/kalakaumudi/media/media_files/2026/01/18/cup2-2026-01-18-18-21-42.jpg)
തൃശൂര്‍: കൗമാരകലയുടെ സ്വര്‍ണക്കിരീടം ആവേശകരമായ പോരാട്ടത്തിനൊടുവില്‍ കണ്ണൂരിന് സ്വന്തം. അവസാന മത്സരം വരെ നീണ്ട പേരാട്ടത്തില്‍ ഫോട്ടോഫിനിഷിലാണ് കിരീടനേട്ടം. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ തൃശ്ശൂര്‍ ആണ് രണ്ടാം സ്ഥാനത്ത്. അഞ്ച് പോയന്റ് വ്യത്യാസത്തിലാണ് കണ്ണൂര്‍ തൃശ്ശൂരിനെ മറികടന്നത്. കഴിഞ്ഞ തവണ അവസാനനിമിഷം വരെ ഉദ്വേഗം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ പാലക്കാടിനെ പിന്നിലാക്കി തൃശ്ശൂര്‍ കിരീടം ഉറപ്പിക്കുകയായിരുന്നു. കണ്ണൂരായിരുന്നു അന്നു മൂന്നാമത്.
കലയെന്നത് വെറുമൊരു മത്സരമല്ലെന്നും അത് മനുഷ്യത്വത്തിന്റേയും കരുതലിന്റേയും അടയാളമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. സിയ ഫാത്തിമയുടേയും സച്ചുവിന്റെയും പരിശ്രമം മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.
'കലോത്സവനഗരിയില്‍ നില്‍ക്കുമ്പോള്‍ ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമെന്ന വിശേഷണത്തേക്കാള്‍ ഉപരിയായി മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്നത്, കുട്ടിയുടെ വീട്ടുമുറ്റത്തേക്ക് വേദി എത്തിയ നിമിഷമാണ്. മാരകമായ രോഗാവസ്ഥയിലായി വേദിയിലെത്താനാകാത്ത കൊച്ചു മിടുക്കി സിയ ഫാത്തിമയ്ക്കു വേണ്ടി അവളുടെ വീട് തന്നെ വേദിയാക്കിയ തീരുമാനമാണ് കലോത്സവത്തിന്റെ യഥാര്‍ത്ഥവിജയം. മത്സരിക്കാന്‍ കഴിയാത്തവരുടെ കണ്ണീരൊപ്പാനായി എന്നത് കിരീടനേട്ടത്തേക്കാള്‍ വലിയ കാര്യമായി കാണുന്നു. പ്രതികൂല സാഹചര്യങ്ങളോട് പോരാടി വിസ്മയകരമായ പ്രകടനം കാഴ്ചവെച്ച സച്ചുവിനെ കണ്ടു. സച്ചുവിന് വീടുവെച്ചുകൊടുക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ഏറ്റെടുത്തതായി അറിയിക്കുന്നു. ആ പ്രതിഭയ്ക്കുള്ള ആദരമാണ്. കലയെന്നത് വെറുമൊരു മത്സരമല്ല, മറിച്ച് മനുഷ്യത്വത്തിന്റേയും കരുതലിന്റേയും അടയാളമാണെന്നാണ് ഈ രണ്ടു സംഭവങ്ങളും വ്യക്തമാക്കുന്നത്'', വി. ശിവന്‍കുട്ടി പറഞ്ഞു.
വെള്ള ജുബ്ബയും കൈത്തറി മുണ്ടും അണിഞ്ഞ് തോള് ചരിച്ച് മോഹന്‍ലാല്‍ എത്തി. 'നെഞ്ചിനകത്ത് ലാലേട്ടന്‍' എന്ന ആരവങ്ങളോടെയാണ് മോഹന്‍ലാലിനെ തൃശൂര്‍ സ്വീകരിച്ചത്. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്തെ എക്സിബിഷന്‍ ഗ്രൗണ്ടില്‍ നടന്ന സമാപന സമ്മേളനം പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ഉദ്ഘാടനം ചെയ്തു. മന്ത്രി കെ.രാജന്‍ അധ്യക്ഷനായി. സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മുഖ്യപ്രഭാഷണം നടത്തി. പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ഉമേഷ് സ്വാഗതം പറഞ്ഞു. മന്ത്രിമാരായ ഡോ. ആര്‍.ബിന്ദു, വി.അബ്ദുറഹിമാന്‍, എം.ബി.രാജേഷ് എന്നിവരും സാംസ്‌കാരിക നായകരും ജനപ്രതിനിധികളും പങ്കെടുത്തു. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തിയ കണ്ണൂരിന് സ്വര്‍ണക്കപ്പ് മന്ത്രി ശിവന്‍കുട്ടിയും മോഹന്‍ലാലും ചേര്‍ന്ന് സമ്മാനിച്ചു.
കലോത്സവത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ വടക്കുംനാഥനോട് നന്ദി പറഞ്ഞ കൊണ്ടാണ് മോഹന്‍ലാല്‍ പ്രസംഗം ആരംഭിച്ചത്. മന്ത്രി പറഞ്ഞത് കൊണ്ടാണ് ജുബ്ബയും മുണ്ടും അണിഞ്ഞ് എത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. കുട്ടികള്‍ക്ക് വേണ്ടി മീശ പിരിക്കുകയും ചെയ്തു. മലയാള സിനിമയ്ക്ക് വലിയ പ്രതിഭകളെ സംഭാവന ചെയ്ത ഇടമാണ് കലോത്സവങ്ങള്‍. മഞ്ജു വാര്യര്‍, കെ.എസ്.ചിത്ര, വേണുഗോപാല്‍ അത്തരത്തില്‍ ശ്രദ്ധനേടിയലരാണെന്ന് മോഹന്‍ലാല്‍ ഓര്‍മിച്ചു. കലോത്സവത്തില്‍ കൂടുതല്‍ പോയിന്റ് നേടി ഒന്നാമതെത്തിയ കണ്ണൂരിനെ അഭിനന്ദിച്ചു. മത്സരമില്ല ഉത്സവമാണ് എന്ന് ഓര്‍മപ്പെടുത്തിയാണ് മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
