നവംബറോടെ കേരളം അതിദാരിദ്ര്യമുക്തമാകും: മുഖ്യമന്ത്രി

നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്.

author-image
Prana
New Update
pinarayi

സംസ്ഥാനം ഇക്കൊല്ലം അതിദാരിദ്ര്യമുക്തമാകുമെന്നും അതിനുള്ള പ്രവര്‍ത്തനങ്ങളും പദ്ധതികളും എല്ലാ ജില്ലകളിലും കാര്യക്ഷമമായി നടപ്പിലാക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ജില്ലാ കളക്ടര്‍മാരുടെയും വകുപ്പ് മേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. നവംബര്‍ മാസത്തോടെ കേരളം അതിദാരിദ്ര്യ കുടുംബങ്ങള്‍ ഇല്ലാത്ത സംസ്ഥാനമാകും. ഇതിനായി സമഗ്രവും, ശാസ്ത്രീയവും പ്രായോഗികവുമായ പരിപാടികള്‍ നടപ്പാക്കി വരികയാണ്. അത് ഊര്‍ജിതമാക്കണം. ഓരോ പഞ്ചായത്തിനും ബ്ലോക്കിനും മണ്ഡലങ്ങള്‍ക്കും അതിദരിദ്രരില്ലാത്ത കുടുംബങ്ങളെ പ്രഖ്യാപിക്കാവുന്നതാണ്.
വീട് നിര്‍മ്മിക്കുന്നതിന് സ്ഥലം കണ്ടെത്തുന്നതിന് മനസോടിത്തിരി മണ്ണ് പദ്ധതി വിവിധ ജില്ലകളില്‍ കാര്യക്ഷമമാക്കണം. സര്‍ക്കാരിന്റെ വിവിധ ക്യാമ്പയിനുകള്‍ മികച്ച രീതിയില്‍ നടക്കുന്നുണ്ട്. ഇവ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് ജില്ലകളില്‍ കൃത്യമായ സംവിധാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മാലിന്യ മുക്തം നവകേരളം ക്യാമ്പയിനില്‍ സംസ്ഥാനം നല്ല പുരോഗതി നേടിയിട്ടുണ്ട്. ഇത് പൂര്‍ണ്ണതയിലെത്തിക്കാന്‍ ജില്ലാ കളക്ടര്‍മാര്‍ നേതൃപരമായ പങ്ക് വഹിക്കണം. ജനുവരിയില്‍ തുടങ്ങിയ വലിച്ചെറിയല്‍ വിരുദ്ധ ക്യാമ്പയിനിന് ജനപങ്കാളിത്തം ഉറപ്പാക്കണം. സുതാര്യതയ്ക്ക് വലിയ പ്രാധാന്യം സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്നും അഴിമതി തടയാന്‍ ശക്തമായ നടപടി കൈക്കൊളളണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
മന്ത്രിമാരായ കെ. രാജന്‍, കെ.എന്‍.ബാലഗോപാല്‍, റോഷി അഗസ്റ്റിന്‍, കെ. കൃഷ്ണന്‍ കുട്ടി, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, ജി.ആര്‍.അനില്‍, ഒ.ആര്‍. കേളു, വീണ ജോര്‍ജ്, ഡോ. ആര്‍. ബിന്ദു, എം.ബി.രാജേഷ്, ജെ. ചിഞ്ചു റാണി, പി. പ്രസാദ്, ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ്, ജില്ലാ കളക്ടര്‍മാര്‍, വകുപ്പ് സെക്രട്ടറിമാര്‍, മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

kerala chief minister pinarayi vijayan poverty eradication