മതേതര സര്‍ക്കാര്‍ എന്തിനാണ് മതം തിരിച്ച് ചേരിതിരിച്ച് സംഗമം നടത്തുന്നത്?: സമസ്ത

ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ വലിയ തോതില്‍ ആനുകൂല്യം നേടുന്നുവെന്ന പ്രചാരണമുണ്ടായി. ഇത് ന്യൂനപക്ഷ-ഭൂരിപക്ഷങ്ങള്‍ തമ്മില്‍ അകലം ഉണ്ടാക്കി.

author-image
Biju
New Update
smastha

മലപ്പുറം: സര്‍ക്കാരിന്റെ ന്യൂനപക്ഷ സംഗമത്തില്‍ ആശങ്കയുമായി സമസ്ത. മതേതര സര്‍ക്കാര്‍ എന്തിനാണ് മതം തിരിച്ച് ചേരിതിരിച്ച് സംഗമം നടത്തുന്നതെന്ന് അബ്ദുസ്സമദ് പൂക്കോട്ടൂര്‍ ചോദിച്ചു. കഴിഞ്ഞ കുറേ കാലങ്ങളായി മുസ്ലിം സമുദായത്തിന് വലിയ നഷ്ടമുണ്ടായിട്ടുണ്ട്. 

ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ച് മുസ്ലിംങ്ങള്‍ വലിയ തോതില്‍ ആനുകൂല്യം നേടുന്നുവെന്ന പ്രചാരണമുണ്ടായി. ഇത് ന്യൂനപക്ഷ-ഭൂരിപക്ഷങ്ങള്‍ തമ്മില്‍ അകലം ഉണ്ടാക്കി. മുസ്ലിം വിഭാഗത്തിന് നഷ്ടപ്പെട്ട ആനുകൂല്യം തിരിച്ചു നല്‍കാന്‍ കഴിഞ്ഞാല്‍ ന്യൂനപക്ഷ സംഗമം വിജയമായിരിക്കുമെന്നും അല്ലെങ്കില്‍ പ്രഹസനമാകുമെന്നും അബ്ദുസ്സമദ് പൂക്കോട്ടൂര്‍ മലപ്പുറത്ത് പറഞ്ഞു.

അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമം നടത്താനാണ് സര്‍ക്കാരിന്റെ നീക്കം. കോഴിക്കോടോ കൊച്ചിയിലോ ആയിരിക്കും ന്യൂനപക്ഷ സംഗമം നടക്കുക. വളരെ പെട്ടന്ന് അയ്യപ്പ സംഗമം നടത്താന്‍ തീരുമാനിച്ചത് പോലെ തന്നെയാണ് ന്യൂന പക്ഷ സംഗമത്തിന്റെ വാര്‍ത്തയും വരുന്നത്. 

അയ്യപ്പ സംഗമത്തിന് എതിരായി വന്ന വിമര്‍ശനങ്ങളുടെ മുനയൊടിക്കാനാണ് സര്‍ക്കാരിന്റെ നീക്കം എന്നാണ് രാഷ്ട്രീയ നിരീക്ഷണം. വിഷന്‍ 2031 എന്ന പേരില്‍ ന്യൂനപക്ഷ വകുപ്പിന്റെ നേതൃത്വത്തിലാണ് പരുപാടി നടത്തുക. ക്രിസ്ത്യന്‍ മുസ്ലീം വിഭാഗങ്ങളില്‍ നിന്ന് ഉള്‍പ്പെടെ തിരഞ്ഞെടുക്കപ്പെട്ട 1500 ഓളം പേര്‍ സംഗമത്തില്‍ പങ്കെടുക്കും എന്നാണ് വിവരം. 

ന്യൂനപക്ഷ വിഭാഗങ്ങളിലെ പ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ ചര്‍ച്ച ചെയ്യാനുള്ള വേദിയൊരുക്കകയാണ് സംഗമ ലക്ഷ്യം എന്നാണ് റിപ്പോര്‍ട്ടുകള്‍. വരും ദിവസം വേദി ഏതാണെന്ന കാര്യത്തിലും ക്ഷണിതാക്കളുടെ കാര്യത്തിലും തീരുമാനം ഉണ്ടാകും.