കേരള സര്‍വകലാശാല യൂണിയന്‍ വി.സി അസാധുവാക്കി; പ്രതികാര നടപടിയെന്ന് എസ്എഫ്‌ഐ

അതിനിടെ, കേരള സര്‍വകലാശാല ആസ്ഥാനത്ത് വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം വന്‍ സംഘര്‍ഷത്തിനിടയാക്കി. പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്.

author-image
Biju
New Update
kerala

തിരുവനന്തപുരം: കേരള സര്‍വകലാശാല യൂണിയന്‍ വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍ അസാധുവാക്കി. തിരഞ്ഞെടുപ്പിനായി ജനറല്‍ കൗണ്‍സില്‍ രൂപീകരിച്ചു. യൂണിയന്റെ കാലാവധി തീര്‍ന്നതിനാലാണ് നടപടിയെന്ന് സര്‍വകലാശാല അധികൃതര്‍ വിശദീകരിച്ചു. പ്രതികാര നടപടിയാണെന്ന് എസ്എഫ്‌ഐ പറഞ്ഞു. 

അതിനിടെ, കേരള സര്‍വകലാശാല ആസ്ഥാനത്ത് വെസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മലിനെതിരെ എസ്എഫ്ഐ നടത്തിയ പ്രതിഷേധം വന്‍ സംഘര്‍ഷത്തിനിടയാക്കി. പൊലീസും എസ്എഫ്ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. പ്രതിഷേധം ശക്തമായതോടെ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തു. 

പൊലീസ് വാഹനം തടഞ്ഞു പ്രതിഷേധിച്ച പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷമാണ് പൊലീസ് വാഹനം കടന്നുപോയത്. സര്‍വകലാശാല കലോത്സവം നടത്താന്‍ അനുവദിക്കുന്നില്ല, കായിക വിദ്യാര്‍ഥികള്‍ക്ക് ടിഎ നല്‍കുന്നില്ല തുടങ്ങിയ ആരോപണങ്ങള്‍ ഉന്നയിച്ചാണ് വിസിക്കെതിരെ എസ്എഫ്ഐ പ്രതിഷേധിച്ചത്. രാവിലെ കവാടത്തിനു മുന്നില്‍ ബാരിക്കേഡ് വച്ച് തടയാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ആസ്ഥാനം കയ്യടക്കുകയായിരുന്നു. 

തുടര്‍ന്ന്, പൊലീസ് ജലപീരങ്കി പ്രയോഗിച്ചെങ്കിലും പ്രതിഷേധക്കാര്‍ റജിസ്ട്രാറുടെ ഓഫിസിനു മുന്നിലും വിസിയുടെ ചേമ്പറിനു മുന്നിലും എത്തി. ഉച്ചയോടെയാണ് ചെയര്‍മാന്‍ അശ്വിനെ പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. പൊലീസുകാരെ പ്രതിഷേധക്കാര്‍ മര്‍ദിച്ചുവെന്നും ആരോപണമുണ്ട്.