കേരളത്തിന്റെ ഹൈസ്പീഡ് റെയില്‍; ഡിപിആര്‍ തയാറാക്കാന്‍ കേന്ദ്രാനുമതി

ഇ.ശ്രീധരന്‍ നിര്‍ദേശിച്ചിട്ടുള്ള ബദല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് കെ.വി.തോമസ് വഴി കേന്ദ്രത്തിനു മുന്നില്‍ വച്ചിരുന്നതാണ്. അന്ന് മറുപടി പോലും നല്‍കാതിരുന്ന കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇ.ശ്രീധരന്‍ നേരിട്ടു കണ്ടപ്പോള്‍ പദ്ധതിക്ക് ഡിപിആര്‍ തയാറാക്കാന്‍ അനുമതി നല്‍കിയത്.

author-image
Biju
New Update
speed

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ ആശിര്‍വാദത്തോടെ മെട്രോമാന്‍ ഇ.ശ്രീധരന്‍ നേരിട്ടിറങ്ങുന്നതോടെ, സില്‍വര്‍ ലൈനിനു ബദലായി തിരുവനന്തപുരം- കണ്ണൂര്‍ വേഗപാത യാഥാര്‍ഥ്യമാകുമെന്ന് ഏകദേശം ഉറപ്പായി.  ഇ.ശ്രീധരന്‍ നിര്‍ദേശിച്ചിട്ടുള്ള ബദല്‍, സംസ്ഥാന സര്‍ക്കാര്‍ മുന്‍പ് കെ.വി.തോമസ് വഴി കേന്ദ്രത്തിനു മുന്നില്‍ വച്ചിരുന്നതാണ്. അന്ന് മറുപടി പോലും നല്‍കാതിരുന്ന കേന്ദ്രറെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവാണ് ഇ.ശ്രീധരന്‍ നേരിട്ടു കണ്ടപ്പോള്‍ പദ്ധതിക്ക് ഡിപിആര്‍ തയാറാക്കാന്‍ അനുമതി നല്‍കിയത്.

ഇടത്, വലത് മുന്നണികളും പുതിയ പാതയ്ക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. സില്‍വര്‍ ലൈന്‍ കേന്ദ്രം അംഗീകരിക്കാത്തതിനാല്‍ പുതിയ പദ്ധതികള്‍ പരിശോധിക്കുമെന്നും അനുയോജ്യ നിലപാട് സ്വീകരിക്കാവുന്നതാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. സില്‍വര്‍ലൈനിന് പകരം പുതിയ പദ്ധതി പരിഗണനയിലുണ്ടെന്നു മാസങ്ങള്‍ക്കു മുന്‍പ് ഗോവിന്ദന്‍ കണ്ണൂരിലെ യോഗത്തിലും പ്രസംഗിച്ചിരുന്നു. അതേസമയം, ഇതു തിരഞ്ഞെടുപ്പ് സ്റ്റണ്ടാകരുതെന്നാണു മന്ത്രി വി.അബ്ദുറഹിമാന്റെ പ്രതികരണം.

രാഷ്ട്രീയ കാരണങ്ങളാലാണു സില്‍വര്‍ലൈനിന് കേന്ദ്രാനുമതി ലഭിക്കാത്തതെന്നും ഏതു പേരിട്ടു വിളിച്ചാലും വേഗ റെയില്‍ പദ്ധതി നടന്നാല്‍ മതിയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍പ് പറഞ്ഞിട്ടുള്ളതിനാല്‍ പദ്ധതിയെ എല്‍ഡിഎഫ് എതിര്‍ക്കാന്‍ സാധ്യതയില്ല. വേഗ റെയില്‍ പാതയ്ക്കു വേണ്ടി ഏറെ പരിശ്രമിച്ചത് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സര്‍ക്കാരായതിനാല്‍ പദ്ധതിയെ യുഡിഎഫ് എതിര്‍ക്കുന്നില്ല. പദ്ധതി വരട്ടെയെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍.

സില്‍വര്‍ലൈന്‍ പദ്ധതിയെപ്പറ്റി തങ്ങള്‍ ഉന്നയിച്ച കാര്യങ്ങള്‍ ശരിയാണെന്നു തെളിഞ്ഞതായി വി.ഡി.സതീശന്‍ പറഞ്ഞു. സില്‍വര്‍ ലൈന്‍ ഒന്നും പഠിക്കാതെ തട്ടിക്കൂട്ടിയ പ്രോജക്ടായതു കൊണ്ടാണ് എതിര്‍ത്തത്. നല്ല കാര്യങ്ങള്‍ വരുമ്പോള്‍ എന്തിനാണ് എതിര്‍ക്കുന്നതെന്നും സതീശന്‍ ചോദിക്കുന്നു.

