/kalakaumudi/media/media_files/2025/08/21/abin-2025-08-21-13-42-04.jpg)
ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷസ്ഥാനത്തുനിന്ന് രാജിവയ്ക്കുന്നതായി രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് ഉച്ചയ്ക്കാണ് പ്രഖ്യാപിച്ചത്. ദേശീയ, സംസ്ഥാന നേതൃത്വത്തില്‍ നിന്നടക്കം സമ്മര്‍ദ്ദമുണ്ടായതിനെത്തുടര്‍ന്നായിരുന്നു രാഹുലിന്റെ രാജി. മുതിര്‍ന്ന നേതാക്കളായ രമേശ് ചെന്നിത്തലയും വിഡി സതീശനുമടക്കം നടപടി ആവശ്യപ്പെട്ടിരുന്നു.
രാഹുലിന്റെ രാജിക്ക് പിന്നാലെ അബിന്‍ വര്‍ക്കിക്ക് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്റെ ചുമതല നല്‍കിയേക്കുമെന്നാണ് സൂചന. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാദ്ധ്യക്ഷനാണ് അബിന്‍ വര്‍ക്കി.
യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാദ്ധ്യക്ഷനായ നേതാവാണ് അബിന്‍ വര്‍ക്കി. തിരഞ്ഞെടുപ്പ് മാനദണ്ഡം പാലിച്ച് അബിന്‍ വര്‍ക്കി അദ്ധ്യക്ഷനാവുമെന്നാണ് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സാമുദായിക സമവാക്യം ഇക്കാര്യത്തില്‍ പരിഗണിക്കില്ല.
രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വത്തോട് ഹൈക്കമാന്‍ഡ് വിശദാംശങ്ങള്‍ തേടിയിരുന്നു. നിലവിലെ ആരോപണങ്ങള്‍ പുറത്തുവരും മുന്‍പ് തന്നെ രാഹുലിനെതിരെ പരാതി ലഭിച്ചിരുന്നു. അന്വേഷിക്കാന്‍ സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍സെക്രട്ടറി ദീപദാസ് മുന്‍ഷി കെപിസിസി നേതൃത്വത്തിന് നിര്‍ദേശം നല്‍കിയിരുന്നു. ശേഷം ലഭിച്ച വിവരങ്ങളില്‍ രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയിരുന്നു. അതിന് ശേഷമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവക്കാന്‍ രാഹുലിന് നിര്‍ദ്ദേശം നല്‍കിയതെന്നാണ് സൂചന.