വിദ്യാഭ്യാസാവകാശ നിയമഭേദഗതി; കേരളം കുട്ടികളുടെ പക്ഷത്തെന്ന് വിദ്യാഭ്യാസ മന്ത്രി

പാഠ്യ പദ്ധതി നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്.

author-image
Punnya
New Update
MINISTER


തിരുവനന്തപുരം:  കുട്ടികളെ പരീക്ഷയില്‍ തോല്‍പ്പിക്കുക എന്നത് കേരള സര്‍ക്കാരിന്റെ നയമല്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. 2009ലെ വിദ്യാഭ്യാസ അവകാശ നിയമം ഭേദഗതി വരുത്തി കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനം കുട്ടികളുടെ പക്ഷത്തുനിന്നു മാത്രമേ കേരളം പരിഗണിക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു. 2020ലെ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്നതുപോലെ അഞ്ചിലെയും എട്ടിലെയും പൊതു പരീക്ഷകളെ തുടര്‍ന്ന് കുട്ടികളെ പരാജയപ്പെടുത്തുക എന്നത് സര്‍ക്കാര്‍ നയമല്ല. മറിച്ച്  പാഠ്യ പദ്ധതി നിഷ്‌കര്‍ഷിക്കുന്ന തരത്തില്‍ ഓരോ ക്ലാസിലും ഓരോ കുട്ടിയും നേടേണ്ട ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയാണ് ചെയ്യുന്നത്. സര്‍ക്കാര്‍ ഇതിനകം തന്നെ സമഗ്ര ഗുണമേന്മാ പദ്ധതിയുടെ ഭാഗമായി ഈ കാര്യങ്ങള്‍ ആസൂത്രണം ചെയ്യുകയും ഇക്കഴിഞ്ഞ അര്‍ധവാര്‍ഷിക പരീക്ഷ മുതല്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. 8, 9, 10 ക്ലാസുകളിലും നിശ്ചിത ശേഷികള്‍ നേടാത്തവര്‍ക്കായി പ്രത്യേക പഠന പിന്തുണ പരിപാടി സ്‌കൂള്‍ തലത്തില്‍ സംഘടിപ്പിക്കുകയും ഈ ശേഷികള്‍ നേടുന്നുണ്ട് എന്ന് ഉറപ്പുവരുത്തുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു. 
പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്തുന്ന കാര്യത്തില്‍ സര്‍ക്കാര്‍ യാതൊരു വിധ വിട്ടുവീഴ്ചകള്‍ക്കും ഒരുക്കമല്ല. കുട്ടികള തോല്‍പ്പിക്കുക എന്നത് സര്‍ക്കാര്‍ നയമല്ല. എല്ലാവിഭാഗം കുട്ടികളെയും ചേര്‍ത്ത് നിര്‍ത്തുന്ന നയമാണ് കേരള സര്‍ക്കാരിന്റേത്. ഒരു വിഭാഗം വിദ്യാര്‍ഥികളെ അരിച്ചു കളയുന്ന രീതിക്കെതിരെ എന്നും കേരളം മുന്നില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

 

students Minister Shivankutty exam