തിരുവനന്തപുരം- കണ്ണൂര്‍ വേഗ പാത, നിലവിലെ പാതയില്‍ ആധുനിക സിഗ്നലിങ് സംവിധാനം, നിലമ്പൂര്‍- നഞ്ചന്‍കോട് പാത, ചെങ്ങന്നൂര്‍- പമ്പ എന്നീ 4 പദ്ധതികളാണ് ഇ.ശ്രീധരന്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്കു മുന്നില്‍ വച്ചത്. ഇതില്‍ സംസ്ഥാന സര്‍ക്കാരിന് യോജിപ്പില്ലാത്തത് ചെങ്ങന്നൂര്‍- പമ്പ പദ്ധതിയോടാണ്. പദ്ധതി വേണ്ടെന്നു പറഞ്ഞിട്ടില്ലെങ്കിലും കേരളത്തിലെ 14 പട്ടണങ്ങള്‍ക്കു റെയില്‍വേ യാത്രാ സൗകര്യം ലഭിക്കുന്ന അങ്കമാലി- എരുമേലി ശബരി പദ്ധതിക്കാണു സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.

പദ്ധതിക്കായി ഭൂമി കല്ലിട്ടു തിരിച്ചതിന്റെ പേരില്‍ വര്‍ഷങ്ങളായി ദുരിതം അനുഭവിക്കുന്ന ജനങ്ങളുള്ളതിനാല്‍ ശബരി പാതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ വിട്ടുവീഴ്ചയ്ക്കു തയാറാകില്ല. ഭൂമിയേറ്റെടുക്കലുമായി മുന്നോട്ടു പോകാനും കിഫ്ബി വഴി ഇതിനു പണം കണ്ടെത്താനും തീരുമാനിച്ചിട്ടുണ്ട്. ശബരി പാത നിര്‍മിച്ച ശേഷം ചെങ്ങന്നൂര്‍-പമ്പ പാത റെയില്‍വേ നിര്‍മിച്ചാലും കുഴപ്പമില്ലെന്നാണു സര്‍ക്കാര്‍ നിലപാട്. ചെങ്ങന്നൂര്‍-പമ്പ പാതയുടെ പകുതി ചെലവ് കേരളം വഹിക്കണമെന്നു റെയില്‍വേ കത്തു നല്‍കിയെങ്കിലും കേരളം പ്രതികരിച്ചിട്ടില്ല. അങ്കമാലി-എരുമേലി ശബരി പാത 3800 കോടി രൂപയ്ക്കു തീര്‍ക്കാമെങ്കില്‍ ചെങ്ങന്നൂര്‍-പമ്പയ്ക്കു ഏകദേശം 7000 കോടി രൂപയാണു ചെലവു പ്രതീക്ഷിക്കുന്നത്.

തിരുവനന്തപുരം- കണ്ണൂര്‍ വേഗപാതയുടെ, നിലവില്‍ നിശ്ചയിച്ചിരിക്കുന്ന റൂട്ടില്‍ ഇതുവരെ ട്രെയിന്‍ സര്‍വീസ് എത്താത്ത സ്ഥലങ്ങളും ഉള്‍പ്പെടും. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങള്‍ക്കു സമീപവും നിലവില്‍ റെയില്‍പാതയില്ലാത്ത അടൂര്‍, കുന്നംകുളം, എടപ്പാള്‍, കരിപ്പൂര്‍ (മലപ്പുറം) തുടങ്ങിയ സ്ഥലങ്ങളിലും സ്റ്റേഷനുകളുണ്ടാകും. തിരുവനന്തപുരം സെന്‍ട്രല്‍, വിമാനത്താവളം, വര്‍ക്കല, കൊല്ലം, കൊട്ടാരക്കര, അടൂര്‍, ചെങ്ങന്നൂര്‍, കോട്ടയം, വൈക്കം, എറണാകുളം (പാലാരിവട്ടം പാലത്തിന് സമീപം), ആലുവ, നെടുമ്പാശേരി, തൃശൂര്‍, കുന്നംകുളം, എടപ്പാള്‍, തിരൂര്‍, മലപ്പുറം (കരിപ്പൂര്‍), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂര്‍ എന്നിവയായിരിക്കും സ്റ്റേഷനുകള്‍.

മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കുന്ന ട്രെയിനുകള്‍ യാത്രാസമയത്തില്‍ വലിയ ലാഭമുണ്ടാക്കും. തിരുവനന്തപുരത്തുനിന്ന് കൊച്ചിയിലെത്താന്‍ 1.20 മണിക്കൂറും കോഴിക്കോട്ടേക്ക് 2.30 മണിക്കൂറും കണ്ണൂരിലേക്ക് 3.15 മണിക്കൂറും മതിയാകും. 560 പേര്‍ക്ക് സഞ്ചരിക്കാവുന്ന എട്ടു കോച്ചുകളുള്ള ട്രെയിനുകളാണ് തുടക്കത്തില്‍ സര്‍വീസ് നടത്തുക. ഓരോ അഞ്ച് മിനിറ്റിലും ട്രെയിനുണ്ടാകും. ആകെ 430 കിലോമീറ്റര്‍ ദൂരമുള്ള പാതയുടെ 70% തൂണുകളിലൂടെയും 20  30% തുരങ്കങ്ങളിലