പൊലീസ് ക്ലിയറന്‍സ് ഇല്ലെങ്കില്‍ ബസിന്റെ പെര്‍മിറ്റ് തെറിക്കും

കണ്ടക്ടര്‍ എന്നിവര്‍ക്ക് ലൈസന്‍സും, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നീ മൂന്ന് ജീവനക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

author-image
Biju
New Update
ganeshkumar

തിരുവനന്തപുരം: സ്വകാര്യ ബസുകളിലെ ജീവനക്കാര്‍ക്ക് പൊലീസ് ക്ലീയറന്‍സ് നിര്‍ബന്ധമാക്കിയുള്ള ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവ് കൂടുതല്‍ കര്‍ശനമായി നടപ്പാക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍ അറിയിച്ചു. സ്വകാര്യ ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍ എന്നിവര്‍ക്ക് ലൈസന്‍സും, ഡ്രൈവര്‍, കണ്ടക്ടര്‍, ക്ലീനര്‍ എന്നീ മൂന്ന് ജീവനക്കാര്‍ക്കും പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റും നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്നാണ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ നിര്‍ദേശം പാലിക്കാത്ത സ്വകാര്യ ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കാനാണ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെയും സര്‍ക്കാരിന്റെയും തീരുമാനമെന്നും മന്ത്രി അറിയിച്ചു. സ്വകാര്യ ബസ് വ്യവസായം മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതിന് ജീവനക്കാരുടെ നല്ല പെരുമാറ്റവും അച്ചടക്കവും സുരക്ഷിതത്വവും ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. ഇക്കാര്യങ്ങളില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും നടപടികളും പരിശോധനയും കര്‍ശനമായിരിക്കുമെന്നുമാണ് മന്ത്രി നല്‍കുന്ന മുന്നറിയിപ്പ്.

ഗുരുതരമായ കേസുകള്‍ ഒന്നുമില്ലെന്ന് സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റ് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വാങ്ങിയാല്‍ മതി. കൊലക്കുറ്റം, സ്ത്രീകള്‍ക്കെതിരായ അതിക്രമം, മയക്കുമരുന്ന് ഉപയോഗം, മദ്യ വില്‍പ്പന തുടങ്ങിയ ക്രിമിനല്‍ കേസ് ഉള്ളവരെ മാത്രമാണ് ജോലിയില്‍ നിന്ന് വിലക്കുന്നത്. അല്ലാതെ കുടുംബ വഴക്ക്, മദ്യപിച്ച് വാഹനമോടിച്ചതിന് പിഴയൊടുക്കേണ്ടി വന്ന സംഭവം തുടങ്ങിയ സിവില്‍ കേസുകള്‍ ഉള്ളവരുടെയൊന്നും തൊഴില്‍ നിഷേധിക്കില്ലെന്നും മന്ത്രി ഉറപ്പുനല്‍കുന്നു.

തൊഴിലാളികളെയാണ് ബസ് ഉടമകള്‍ക്ക് ആവശ്യം. അല്ലാതെ ഗുണ്ടകളെയല്ല. നിങ്ങളുടെ ബസ് മാന്യമായി കൊണ്ടുനടക്കാനും ഉപയോഗിക്കാനും കഴിയുന്ന ജീവനക്കാരെയാണ് ആവശ്യം. അല്ലാതെ രണ്ട് ബസുകള്‍ തമ്മില്‍ മത്സരയോട്ടം ഉണ്ടാകുമ്പോഴും വിദ്യാര്‍ഥികളോടുള്ള പ്രശ്നത്തിന്റെ പേരിലും യുദ്ധം ചെയ്യാനിറങ്ങുന്ന ഗുണ്ടകളെയല്ല നിങ്ങള്‍ക്ക് ആവശ്യമെന്നും അവരെയല്ല തൊഴില്‍ നല്‍കി സഹായിക്കേണ്ടതെന്നും മന്ത്രി ബസ് ഉടമകളോടും പറയുന്നു.

ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, ഡോര്‍ അറ്റന്‍ഡര്‍മാര്‍ തുടങ്ങിയ ജീവനക്കാര്‍ക്ക് 12 തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ലെന്ന് തെളിയിക്കുന്ന പോലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ആണ് നിര്‍ബന്ധമാക്കിയിരുന്നത്. ബസിലെ ജീവനക്കാരന്‍ മാറുകയാണെങ്കില്‍ ആര്‍ടിഒയെ അറിയിക്കണം. മോട്ടോര്‍വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ഇത് ഇടയ്ക്കിടെ പരിശോധന നടത്തും. വകുപ്പിന് കൈമാറിയ ജീവനക്കാരുടെ പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ ജോലിചെയ്യുന്നുണ്ടെങ്കില്‍ നോട്ടീസ് നല്‍കുകയും ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശപ്രകാരം നടപടിയെടുക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചിരുന്നു.