തിരുവനന്തപുരം: അടുത്ത 24 മണിക്കൂറില്‍ തുലാവര്‍ഷത്തിന് മുന്നോടിയായി പെയ്യുന്ന മഴ കേരളത്തില്‍ നിന്നും പൂര്‍ണമായി പിന്‍വാങ്ങുമെന്നും തുലാവര്‍ഷത്തിന് തുടക്കമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ കാലവര്‍ഷം നേരത്തെ എത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് സജീവമായി മഴയും ലഭിക്കുകയുണ്ടായി.
സെപ്റ്റംബര്‍ 30 ഓടെ കാലവര്‍ഷം അവസാനിച്ച് തുലാവര്‍ഷത്തിന് മുമ്പുള്ള മഴപെയ്യാന്‍ തുടങ്ങിയെന്നും ഏത് സമയവും തുലാവര്‍ഷ മഴയെ പ്രതീക്ഷിക്കാമെന്നും കാലാവസ്ഥാ വകുപ്പ് നേരത്തെ അറിയിപ്പ് നല്‍കിയിരുന്നു. തെക്കന്‍-മധ്യകേരളം എന്നിവിടങ്ങളില്‍ ഈ ദിവസങ്ങളില്‍ ലഭിച്ച മഴ തുലാവര്‍ഷത്തിന് മുന്നോടിയായുള്ള മഴയായിരുന്നു എന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അറബിക്കടലില്‍ ന്യൂനമര്‍ദവും ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാത ചുഴിയും രൂപപ്പെട്ടിട്ടുണ്ട് . അതിനാല്‍ മഴയുടെ അളവിന് ശക്തി കൂടാമെന്നും വകുപ്പ് വ്യക്തമാക്കി. ഇന്ന് 9 ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. തിരുവനന്തപുരം , കൊല്ലം , പത്തനംതിട്ട, ആലപ്പുഴ,കോട്ടയം , എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. അതേ സമയം തന്നെ നാളെയും ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. കോട്ടയം , ഇടുക്കി ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേര്‍ട്ടുമുണ്ട്. അങ്ങനെ, അതിശക്തമായ മഴ തുലാവര്‍ഷ മഴയായിത്തന്നെ സംസ്ഥാനത്ത് അടുത്ത ദിവസങ്ങളില്‍ പെയ്തുതുടങ്ങും
തുലാവര്‍ഷ മഴയയാത് കൊണ്ടുതന്നെ മഴയ്‌ക്കൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇടിമിന്നല്‍ ഏല്‍ക്കാതിരിക്കാനും ശക്തമായ കാറ്റില്‍ നിന്നും രക്ഷ നേടാനും അതീവ ജാഗ്രതയോടെ ഇരിക്കണം. കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ കേരളത്തില്‍ മാത്രമായിരുന്നു ശക്തമായ മഴ ഉണ്ടായിരുന്നതെങ്കില്‍ വരും ദിവസങ്ങളില്‍, ഈ മാസം പതിനെട്ട് വരെ സംസ്ഥാനത്താകെ ശക്തമായ മഴതന്നെ ഉണ്ടാകുമെന്നും കോന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി.