കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

റംസാനില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരുങ്ങുന്നത് വര്‍ഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്. വിവിധ ഏജന്‍സികള്‍ ഇതിനോടകം കോടികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തടവില്‍ കഴിയുന്നവര്‍ക്കുള്ള ഇളവും പ്രഖ്യാപിക്കപ്പെടും

author-image
Biju
New Update
ramsan

കോഴിക്കോട്: കേരളത്തില്‍ നാളെ റംസാന്‍ ഒന്ന്. ഇന്നലെ മാസപ്പിറവി കണ്ടതായി സ്ഥിരീകരണം ഇല്ലാത്തതിനാല്‍, ശഅബാന്‍ മുപ്പത് പൂര്‍ത്തിയാക്കി വിശ്വാസികള്‍ നാളെ വ്രതാരംഭം കുറിക്കും. ഇന്ന് രാത്രി മുതല്‍ പ്രത്യേക നമസ്‌കാരങ്ങള്‍ തുടങ്ങും. അതേസമയം, ഒമാനൊഴികെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഇന്ന് റംസാന്‍ ഒന്നിലേക്ക് കടന്നു. റംസാനില്‍ ഗള്‍ഫ് രാഷ്ട്രങ്ങള്‍ ഒരുങ്ങുന്നത് വര്‍ഷത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ്. വിവിധ ഏജന്‍സികള്‍ ഇതിനോടകം കോടികളുടെ പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. തടവില്‍ കഴിയുന്നവര്‍ക്കുള്ള ഇളവും പ്രഖ്യാപിക്കപ്പെടും. ഒമാനില്‍ നാളെയാണ് വ്രതാരംഭം.

സൗദി അറേബ്യയില്‍ റമദാന്‍ മാസപ്പിറവി ദൃശ്യമായതായി റോയല്‍ കോര്‍ട്ട് അറിയിച്ചു. രാജ്യത്തെ വിവിധ നിരീക്ഷണ കേന്ദ്രങ്ങളില്‍ മാസപ്പിറവി ദൃശ്യമായതായി സുപ്രീം കോടതി സ്ഥിരീകരിച്ചു. ഇതോടെ ഹിജ്‌റ വര്‍ഷം 1447-ലെ വിശുദ്ധ റമദാന്‍ മാസത്തിന് ഇന്ന്  തുടക്കം കുറിച്ചു. മാസപ്പിറവി നിരീക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ നിരീക്ഷണ കേന്ദ്രങ്ങളില്‍ പ്രത്യേക സമിതികള്‍ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് നിലയുറപ്പിച്ചിരുന്നു. പ്രമുഖ ജ്യോതിശാസ്ത്രജ്ഞര്‍, ഖാദിമാര്‍, വിദഗ്ധരായ മാസപ്പിറവി നിരീക്ഷകര്‍ എന്നിവര്‍ ഈ ദൗത്യത്തില്‍ പങ്കാളികളായി. ശരീഅത്ത് നിയമങ്ങള്‍ക്കനുസൃതമായ കൃത്യത ഉറപ്പുവരുത്തുന്നതിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ഉമ്മുല്‍ ഖുറാ കലണ്ടര്‍ പ്രകാരം ഹിജ്‌റ 1447 ശഅബാന്‍ 29-ന് (2026 ഫെബ്രുവരി 17, ചൊവ്വ) മാസപ്പിറവി നിരീക്ഷിക്കാന്‍ സുപ്രീം കോടതി നേരത്തെ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി സ്ഥിരീകരിച്ചതോടെ ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് മുതല്‍ വിശ്വാസികള്‍ വ്രതപുണ്യത്തിലേക്ക് കടക്കും. ഒമാനില്‍ നാളെയാണ് വൃതാരംഭം.

ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയാണ് ഒമാനില്‍ റമദാന്‍ വ്രതം ആരംഭിക്കുക. ജീവിതതാളം തന്നെ മാറുന്ന ഒരു മാസത്തിലേക്കാണ് ഗള്‍ഫ് നാടുകള്‍ കടക്കുന്നത്. റമദാന്‍ ആശംസിച്ച് ഷെയ്ഖ് ഹംദാന്‍ പങ്കുവെച്ച ഹൃദ്യമായ വീഡിയോ വൈറലാവുകയാണ്. സര്‍ക്കാര്‍ ഓഫീസുകളുടേയും വിദ്യാലയങ്ങളുടേയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും പ്രവര്‍ത്തന സമയം മാറ്റിയിട്ടുണ്ട്. യുഎഇയില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും പ്രവര്‍ത്തിക്കുക. വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് 12 മണിവരെയാകും പ്രവര്‍ത്തി സമയം. സ്വകാര്യ മേഖലാ ജീവനകാര്‍ക്ക് ജോലി സമയത്തില്‍ രണ്ട് മണിക്കൂര്‍ കുറവ്. വിശ്വാസികള്‍ക്ക് വിവിധ ഗള്‍ഫ് രാജ്യങ്ങളിലെ ഭരണ കര്‍ത്താക്കള്‍ ആശംസകള്‍ നേര്‍ന്നു. സൗദിയാണ് മാസപ്പിറ ആദ്യം സ്ഥിരീകരിച്ചത്. സൗദി സുപ്രീം കോര്‍ട്ട് പ്രഖ്യാപനത്തിന് പിന്നാലെ യുഎഇ, ഖത്തര്‍, കുവൈറ്റ്, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളും വ്രതാരംഭം ഉറപ്പിച്ചു. ശഅബാന്‍ 30 പൂര്‍ത്തിയാക്കി വ്യാഴാഴ്ചയായിരിക്കും റമദാന്‍ വ്രതാരംഭമെന്ന് ഒമാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.