വര്‍ക്കലയിൽ കേരള ടൂറിസത്തിന്‍റെ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍; 'യാനം' ആദ്യ പതിപ്പ് ഒക്ടോബറില്‍

കേരള ടൂറിസം 'യാനം' എന്ന പേരില്‍ ഒരു പുതിയ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുന്നു. ഒക്ടോബറില്‍ വര്‍ക്കലയില്‍ നടക്കുന്ന ആദ്യ പതിപ്പില്‍ എഴുത്തുകാര്‍, കലാകാരന്മാര്‍, യാത്രികര്‍ തുടങ്ങി ലോകോത്തര പ്രതിഭകള്‍ പങ്കെടുക്കും.

author-image
Devina
New Update
riyasss

തിരുവനന്തപുരം: വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായുള്ള കേരള ടൂറിസത്തിന്‍റെ വിവിധ പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടൂറിസം മേഖല കേന്ദ്രീകരിച്ച് 'യാനം' എന്ന പേരില്‍ ട്രാവല്‍-ലിറ്റററി ഫെസ്റ്റിവെല്‍ സംഘടിപ്പിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

 യാനത്തിന്‍റെ ആദ്യ പതിപ്പ് ഒക്ടോബര്‍ 17, 18, 19 തീയതികളില്‍ വര്‍ക്കല ക്ലിഫിലെ രംഗ കലാകേന്ദ്രത്തില്‍ നടക്കും.

സഞ്ചാര മേഖലയിലെ എഴുത്തുകാരെയും പ്രൊഫഷണലുകളെയും കോര്‍ത്തിണക്കിയാണ് കേരളം പുതിയ ഉദ്യമത്തിന് തുടക്കമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

ലോകത്താകെയുള്ള സഞ്ചാരസാഹിത്യ മേഖലയിലേക്ക് കേരളത്തെ കൂടുതല്‍ അടയാളപ്പെടുത്തുവാനാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെലിലൂടെ ഉദ്ദേശിക്കുന്നത്.

 പരമ്പരാഗത സാഹിത്യോത്സവങ്ങളില്‍ നിന്നും വ്യത്യസ്തമായ പരിപാടിയാണ് 'യാനം'.

ഡെസ്റ്റിനേഷന്‍ വെഡ്ഡിങ് ആന്‍ഡ് മൈസ് ടൂറിസം കോണ്‍ക്ലേവ്, ഉത്തരവാദിത്ത ടൂറിസം കോണ്‍ക്ലേവ് തുടങ്ങി വ്യത്യസ്തമായ സമ്മേളനങ്ങള്‍ സംസ്ഥാന ടൂറിസം വകുപ്പ് ഇതിനോടകം സംഘടിപ്പിച്ചത് മന്ത്രി ചൂണ്ടിക്കാട്ടി.

ഈ മാതൃകയില്‍ ടൂറിസം പ്രചാരണത്തിനായി അടുത്തതായി സംഘടിപ്പിക്കുന്ന പരിപാടിയാണ് ലിറ്ററേച്ചര്‍ ഫെസ്റ്റിവെല്‍. ഇത്തരമൊരു ആശയം രാജ്യത്ത് തന്നെ ആദ്യമായാണ് നടപ്പിലാക്കുന്നതെന്നാണ് കരുതുന്നതെന്നും മന്ത്രി വ്യക്തമാക്കി.

യാത്രകളെ സ്നേഹിക്കുന്നവരുടെ സംഗമവേദി എന്ന നിലയിലാണ് യാനം സംഘടിപ്പിക്കുന്നത്. യാത്രകളെ വ്യത്യസ്ത രീതിയില്‍ അടയാളപ്പെടുത്തിയ ലോകോത്തര പ്രതിഭകളുടെ സംഗമം ആയിരിക്കും ഈ പരിപാടി. എഴുത്തുകാര്‍, കലാകാരന്‍മാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, സാഹസിക യാത്രികര്‍, യാത്ര ഡോക്യൂമെന്‍ററി സംവിധായകര്‍ തുടങ്ങി വ്യത്യസ്ത മേഖലകളില്‍ ഉള്ളവര്‍ യാനത്തിന്‍റെ ഭാഗമാകും.