/kalakaumudi/media/media_files/2025/10/01/kb-2025-10-01-17-17-59.jpg)
കൊല്ലം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ മിന്നല്‍ പരിശോധന. കെഎസ്ആര്‍ടിസി ബസിന്റെ മുന്നില്‍ പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.
യാത്രക്കാര്‍ വെള്ളം കുടിച്ച് ഉപേക്ഷിച്ച കുപ്പികള്‍ നീക്കത്തതിന് ബസിലെ ജീവനക്കാരെ മന്ത്രി ശാസിക്കുകയും ചെയ്തു. കൊല്ലം ആയുരില്‍ വെച്ചാണ് മന്ത്രി ബസ് തടഞ്ഞുനിര്‍ത്തി പരിശോധിച്ചത്.
കോട്ടയത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന പൊന്‍കുന്നം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചര്‍ ബസിലാണ് പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് മന്ത്രിയുടെ ശ്രദ്ധയില്‍പെട്ടത്. ഉടന്‍ തന്നെ മന്ത്രിയുടെ വാഹനം ബസിന് പിന്നാലെ എത്തി തടഞ്ഞുനിര്‍ത്തുകയും ഡ്രൈവറേയും കണ്ടക്ടറേയും വിളിച്ച് പുറത്തിറക്കിയ ശേഷം പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിട്ടിരിക്കുന്നത് കാണിച്ച് കൊടുക്കുകയും, ഇത് നീക്കം ചെയ്യാത്തതില്‍ ജീവനക്കാരെ ശാസിക്കുകയുമായിരുന്നു.
വാഹനത്തില്‍ മാലിന്യങ്ങള്‍ ഇടരുതെന്നും വൃത്തിയായി സൂക്ഷിക്കണമെന്നും കെഎസ്ആര്‍ടിസി സിഎംഡിയുടെ നിര്‍ദേശം എല്ലാ ജീവനക്കാര്‍ക്കും നല്‍കിയിട്ടുള്ളതാണ്. ഇത് പാലിക്കാത്ത ഈ ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം യാത്ര ചെയ്ത ആള്‍ വെള്ളം കുടിച്ചിട്ട് ഇട്ട കുപ്പി ഇന്നും ബസിനുള്ളില്‍ കിടക്കുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ തെറ്റാണെന്നും ഇനി ഇത് ആവര്‍ത്തികരുതെന്നും മന്ത്രി താക്കീത് നല്‍കി.
രാവിലെ എത്തി വാഹനം സ്റ്റാര്‍ട്ട് ചെയ്ത് എടുത്ത് പോരുകയല്ലാതെ വാഹനം വൃത്തിയാക്കാന്‍ പോലും നിങ്ങള്‍ ശ്രമിച്ചിട്ടില്ലെന്നും വെറുതെയല്ല കെഎസ്ആര്‍ടിസി ബസ്സുകള്‍ നശിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി. ഇത് പൊതുഗതാഗത സംവിധാനമാണെന്നും ബസ്സുകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ജീവനക്കാര്‍ക്കും ഉത്തരവാദിത്തമുണ്ടെന്നുമാണ് മന്ത്രി പറയുന്നത്. കെഎസ്ആര്‍ടിസി ബസ്സുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്ന് മന്ത്രി ജീവനക്കാര്‍ക്ക് നിരന്തരം നിര്‍ദേശം നല്‍കാറുമുണ്ട്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
