കേരളത്തിന്റെ സ്വന്തം ദത്തുപുത്രി പെപിറ്റ 84-ാം വയസില്‍ ഇന്ത്യന്‍ പൗര

84-ാം വയസ്സില്‍ ഇന്ത്യന്‍ പൗരയാകാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്ത്യ നേരത്തെ തന്നെ തന്റെ വീടാണെന്നും പൗരത്വം ലഭിച്ചതോടെ ആ ആഗ്രഹം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു

author-image
Biju
New Update
pepeta

തൃശൂര്‍: പ്രശസ്ത എഴുത്തുകാരിയും ഫോട്ടോഗ്രാഫറും പത്മശ്രീ ജേതാവുമായ പെപിറ്റ സേത്ത് ഔദ്യോഗികമായി ഇന്ത്യന്‍ പൗരത്വം സ്വീകരിച്ചു. ദശാബ്ദങ്ങളായി കേരളത്തിന്റെ കലയും സംസ്‌കാരവും നെഞ്ചേറ്റിയ പെപിറ്റയ്ക്ക് തൃശൂര്‍ ജില്ലാ കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ പൗരത്വ രേഖകള്‍ കൈമാറി.

84-ാം വയസ്സില്‍ ഇന്ത്യന്‍ പൗരയാകാന്‍ കഴിഞ്ഞതില്‍ അതിയായ അഭിമാനമുണ്ടെന്ന് അവര്‍ പറഞ്ഞു. ഇന്ത്യ നേരത്തെ തന്നെ തന്റെ വീടാണെന്നും പൗരത്വം ലഭിച്ചതോടെ ആ ആഗ്രഹം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ബ്രിട്ടനില്‍ ജനിച്ച പെപിറ്റയുടെ ഇന്ത്യയോടുള്ള താല്‍പ്പര്യം തുടങ്ങുന്നത് ബ്രിട്ടീഷ് സൈന്യത്തിലുണ്ടായിരുന്ന തന്റെ മുത്തച്ഛന്റെ ഡയറി വായിച്ചതിലൂടെയാണ്. 27-ാം വയസ്സില്‍ ഇന്ത്യയിലെത്തിയ അവര്‍ പിന്നീട് തൃശൂരിനെ തന്റെ രണ്ടാം നാടായി തിരഞ്ഞെടുത്തു.

കേരളത്തിലെ ക്ഷേത്രോത്സവങ്ങള്‍, ആനകള്‍, ആചാരങ്ങള്‍ എന്നിവയെ തന്റെ ക്യാമറയിലൂടെ ലോകത്തിന് പരിചയപ്പെടുത്തി. പെപിറ്റ സ്വന്തം കാമറയില്‍ പകര്‍ത്തിയ 'ഗുരുവായൂര്‍ കേശവന്റെ' ചിത്രം ലോകശ്രദ്ധ നേടിയിരുന്നു.

1981-ല്‍ ഹൈന്ദവ ആചാരപ്രകാരം ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം ഉള്‍പ്പെടെയുള്ള ക്ഷേത്രങ്ങളില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് അനുമതി ലഭിച്ചിരുന്നു. ഇത് കേരളം അവര്‍ക്ക് നല്‍കിയ വലിയൊരു സ്വീകാര്യതയായിരുന്നു. കേരളത്തിന്റെ കലയെയും സംസ്‌കാരത്തെയും ആഗോളതലത്തില്‍ എത്തിച്ചതിന് 2012-ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.

റിച്ചാര്‍ഡ് ആറ്റന്‍ബറോയുടെ പ്രശസ്തമായ 'ഗാന്ധി' എന്ന സിനിമയില്‍ ജവഹര്‍ലാല്‍ നെഹ്റുവിനെ അവതരിപ്പിച്ച പ്രശസ്ത നടന്‍ റോഷന്‍ സേത്താണ് പെപിറ്റയുടെ ഭര്‍ത്താവ്. താാന്‍ അത്രമേല്‍ സ്‌നേഹിച്ച മണ്ണ് തന്നെ സ്വന്തം മകളായി അംഗീകരിച്ചതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ ഈ 'കേരളത്തിന്റെ ദത്തുപുത്രി'.

ബ്രിട്ടനില്‍ ജനിച്ചുവെങ്കിലും കേരളത്തിന്റെ സംസ്‌കാരത്തോടും ആചാരങ്ങളോടും അങ്ങേയറ്റം ആദരവ് പുലര്‍ത്തി, ഇവിടെ ജീവിച്ച്, ഒടുവില്‍ ഇന്ത്യയുടെ ഔദ്യോഗിക പൗരത്വം നേടിയ പെപിറ്റ സേത്തിന്റെ ജീവിതം ഒരു വലിയ നിയോഗം പോലെയാണ്. തൃശൂരിലെത്തിയ അവര്‍ അവിടുത്തെ കലകളിലും ക്ഷേത്രാചാരങ്ങളിലും ആകൃഷ്ടയാവുകയും പിന്നീട് തന്റെ ജീവിതം തന്നെ കേരളത്തിനായി മാറ്റിവെക്കുകയും ചെയ്തു.
കേരളത്തിലെ ക്ഷേത്രങ്ങളുമായും ഹൈന്ദവ ആചാരങ്ങളുമായും ഇത്രയധികം ഇഴുകിച്ചേര്‍ന്ന മറ്റൊരു വിദേശി ഉണ്ടാകില്ല.

1981-ല്‍ ഹൈന്ദവ ആചാരങ്ങള്‍ പാലിക്കുമെന്ന ഉറപ്പിന്മേല്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ ഇവര്‍ക്ക് പ്രത്യേക അനുമതി ലഭിച്ചു. ഒരു വിദേശ പൗരയെ സംബന്ധിച്ചിടത്തോളം ഇത് തികച്ചും അസാധാരണമായ അംഗീകാരമായിരുന്നു. തെയ്യം, കഥകളി, ക്ഷേത്രോത്സവങ്ങള്‍ എന്നിവയെ ആഴത്തില്‍ പഠിച്ച അവര്‍ 'In Gods Mirror: The Cultural Rituals of Kerala' എന്ന പേരില്‍ ഒരു പ്രശസ്തമായ പുസ്തകം രചിച്ചിട്ടുണ്ട്. കേരളത്തിലെ ഓരോ ഉത്സവങ്ങളെയും ആചാരങ്ങളെയും ലോകത്തിന് മുന്നില്‍ വിശദീകരിക്കുന്നതായിരുന്നു അവരുടെ ഓരോ രചനകളും.