സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികാഘോഷം 21ന് തുടങ്ങും

മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍.

author-image
Biju
New Update
adg

തിരുവനന്തപുരം: ഇടതു മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികള്‍ ഏപ്രില്‍, മേയ് മാസങ്ങളില്‍ നടത്താന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതല്‍ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികള്‍ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും. 

ഇതിനു പുറമേ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മേഖലാ അവലോകന യോഗങ്ങള്‍ നടത്തും. ജില്ലകളില്‍ പുരോഗമിക്കുന്ന വികസനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സങ്ങളുണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിനാണ് മേഖലാ അവലോകന യോഗങ്ങള്‍ നടത്തുന്നത്.

മന്ത്രിസഭയുടെ നാലാം വാര്‍ഷിക ആഘോഷ പരിപാടികളില്‍ എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രില്‍ 21ന് കാസര്‍കോട് നിന്ന് ആരംഭിച്ച് മേയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികള്‍. വിവിധ ആനുകൂല്യങ്ങള്‍ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സര്‍ക്കാരിന്റെ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ജില്ലാതല പ്രദര്‍ശന- വിപണന മേളകളുമുണ്ടാകും.


ജില്ലാതല യോഗങ്ങള്‍

ഏപ്രില്‍ 21 - കാസര്‍കോട്

ഏപ്രില്‍ 22 - വയനാട്

ഏപ്രില്‍ 24 - പത്തനംതിട്ട

ഏപ്രില്‍ 28 - ഇടുക്കി

ഏപ്രില്‍ 29 - കോട്ടയം

മേയ് 5 - പാലക്കാട്

മേയ് 6 - കൊല്ലം

മേയ് 7 - എറണാകുളം

മേയ് 12 - മലപ്പുറം

മേയ് 13 - കോഴിക്കോട്

മേയ് 14 - കണ്ണൂര്‍

മേയ് 19 - ആലപ്പുഴ

മേയ് 20 - തൃശൂര്‍

മേയ് 21 - തിരുവനന്തപുരം

ഇതിനുപുറമെ സംസ്ഥാന തലത്തില്‍ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തില്‍ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികജാതി-പട്ടികവര്‍ഗ വിഭാഗങ്ങളുമായും ചര്‍ച്ചകള്‍ സംഘടിപ്പിക്കും. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ സാംസ്‌കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തില്‍ ഗവേഷണ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ വിദ്യാര്‍ഥികളുമായും സയന്‍സ് ആന്‍ഡ് ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രഫഷണലുകളുമായും ചര്‍ച്ച നടത്തും.

സംസ്ഥാനതല യോഗങ്ങള്‍

മേയ് 3 - യുവജനക്ഷേമം - കോഴിക്കോട്

മേയ് 4 - വനിതാവികസനം - എറണാകുളം

മേയ് 10 - സാംസ്‌കാരികം - തൃശൂര്‍

മേയ് 11 - ഉന്നതവിദ്യാഭ്യാസരംഗം -കോട്ടയം 

മേയ് 17 - പ്രഫഷണലുകളുമായി ചര്‍ച്ച - തിരുവനന്തപുരം

മേയ് 18 - പട്ടികജാതി - പട്ടികവര്‍ഗം - പാലക്കാട്

പ്രദര്‍ശനങ്ങള്‍ക്ക് പുറമെ ചര്‍ച്ചകള്‍, കായിക മത്സരങ്ങള്‍ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികള്‍ക്ക് ജില്ലാതല സംഘാടക സമിതികള്‍ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാര്‍ ചെയര്‍മാനും ജില്ലാ കലക്ടര്‍ ജനറല്‍ കണ്‍വീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങളും തുടര്‍ നടപടികളും സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

 

CM Pinarayi cheif minister pinarayi vijayan kerala goverment