/kalakaumudi/media/media_files/2026/02/02/radha-sree-2026-02-02-10-04-00.jpg)
പൊന്നാനി: കേരളത്തില്‍ അതിവേഗ റെയില്‍പാത തുടങ്ങുന്നതിനായുള്ള ഡിപിആര്‍ തയ്യാറാക്കാന്‍ എന്നവകാശപ്പെട്ട് ഇ.ശ്രീധരന്‍ ഓഫീസ് തുറന്നു. പൊന്നായിലാണ് ശ്രീധരന്‍ സ്വന്തം നിലയ്ക്ക് ഓഫീസ് തുറന്നത്. ഭാര്യ രാധ നിലവിളക്ക് കൊളുത്തിയാണ് ഓഫീസ് ഉദ്ഘാടനം ചെയ്തത്. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഡിപിആര്‍ തയ്യാറാക്കാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ശ്രീധരന്റെ അവകാശവാദം.
എന്നാല്‍ റെയില്‍വേയുടെ ഭാഗത്ത് നിന്നും മന്ത്രിയുടെ ഭാഗത്ത് നിന്നോ ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രതികരണങ്ങളൊന്നും ഉണ്ടായിട്ടില്ല. തങ്ങള്‍ക്ക് ഇത് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ വാദം. കഴിഞ്ഞ ദിവസം കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയില്‍വേ ഇടനാഴികളിലും കേരളം ഉള്‍പ്പെട്ടിരുന്നില്ല.
ഇന്നു മുതല്‍ തന്നെ പ്രവര്‍ത്തനം തുടങ്ങുമെന്ന് ശ്രീധരന്‍ പ്രതികരിച്ചു. ജനങ്ങളെ ബുദ്ധിമുട്ടിക്കാതെ ആയിരിക്കും പ്രവര്‍ത്തനമെന്നും അദ്ദേഹം വ്യക്തമാക്കി.
സ്റ്റേഷനുകളായി നിശ്ചയിച്ച സ്ഥലങ്ങളില്‍ പരിശോധനകള്‍ നടത്തും. ശേഷമായിരിക്കും സര്‍വേ നടപടികള്‍. നാട്ടുകാരെ ബോധ്യപ്പെടുത്തിയാകും ഈ നടപടികള്‍. തുടര്‍ന്നാകും ഭൂമി ഏറ്റെടുക്കല്‍ നടപടികളെന്നും ശ്രീധരന്‍ പറഞ്ഞു.
പദ്ധതി സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് വരുന്നതിന് കാലതാമസം എടുക്കുന്നത് കൊണ്ടാണ് തങ്ങള്‍ നേരത്തെ തന്നെ ഇതിനായുള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നതെന്നാണ് ശ്രീധരന്റെ വാദം. സംസ്ഥാനത്തെ മൂന്ന് വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് തിരുവനന്തപുരം-കണ്ണൂര്‍ അര്‍ധ അതിവേഗ റെയില്‍പ്പാതയാണ് ശ്രീധരന്‍ മുന്നോട്ട് വെക്കുന്നത്. ഇതിന് തൊട്ടുപിന്നാലെ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള മറ്റൊരു അതിവേഗ പാത സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
അതേസമയം റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഇന്ന് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. കേരളത്തിലെ അതിവേഗ റെയില്‍പാത സംബന്ധിച്ച് വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയേക്കും.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
