വിഴിഞ്ഞം തുറമുഖ വികസനം: കേന്ദ്രത്തില്‍നിന്ന് വാങ്ങുന്നത് 817.8 കോടി

കാപ്പക്സ് പ്രകാരം കേന്ദ്രത്തില്‍നിന്ന് ലഭിച്ച 50 വര്‍ഷത്തിനു ശേഷം മാത്രം തിരിച്ചടവുള്ള 795 കോടി രൂപയുടെ വായ്പ വിനിയോഗിക്കാമെന്നും വരുമാനപങ്കാളിത്ത ഉപാധി പ്രകാരമുള്ള കേന്ദ്ര വിജിഎഫ് സ്വീകരിക്കേണ്ടതില്ലെന്നും ധനവകുപ്പ് അറിയിച്ചിരുന്നു

author-image
Biju
New Update
kl

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ പദ്ധതിയുടെ വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) ആയി 817.8 കോടി രൂപ കേന്ദ്രത്തില്‍നിന്നു സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതോടെ തിരിച്ചു നല്‍കേണ്ടിവരുന്നത് കോടികളുടെ വരുമാനം. ധനമന്ത്രി കെ.എന്‍.ബാലഗോപാലിന്റെ കടുത്ത എതിര്‍പ്പ് മറികടന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്.

വിജിഎഫിനു പകരം നബാഡില്‍നിന്ന് വായ്പ എടുക്കുന്നതുള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ മന്ത്രിസഭയില്‍ ചര്‍ച്ചയായിരുന്നു. കാപ്പക്സ് പ്രകാരം കേന്ദ്രത്തില്‍നിന്ന് ലഭിച്ച 50 വര്‍ഷത്തിനു ശേഷം മാത്രം തിരിച്ചടവുള്ള 795 കോടി രൂപയുടെ വായ്പ വിനിയോഗിക്കാമെന്നും വരുമാനപങ്കാളിത്ത ഉപാധി പ്രകാരമുള്ള കേന്ദ്ര വിജിഎഫ് സ്വീകരിക്കേണ്ടതില്ലെന്നും ധനവകുപ്പ് അറിയിച്ചിരുന്നു. 

പെട്ടെന്നു തീരുമാനം അറിയിച്ചില്ലെങ്കില്‍ തുക വകമാറ്റി ചെലവഴിക്കുമെന്ന് കേന്ദ്രം അന്ത്യശാസനം നല്‍കിയതോടെയാണ് പണം സ്വീകരിക്കാന്‍ സംസ്ഥാനം തീരുമാനിച്ചത്. വിജിഎഫ് തുകയായ 817 കോടി രൂപ കേന്ദ്രത്തില്‍നിന്നു വാങ്ങുന്നതിനു പകരം നബാഡില്‍നിന്നു വായ്പയെടുത്താല്‍ 1582 കോടി തിരിച്ചടച്ചാല്‍ മതിയായിരുന്നു. വരുമാനം പങ്കിടല്‍ വ്യവസ്ഥയോടെ കേന്ദ്രത്തില്‍നിന്ന് 817 കോടി സ്വീകരിച്ചാല്‍ തിരിച്ചടയ്‌ക്കേണ്ടിവരിക 10,000 കോടി രൂപയ്ക്കു മുകളിലാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ നടത്തിപ്പുകാരായ അദാനി പോര്‍ട്സില്‍നിന്ന് വരുമാനവിഹിതം സംസ്ഥാനസര്‍ക്കാരിനു ലഭിച്ചു തുടങ്ങുന്ന 2034ലെ മൂല്യം കണക്കാക്കി നെറ്റ് പ്രസന്റ് വാല്യൂ പ്രകാരം (എന്‍പിവി) 817.80 കോടിക്കു പകരം കുറഞ്ഞത് 8486 കോടി രൂപ നല്‍കേണ്ടിവരുമെന്നാണ് ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്റ് കണക്കാക്കിയിരിക്കുന്നത്. 

തുക ഇതിലും ഉയരാന്‍ സാധ്യതയുണ്ടെന്നും വ്യക്തമാക്കിയിരുന്നു. ഈ കാലയളവില്‍ 8486 കോടി രൂപ നല്‍കിയാലും എന്‍പിവി നിബന്ധനകള്‍ പ്രകാരം തിരിച്ചടവ് വെറും 166.42 കോടി രൂപ മാത്രമേ ആകൂ. സംസ്ഥാന സര്‍ക്കാരിന് എന്‍പിവി വ്യവസ്ഥയില്‍ ഒരിക്കലും വിജിഎഫ് തുകയായ 817.80 കോടി രൂപ മുഴുവനായി തിരിച്ചടയ്ക്കാന്‍ കഴിയില്ലെന്നതും ഇതിന്റെ ദോഷമായി മന്ത്രിസഭാ യോഗത്തിനു മുന്നില്‍ ധനവകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. 

അതേസമയം, വിജിഎഫ് തുക ആവശ്യമാണെങ്കില്‍ ഉടന്‍ അറിയിക്കണമെന്നും അല്ലെങ്കില്‍ തുക വകമാറ്റി ചെലവഴിക്കേണ്ടിവരുമെന്നും കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് പെട്ടെന്നു തന്നെ വിജിഎഫ് സ്വീകരിക്കാന്‍ തീരുമാനിച്ചത്.

vizhinjam port