/kalakaumudi/media/media_files/2025/07/18/mohan-2025-07-18-16-01-50.jpg)
തിരുവനന്തപുരം: കേരളാ സര്‍വകലാശാലയില്‍ ഉണ്ടായ സംഘര്‍ഷം കാരണമാണ് താന്‍ ഓഫീസില്‍ എത്താതിരുന്നതെന്ന് വൈസ് ചാന്‍സലര്‍ മോഹനന്‍ കുന്നുമ്മല്‍. വിദ്യാര്‍ത്ഥികള്‍ എന്ന വ്യാജേന ചിലര്‍ സര്‍വകലാശാലയില്‍ അക്രമം നടത്തിയെന്നും മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു. മൂന്നാം തീയതി മുതല്‍ എട്ടാം തീയതി വരെ റഷ്യയില്‍ പോയിരുന്നുവെന്നും 20 ദിവസം വൈസ് ചാന്‍സിലര്‍ ഇല്ലായിരുന്നു എന്നത് ശരിയല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ഇനി ഒരു ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പോലും ഒപ്പിടാന്‍ ഇല്ല. ഇനി ഒരു ഫയല്‍ പോലും ബാക്കിയില്ല. കഴിഞ്ഞ 30-ാം തീയതിയാണ് അവസാനമായി സര്‍വകലാശാലയില്‍ വന്നത്. അന്ന് എല്ലാ ഫയലുകളും തീര്‍പ്പാക്കിയിട്ടാണ് പോയത്. 1838 ഡിഗ്രി സര്‍ട്ടിഫിക്കറ്റുകള്‍ ഇതുവരെ ഒപ്പിട്ടു. കേരള സര്‍വകലാശാലാ വിഷയത്തില്‍ മാധ്യമങ്ങള്‍ കാണിച്ച താല്‍പര്യത്തിനു നന്ദി', വി സി പറഞ്ഞു.
സര്‍വകലാശാലയ്ക്ക് മുന്നിലുള്ള ചെഗുവേരയുടെ ചിത്രത്തെയും മോഹനന്‍ കുന്നുമ്മല്‍ വിമര്‍ശിച്ചു. യൂണിവേഴ്‌സിറ്റി കോളേജില്‍ വച്ചിരിക്കുന്നത് ഈ നാട്ടിലെ ഏറ്റവും വലിയ നേതാവായ ചെഗുവേരയുടെ പടം ആണ്. ചെഗുവേര മികച്ച നേതാവാണ്. പക്ഷേ അഡ്മിഷന്‍ നടക്കുന്ന ഇടത്ത് വെക്കേണ്ട ചിത്രമല്ലെന്നും അദ്ദേഹം പറഞ്ഞു. കേരള സര്‍വകലാശാലയില്‍ സമരം നടത്തിയവരെ വി സി ഗുണ്ടകളോട് ഉപമിക്കുകയും ചെയ്തു. സമരത്തെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഗുണ്ടകള്‍ക്ക് പാര്‍ട്ടി ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
'ആരോഗ്യ സര്‍വകലാശാലയില്‍ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നും നടക്കുന്നില്ല. അവിടെ മുഴുവന്‍ പ്രൊഫഷണല്‍ വിദ്യാര്‍ത്ഥികള്‍ ആണ്. അവിടെ സമരവും അക്രമവും നടക്കുന്നില്ല. നമ്മുടെ നാട്ടിലെ കുട്ടികള്‍ ഇതൊക്കെ കണ്ട് പേടിച്ച് ഓടുകയാണ്. കുട്ടികള്‍ വരാതിരുന്നാല്‍ എങ്ങനെ കുറ്റം പറയും. ചിലര്‍ക്ക് നേതാവാകാന്‍ ഉള്ള ശ്രമമാണ് ഇത്. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ ആവാനാണ് ഇവരുടെ ശ്രമം. സര്‍വകലാശാല ചാന്‍സലറെ അവമതിക്കുകയാണ് ഇവിടെ ചെയ്തത്', മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
വി സിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് ഇന്ന് വന്നതെന്നും തടയാതിരുന്നതിന് നന്ദിയെന്നും വി സി പറഞ്ഞു. അവരുടെ പ്രധാന പരിപാടി സമരം നടത്തുകയും എല്ലാം തകര്‍ക്കുകയും ആണെന്നും ഇതിനിടയില്‍ ചില വിദ്യാര്‍ത്ഥികളുടെ ഭാവിയാണ് നഷ്ടപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കലാപം ഉണ്ടാക്കാതിരിക്കാന്‍ ആണ് വരാതിരുന്നത്. വിദ്യാര്‍ത്ഥിയായി തുടരുന്നത് ഒരു പ്രൊഫഷനായി ചിലര്‍ കൊണ്ടുനടക്കുന്നുവെന്നും വി സി വിമര്‍ശിച്ചു.
രജിസ്ട്രാറെ പിന്തുണയ്ക്കാന്‍ അക്രമികളെ ഇറക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമം ലംഘിക്കുന്നു. ചിലര്‍ അതിനെ പിന്തുണയ്ക്കുന്നു. അന്വേഷണത്തിന് സിന്‍ഡിക്കേറ്റിനെ ചുമതലപ്പെടുത്തി നിയമത്തെ അനുസരിക്കില്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമം എല്ലാവര്‍ക്കും വേണ്ടി ഉള്ളതാണ്. രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ ഒരു ശിക്ഷ അല്ല, സ്വാഭാവിക നടപടി ആണെന്നും മോഹനന്‍ കുന്നുമ്മല്‍ കൂട്ടിച്ചേര്‍ത്തു.
'സസ്‌പെന്‍ഡ് ചെയ്ത ആള്‍ ഫയല്‍ നോക്കുന്നത് ക്രിമിനല്‍ കുറ്റമാണ്. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭരണപ്രശ്നം ഉണ്ടാക്കിയത് രജിസ്ട്രാറും സിന്‍ഡിക്കേറ്റുമാണ്. സര്‍വകലാശാല സ്റ്റ്റ്റാറ്യൂട്ടില്‍ കൃത്യമായി പറയുന്നുണ്ട്. സിന്‍ഡിക്കേറ്റ് രണ്ട് മാസത്തിലൊരിക്കല്‍ ചേര്‍ന്നാല്‍ മതി. അതിനിടയില്‍ വേണ്ട തീരുമാനങ്ങള്‍ എടുക്കാം. അതിന്റെ ഉത്തരവാദിത്വം വൈസ് ചാന്‍സിലര്‍ക്കായിരിക്കും. വൈസ് ചാന്‍സലര്‍ അടുത്ത സിന്‍ഡിക്കേറ്റ് യോഗത്തില്‍ അത് റിപ്പോര്‍ട്ട് ചെയ്യണം. അന്വേഷണവിധേയമായി ആണ് അദ്ദേഹത്തെ സസ്‌പെന്‍ഡ് ചെയ്തത്. തെളിവ് നശിപ്പിക്കും എന്നതിനാലാണ് അദ്ദേഹത്തെ മാറ്റി നിര്‍ത്തിയത്. സസ്‌പെന്‍ഡ് ചെയ്ത രജിസ്ട്രാര്‍ ഒപ്പിട്ട ഒരു ഫയലും നോക്കിയിട്ടില്ല. ഈ വിഷയങ്ങള്‍ എല്ലാം ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്', മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.
പിന്നാലെ ചോദ്യങ്ങളോട് പ്രകോപിതനായി വാര്‍ത്താസമ്മേളനത്തില്‍ നിന്നും വി സി ഇറങ്ങിപ്പോകുകയായിരുന്നു. സെനറ്റ് ഹാളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വെച്ചതില്‍ പ്രശ്‌നമില്ലേ എന്ന ചോദ്യത്തോടെയാണ് പ്രകോപിതനായി വി സി ഇറങ്ങിപോയത്. സര്‍വകാലാശാലയിലെ അധികാരി വൈസ് ചാന്‍സലറാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചു. എന്നാല്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് വ്യക്തതയില്ലാത്ത മറുപടിയാണ് വിസി നല്‍കിയത്. ഇതിനിടയിലാണ് ചോദ്യങ്ങളോട് പ്രകോപിതനായി അദ്ദേഹം ഇറങ്ങിപ്പോയത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
