/kalakaumudi/media/media_files/2025/09/03/balagopal-2025-09-03-14-53-02.jpg)
ദില്ലി: കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ജി എസ് ടി പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു പഠനവും നടത്താതെയാണ് ജി.എസ്.ടി പരിഷ്കരണം. നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും നഷ്ടപരിഹാര ഫണ്ടിലെ തുക അപര്യാപ്തമാണെന്നും മന്ത്രി. സംസ്ഥാനത്തിന് 8000 കോടി നഷ്ടമുണ്ടാകും. നഷ്ടം നികത്തണമെന്ന് എന്നാവശ്യപ്പെടുമെന്നും ഇതിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നും കെ.എൻ. ബാലഗോപാൽ അറിയിച്ചു.ഒക്ടോബർ ഇരുപതിന് ദീപാവലി ദിനത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസത്തിന്റേത് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആണ്. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതി ഘടന അടിമുടി പൊളിച്ച് 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്കരണം ആണ് ഉണ്ടാകാൻ പോകുന്നത്. ഇതിനായുളള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരുന്നുണ്ട്.കേരളം കൂടാതെ, കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളും കർണാടകയും തമിഴ്നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരിഷ്കരണത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ നികുതി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം വീണ്ടും കുറയും എന്നാണ് ആശങ്ക. ഇന്ന് പാർട്ടി പത്രത്തിൽ എഴുതിയ ലേഖനത്തിലും ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. നോട്ട് നിരോധനത്തിന് തുല്യമായ നിലയിൽ, ഒരു അവധാനതയുമില്ലാതെ കേന്ദ്ര സർക്കാർ നടപ്പാക്കാൻ നിശ്ചയിച്ചിട്ടുള്ളതാണ് ജിഎസ്‌ടി നിരക്ക് പരിഷ്‌കരണ തീരുമാനം. ഇത് സംസ്ഥാനത്തിന്റെ സമ്പദ്‌ഘടനയ്‌ക്കും സർക്കാരിന്റെ വരുമാനത്തിനും ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ലെന്ന് മന്ത്രി കുറിച്ചു. ഏതായാലും ദീപാവലി ദിന പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് രാജ്യം.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
