/kalakaumudi/media/media_files/2025/07/13/chenni-2025-07-13-12-47-08.jpg)
തിരുവനന്തപുരം: പിഎം കുസും പദ്ധതിയില്‍ അനര്‍ടില്‍ നടന്നത് ആസൂത്രിത അഴിമതിയെന്ന് ആരോപിച്ചു മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി നടത്താന്‍ ലക്ഷ്യമിട്ട് സ്വപ്ന സുരേഷിന്റേതിന് സമാനമായ നിയമനങ്ങള്‍ അനര്‍ട്ടിനും ആഗോള കമ്പനിയായ ഏര്‍ണസ്റ്റ് ആന്റ് യങ് (ഇ.വൈ) ഇടയില്‍ നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. അനര്‍ട് സിഇഒ നരേന്ദ്ര നാഥ് വെല്ലൂരിയുടെ അസിസ്റ്റന്റായ പി വിനയ് ഏര്‍ണസ്റ്റ് ആന്റ് യങ് കമ്പനിയില്‍ ഉയര്‍ന്ന പദവിയില്‍ ജോലിക്ക് ചേര്‍ന്നതും പിന്നീട് അനര്‍ടുമായി ബന്ധപ്പെട്ട പ്രവര്‍ത്തികളുടെ ചുമതലയിലെത്തിയതും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ആരോപണം ഉന്നയിച്ചത്.
സ്പേസ് പാര്‍ക്കില്‍ സ്വപ്ന സുരേഷ് കള്‍സള്‍ട്ടന്റായി വന്നതിന് സമാനമാണ് ഈ നിയമനമെന്ന് രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. അനര്‍ട് സിഇഒ നരേന്ദ്ര നാഥ് വെല്ലൂരിയുടെ വിശ്വസ്തനാണ് ഇപ്പോള്‍ അനര്‍ടിന്റെ ചുമതല വഹിക്കുന്ന ഇവൈയുടെ എക്സിക്യൂട്ടീവ് അസിസ്റ്റന്റ് വിനയ് എന്ന് അദ്ദേഹം പറയുന്നു. 2025 ഏപ്രില്‍ നാലിനാണ് പി വിനയ് അനര്‍ടിലെ ജോലിയില്‍ നിന്ന് വിടുതല്‍ വാങ്ങിയത്. തൊട്ടടുത്ത ദിവസം വിനയ് ഇ.വൈയില്‍ ജോലിക്ക് ചേര്‍ന്നു.
അന്ന് ഇവൈ കമ്പനി ഡയറക്ടര്‍ അനര്‍ട്ട് സിഇഒയ്ക്ക് അയച്ച ഇമെയിലില്‍ അനര്‍ട്ടുമായി ബന്ധപ്പെട്ട ചുമതലകള്‍ നിര്‍വഹിക്കാന്‍ വിനയ് പിയെ ചുമതലപ്പെടുത്തിയതായി അറിയിച്ച് ഇമെയില്‍ സന്ദേശം അയച്ചുവെന്നും തെളിവ് സഹിതം രമേശ് ചെന്നിത്തല പറയുന്നു. ടെണ്ടറിങ് പ്രൊസസില്‍ സഹായിക്കാനെന്ന പേരിലുള്ള വിനയുടെ നിയമനം കോര്‍പറേറ്റ് എത്തിക്സ് പ്രകാരമുള്ള കൂളിങ് പിരീഡ് പാലിക്കാതെയാണെന്നും രമേശ് ചെന്നിത്തല ആരോപിക്കുന്നു.
അനര്‍ട്ടുമായി ബന്ധപ്പെട്ട് സ്മാര്‍ട് സിറ്റി സോളാര്‍ ഇന്‍സ്റ്റലേഷനിലും വന്‍ ക്രമക്കേട് നടന്നതായി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. സംസ്ഥാന തലസ്ഥാനത്ത് നടപ്പാക്കിയ 514 സോളാര്‍ ഇന്‍സ്റ്റലേഷന്‍ പദ്ധതികളില്‍ ഒരേ പദ്ധതിക്ക് അമ്പത് ശതമാനം വരെ തുക വ്യത്യാസം വന്നുവെന്ന് അദ്ദേഹം പറഞ്ഞു. അനര്‍ട് അഴിമതി സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
കര്‍ഷകര്‍ക്ക് ജലസേചന പമ്പുകള്‍ പ്രവര്‍ത്തിപ്പിക്കാനായി രണ്ടുമുതല്‍ 10 കിലോവാട്ട് വരെ ശേഷിയുള്ള സൗരോര്‍ജ പ്ലാന്റുകള്‍ സൗജന്യമായി വച്ചുനല്‍കുന്നതാണ് പി.എം.കുസും പദ്ധതി. 240 കോടി രൂപയുടെ പദ്ധതിയില്‍ വൈദ്യുതിമന്ത്രിയുടെ പിന്തുണയില്‍ നൂറുകോടിയുടെ അഴിമതി നടത്തിയെന്നാണ് ചെന്നിത്തല വെള്ളിയാഴ്ച ആരോപിച്ചത്. സംസ്ഥാനസര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ നബാര്‍ഡില്‍ നിന്ന് 175 കോടി രൂപ വായ്പയെടുത്താണ് പദ്ധതി നടപ്പാക്കിയത്.
സോളര്‍ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിന് അനര്‍ട്ട് സിഇഒ നേരിട്ട് ടെന്‍ഡര്‍ വിളിച്ചതും കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാനനിരക്കിന്റെ ഇരട്ടിയിലേറെ തുകയ്ക്ക് കേരളത്തില്‍ ടെന്‍ഡര്‍ നല്‍കിയതും ഗ്രേഡിങ് ഇല്ലാത്ത കമ്പനികള്‍ക്ക് വരെ ഇതേ നിരക്ക് അനുവദിച്ചതുമെല്ലാം ഗുരുതര ക്രമക്കേടാണെന്ന് ചെന്നിത്തല ആരോപിക്കുന്നു. 5 കോടി രൂപ വരെ മാത്രം ടെന്‍ഡര്‍ വിളിക്കാന്‍ അനുമതിയുള്ള അനര്‍ട്ട് സിഇഒ 240 കോടി രൂപയുടെ ടെന്‍ഡര്‍ വിളിച്ചു. ഇത് വൈദ്യുതി മന്ത്രിയുടെ പിന്തുണയും നിര്‍ദേശവും സര്‍ക്കാരിന്റെ പ്രത്യേകാനുമതിയും ഇല്ലാതെ നടക്കില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു.