/kalakaumudi/media/media_files/2025/09/12/manohar-2025-09-12-19-27-01.jpg)
കൊച്ചി: കേരള അര്‍ബന്‍ കോണ്‍ക്ലേവ് രാജ്യത്തെ മറ്റ് നഗരസഭകള്‍ക്ക് ഒരു വഴിക്കാട്ടിയും, നഗരനയ വികസനത്തിന് ഒരു നാഴികക്കല്ലുമാണെന്ന് കേന്ദ്ര നഗരകാര്യ വകുപ്പ് മന്ത്രി മനോഹര്‍ലാല്‍ ഖട്ടര്‍ പറഞ്ഞു. കേരള അര്‍ബന്‍ കോണ്‍ക്ലേവ് 2025 ന്റെ ഉദ്ഘാടന ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരത്തില്‍ വിപുലമായ ഒരു ഉദ്യമത്തിന് മുന്‍കൈയെടുത്ത കേരള മുഖ്യമന്ത്രിയെ പ്രത്യേകം അഭിനന്ദിക്കുന്നു. ദേശീയ അന്തര്‍ദേശീയ തലത്തിലുള്ള വിദഗ്ധരുടെയും പ്രതിനിധികളുടെയും പങ്കാളിത്തം കോണ്‍ക്ലേവില്‍ ഉണ്ട്. ഇത് ഇവിടെ നടക്കുവാന്‍ പോകുന്ന ചര്‍ച്ചകളെ ആശയസമ്പന്നമാക്കുമെന്ന്, കേന്ദ്രമന്ത്രി പറഞ്ഞു.
നിലവില്‍ രാജ്യത്ത് 35 ശതമാനമാണ് നഗരപ്രദേശങ്ങള്‍ ഉള്ളത്. അത് 2045 പിന്നിടുമ്പോഴേക്കും 50 ശതമാനമായി ഉയരും എന്നാണ് പ്രതീക്ഷിക്കുന്നത്. നഗരവല്‍ക്കരണത്തിന്റെ കാര്യത്തില്‍ കേരളം അതിവേഗം മുന്നേറുന്ന സംസ്ഥാനമാണ്.
ഭാവിയില്‍ ലോകത്തെ ഏറ്റവും വലിയ ലീനിയര്‍ നഗരമായി കേരളം മാറുമെന്നാണ് കാണുന്നത്. വരും നാളുകളില്‍ കേരളത്തിലെ നഗരവല്‍ക്കരണ നിരക്ക് 95 ശതമാനം ആകുമെന്നാണ് കരുതുന്നത്. കോണ്‍ക്ലേവിലെ ആശയങ്ങളുടെ പങ്കുവെക്കല്‍ സമീപ ഭാവിയില്‍ തന്നെ കേരളത്തിന് ഫലപ്രദമായ ഒരു നഗരനയ രൂപീകരണത്തിന് സഹായകമാകുമെന്നും, കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു.
നഗരവല്‍ക്കരണത്തിന് ഗതാഗതസൗകര്യങ്ങളുമായി വലിയ ബന്ധമാണ് ഉള്ളത്. കേരളത്തെ സംബന്ധിച്ചിടത്തോളം ഈ രംഗത്ത് കൊച്ചി മെട്രോയും വാട്ടര്‍ മെട്രോയും മികച്ച പ്രവര്‍ത്തനമാണ് നടത്തിവരുന്നത്. രാജ്യത്ത് ഈ രംഗത്ത് മറ്റൊരു പദ്ധതി കൂടി അവതരിപ്പിക്കപ്പെടുകയാണ് അതിവേഗ റെയില്‍ ഗതാഗത സംവിധാനമായ റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റം. ഇത് സംബന്ധിച്ച വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്ന പക്ഷം കേരളത്തിലും പദ്ധതി അനുവദിക്കുന്നതാണ് എന്നും, അദ്ദേഹം പറഞ്ഞു.
വന്‍നഗരങ്ങളും ഉപനഗരങ്ങളുമായി അതിവേഗം നഗരവല്‍ക്കരണം നടന്നുകൊണ്ടിരിക്കുന്ന കേരളത്തില്‍ വ്യക്തവും സുസ്ഥിരവും എല്ലാ വിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്നതുമായ നഗരനയം ആവശ്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.
സാധാരണയായി നഗരവല്‍ക്കരണം വ്യവസായവല്‍ക്കരണത്തിന്റെ ഒരു ഉപ- ഉല്‍പ്പന്നമാണ്. വന്‍കിട വ്യവസായ നഗരങ്ങള്‍ക്ക് ചുറ്റും ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കാന്‍ തുടങ്ങുകയും നഗരങ്ങള്‍ക്ക് ഉപഗ്രഹനഗരങ്ങള്‍ ഉണ്ടാവുകയും, അവ പിന്നീട് നഗരങ്ങളായി മാറുകയും ചെയ്യുന്നു. എന്നാല്‍ കേരളത്തില്‍ നഗരവല്‍ക്കരണം സംഭവിക്കുന്നത് വ്യവസായവല്‍ക്കരണത്തോടനുബന്ധിച്ച് മാത്രമല്ല. സാമൂഹികവും സാമ്പത്തികവും പാരിസ്ഥിതികവുമായ ഒട്ടേറെ ഘടകങ്ങള്‍ അതിലുണ്ടെന്നും, മുഖ്യമന്ത്രി പറഞ്ഞു.