കേരളം ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബായി മാറും: മുഖ്യമന്ത്രി

പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

author-image
Vishnupriya
New Update
cm pinarayi vijayan latest news
Listen to this article
0.75x 1x 1.5x
00:00 / 00:00

തിരുവനന്തപുരം: കേരളത്തെ ആധുനിക ഹെല്‍ത്ത് കെയര്‍ ഹബ്ബാക്കി മാറ്റുകയെന്നതാണ് ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവേഷണത്തിന്റേയും വികസനത്തിന്റേയും പാതയില്‍ ഫലപ്രദമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാന്‍ ലോകാരോഗ്യ സംഘടനയ്ക്ക് കഴിയുമെന്നുറപ്പുണ്ട്. അതിലൂടെ ആരോഗ്യ രംഗത്തെ കേരള മോഡല്‍ ലോകത്തിന് കൂടുതല്‍ സംഭാവനകള്‍ നല്‍കാനാകും. നിപ, കോവിഡ്-19 തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ കേരളത്തിന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക സഹായം ലഭിച്ചു എന്നത് ശ്രദ്ധേയമാണ്. പ്രളയാനന്തര പകര്‍ച്ചവ്യാധികള്‍, ജീവിതശൈലീ രോഗങ്ങള്‍, ക്ഷയരോഗം എന്നിവയുടെ പ്രതിരോധത്തിലും ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശം ലഭിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ക്ഷയരോഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പൊതുസമൂഹത്തില്‍ ഇപ്പോള്‍ അധികം ഉണ്ടാകാറില്ല. കാരണം, പൊതുവേ നിര്‍മാര്‍ജനം ചെയ്യപ്പെട്ട ഒരു രോഗമായാണ് അതിനെ നാം കണക്കാക്കുന്നത്. എന്നാല്‍ ലോകത്താകെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ അതല്ല സ്ഥിതി എന്നു മനസിലാക്കാന്‍ സാധിക്കും. ഇന്നും ലോകത്ത് ഏറ്റവുമധികം ആളുകളുടെ മരണത്തിനു കാരണമാകുന്ന പകര്‍ച്ചവ്യാധിയാണ് ക്ഷയരോഗം. എന്നാല്‍ ക്ഷയരോഗ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്താന്‍ കേരളത്തിനു കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ പ്രവര്‍ത്തനം കൊണ്ടുതന്നെ സംസ്ഥാനത്തെ ക്ഷയരോഗ വ്യാപനം 40 ശതമാനം കുറയ്ക്കാന്‍ നമുക്കു കഴിഞ്ഞിട്ടുണ്ട്.

ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ ദേശീയ ക്ഷയരോഗ സര്‍വേയില്‍ രാജ്യത്ത് ക്ഷയരോഗ വ്യാപനം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ ഓരോ ഒരു ലക്ഷം പേരിലും 70 പേരെയാണ് ക്ഷയരോഗം ബാധിക്കുന്നത്. നമ്മുടെ രാജ്യത്താകെ ഒരു ലക്ഷത്തില്‍ 199 ഉം ലോകത്താകെ ഒരു ലക്ഷത്തില്‍ 133 ഉം ആളുകളെയാണ് ക്ഷയരോഗം ബാധിക്കുന്നത്. കേരളത്തില്‍ ഒരു ലക്ഷത്തില്‍ 7 ഉം ഇന്ത്യയില്‍ 34 ഉം ലോകത്ത് 18 ഉം ആളുകളാണ് ക്ഷയരോഗം മൂലം മരണപ്പെടുന്നത്. കുറഞ്ഞ ശിശുമരണ നിരക്കിലെന്ന പോലെ കുറഞ്ഞ ക്ഷയരോഗ മരണ നിരക്കിലും നമ്മള്‍ ലോകത്തിനു മാതൃകയാവുന്നു.

കേരളത്തിലെ 99 ശതമാനം ജനങ്ങളേയും ക്ഷയരോഗ നിര്‍മാര്‍ജനത്തെക്കുറിച്ച് ബോധവത്ക്കരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന കഴിഞ്ഞിട്ടുണ്ട്. 83 ശതമാനം ഗ്രാമപഞ്ചായത്തുകളിലും പഞ്ചായത്ത് തലത്തിലുള്ള ടിബി എലിമിനേഷന്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിച്ചിട്ടുണ്ട്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലമായി 2023 ല്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ 60 പഞ്ചായത്തുകളെ ക്ഷയരോഗ മുക്തമായി പ്രഖ്യാപിച്ചിരുന്നു. ഇനിയും ഇക്കാര്യത്തില്‍ വലിയ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. ശേഷിക്കുന്ന പഞ്ചായത്തുകളില്‍ ടാസ്‌ക് ഫോഴ്‌സ് രൂപവത്കരിക്കുന്നതിനും കൂടുതല്‍ പഞ്ചായത്തുകളെ ക്ഷയരോഗ വിമുക്തമാക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം.

ക്ഷയരോഗികള്‍ക്ക് ആവശ്യമായ പോഷകാഹാരം ലഭ്യമാക്കല്‍, മതിയായ ചികിത്സ ഉറപ്പാക്കുന്നതിനുള്ള കൂട്ടായ്മകള്‍ രൂപവത്കരിക്കല്‍, സ്വകാര്യ മേഖലയിലെ ക്ഷയരോഗ നിര്‍മ്മാര്‍ജ്ജന സംവിധാനം (സ്റ്റെപ്‌സ്) നടപ്പിലാക്കല്‍ എന്നിവയ്ക്കു പുറമെ, ക്ഷയരോഗ സാധ്യതാ നിര്‍ണ്ണയം അടക്കമുള്ള പദ്ധതികളും നടപ്പാക്കി വരുന്നുണ്ട്. 2024ല്‍ ജനീവയിലെ സ്റ്റോപ്പ് ടിബി പാര്‍ട്ണര്‍ഷിപ്പിന്റെ നേതൃത്വത്തില്‍ 12 രാജ്യങ്ങളിലെ മെഡിക്കല്‍ അസോസിയേഷനുകളുടെ നേതാക്കള്‍ കേരളത്തിലെ സ്റ്റെപ്‌സ് പ്രോഗ്രാം അവലോകനം ചെയ്തിരുന്നു. കാര്യക്ഷമമായ ക്ഷയരോഗ പരിചരണം ഉറപ്പാക്കുന്നതിനുള്ള കേരളത്തിന്റെ നടപടികള്‍ ഫലപ്രദമാണെന്നും അതേ മാതൃകയില്‍ മറ്റു രാജ്യങ്ങളില്‍ അവ നടപ്പാക്കണമെന്നും അവര്‍ തീരുമാനിച്ചു. അഭിമാനകരമായ നേട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.

health care hub cm pinarayi vijayan