര്‍വഹിക്കുന്നതുവഴി ഓരോ നോമ്പുകാരനും കണക്കറ്റ പ്രതിഫലം ഒരുക്കൂട്ടാന്‍ സാധിക്കും. അത്താഴം കഴിക്കുക, അത് രാത്രിയുടെ അന്ത്യയാമത്തിലാവുക, നാവിനെ നിയന്ത്രിക്കുക, ഖുര്‍ആനുമായി കൂടുതല്‍ അടു ക്കുക, ക്ഷമ കൈക്കൊള്ളുക, ദാനധര്‍മങ്ങള്‍ ചെയ്യുക, ദിക്ര് ദുആകള്‍ വര്‍ധിപ്പിക്കുക, ഐഛിക നമസ്‌കാരവും മറ്റു പുണ്യകര്‍മങ്ങളും വര്‍ധിപ്പിക്കുക, സമയമായാല്‍ വേഗം നോമ്പ് തുറക്കുക, നോമ്പു തുറപ്പിക്കുക, തഹജ്ജുദ് നിര്‍വഹിക്കുക, പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കുക, ഉംറ നിര്‍വഹിക്കുക തുടങ്ങിയ കാര്യങ്ങളാണ് റമദാനിന്റെ പ്രതിഫലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍. അതുതന്നെയാണ് വ്രതത്തിന്റെ പൂര്‍ണതയും.
(കടപ്പാട്: ഇസ്ലാം കവാടം)