തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കലയുടെ പൂരത്തിന് നാളെ തിരശ്ശീല ഉയരും. നാളെ രാവിലെ 9 മണിക്ക് പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പതാക ഉയര്‍ത്തുന്നതോടെ അറുപത്തി മൂന്നാമത് കലോത്സവത്തിന് ഔപചാരികമായ തുടക്കം കുറിക്കും. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലാമേളയായ സ്‌കൂള്‍ കലോത്സവം ഒന്നാം വേദിയായ എം. ടി.- നിളയില്‍ (സെന്‍ട്രല്‍ സ്റ്റേഡിയം) രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഔപചാരികമായി ഉദ്ഘാടനം നിര്‍വ്വഹിക്കും. മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. മന്ത്രിമാരായ ജി ആര്‍ അനില്‍, കെ രാജന്‍, എ കെ ശശീന്ദ്രന്‍, റോഷി അഗസ്റ്റിന്‍, കെ എന്‍ ബാലഗോപാല്‍, പി രാജീവ് പി എ മുഹമ്മദ് റിയാസ്, വീണ ജോര്‍ജ്, സജി ചെറിയാന്‍, ആന്റണി രാജു എംഎല്‍എ, ശശി തരൂര്‍ എംപി, മേയര്‍ ആര്യ രാജേന്ദ്രന്‍, എംപിമാരായ അടൂര്‍ പ്രകാശ്, എ.എ. റഹീം, ജോണ്‍ ബ്രിട്ടാസ് തുടങ്ങിയവര്‍ സംസാരിക്കും. 25 വേദികളിലായി 249 ഇനങ്ങളില്‍ പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും. കലോത്സവ ചരിത്രത്തില്‍ ആദ്യമായി തദ്ദേശീയ ജനതയുടെ 5 നൃത്തരൂപങ്ങള്‍കൂടി ഈ വര്‍ഷത്തെ കലോത്സവത്തിന്റെ മത്സര ഇനങ്ങളാകുകയാണ്. മംഗലംകളി, പണിയനൃത്തം, പളിയ നൃത്തം, മലപുലയ ആട്ടം, ഇരുള നൃത്തം എന്നിവയാണ് പുതുതായി ഉള്‍പ്പെടുത്തിയ നൃത്തരൂപങ്ങള്‍. അന്യം നിന്നു പോകുമായിരുന്ന നാടന്‍കലകളും, പ്രാചീന കലകളും ഇന്നത്തെ തലമുറയ്ക്ക് പരിചയപ്പെടുത്തുന്നതിന് സ്‌കൂള്‍ കലോത്സവം നല്‍കിയ സംഭാവന വളരെ വലുതാണ്. മത്സരത്തില്‍ എ ഗ്രേഡ് നേടുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഒറ്റത്തവണ സാംസ്‌കാരിക സ്‌കോളര്‍ഷിപ്പായി ആയിരം രൂപ നല്‍കുന്നുണ്ട്. കേരളത്തിനകത്തും പുറത്തും നിന്നുള്ള പ്രഗത്ഭരായ വ്യക്തികളെയാണ് വിധി നിര്‍ണ്ണയത്തിന് കണ്ടെത്തിയിട്ടുള്ളത്. വിധി കര്‍ത്താക്കളുടെ വിധിനിര്‍ണ്ണയത്തിനെതിരെ തര്‍ക്കം ഉന്നയിക്കുന്ന ഘട്ടത്തില്‍ അത്തരം ഇനങ്ങളില്‍ അന്തിമതീരുമാനം എടുക്കുന്നതിന് വേണ്ടി സംസ്ഥാനതല അപ്പീല്‍കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈമാസം എട്ടിന് കലോത്സവം സമാപിക്കും. വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനവും നടക്കും. പൊതുവിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ഉദ്ഘാടനം ചെയ്യും. നടന്‍ ടോവിനോ തോമസ് മുഖ്യാതിഥിയായി പങ്കെടുക്കും.
മേളപ്പെരുമയില്‍ അനന്തപുരി; 63-ാം സംസ്ഥാന സ്‌കൂള്‍കലോത്സവത്തിന് നാളെ തുടക്കം
25 വേദികളിലായി 249 ഇനങ്ങളില്‍ പതിനയ്യായിരത്തോളം വിദ്യാര്‍ത്ഥികളാണ് മത്സരങ്ങളില്‍ പങ്കെടുക്കുക. സംസ്‌കൃതോത്സവവും, അറബിക് സാഹിത്യോത്സവവും ഇതോട് അനുബന്ധിച്ച് നടക്കും
New Update