സ്ത്രീ സുരക്ഷാ പദ്ധതിക്ക് തുടക്കം; ഒന്നാം ഘട്ടത്തില്‍ 10,18,390 പേര്‍, ട്രാന്‍സ് വുമണുകള്‍ക്കും ആനുകൂല്യം

നവോത്ഥാന പ്രസ്ഥാനങ്ങളും 1957-ലെ ഇ.എം.എസ് സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളുമാണ് കേരള മോഡല്‍ വികസനത്തിന് അടിത്തറയിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഡിഗ്രി കോഴ്‌സുകള്‍ സൗജന്യമാക്കുമെന്ന ബജറ്റ് പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി

author-image
Biju
New Update
sthree

തിരുവനന്തപുരം: കേരളം ലിംഗസമത്വത്തിലേക്ക് നടത്തുന്ന യാത്രയിലെ സുപ്രധാനമായ ഒരു നാഴികക്കല്ലാണ് 'സ്ത്രീ സുരക്ഷാ പദ്ധതി' എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്ത്രീകള്‍ക്ക് ഭയരഹിതമായി ജീവിക്കാനും തങ്ങളുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമുള്ള സാഹചര്യം ഒരുക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സ്ത്രീസുരക്ഷ പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളോടൊപ്പം തന്നെ ട്രാന്‍സ് വുമണുകള്‍ക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഒന്നാം ഘട്ടത്തില്‍ 10,18,390 പേര്‍ക്കാണ് ആനുകൂല്യം ലഭ്യമാകുന്നത്. സാമ്പത്തിക പരാശ്രയത്വം സ്ത്രീകളെ വീടിനകത്ത് പോലും നിശബ്ദരാക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും, ആരോടും കൈനീട്ടാതെ തലയുയര്‍ത്തി ജീവിക്കാന്‍ അവര്‍ക്ക് കഴിയണമെന്നും മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.

നവോത്ഥാന പ്രസ്ഥാനങ്ങളും 1957-ലെ ഇ.എം.എസ് സര്‍ക്കാരിന്റെ പരിഷ്‌കാരങ്ങളുമാണ് കേരള മോഡല്‍ വികസനത്തിന് അടിത്തറയിട്ടത്. ഇതിന്റെ തുടര്‍ച്ചയായാണ് ഡിഗ്രി കോഴ്‌സുകള്‍ സൗജന്യമാക്കുമെന്ന ബജറ്റ് പ്രഖ്യാപനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ലോകത്താദ്യമായി ഓരോ വകുപ്പിന്റെയും പദ്ധതിവിഹിതത്തില്‍ സ്ത്രീകള്‍ക്കായി പ്രത്യേക തുക മാറ്റിവെക്കുന്ന 'ജെന്‍ഡര്‍ ബജറ്റിങ്' നടപ്പിലാക്കിയത് കേരളമാണ്. ഇന്ന് ബജറ്റിന്റെ വലിയൊരു വിഹിതം സ്ത്രീകള്‍ക്കായി മാറ്റിവെക്കപ്പെടുന്നു.

കുടുംബശ്രീയും അയല്‍ക്കൂട്ടങ്ങളും ഇന്ന് സ്ത്രീകളുടെ രാഷ്ട്രീയവും സാമൂഹികവുമായ വളര്‍ച്ചയുടെ പ്രഭവ കേന്ദ്രങ്ങളായി മാറിയിരിക്കുകയാണെന്നും മുഖ്യമന്ത്രി തന്റെ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. അര്‍ഹരായ സ്ത്രീകള്‍ക്ക് പ്രതിമാസം 1,000 രൂപ വീതമാണ് ഈ പദ്ധതിയിലൂടെ ധനസഹായം ലഭിക്കുന്നത്.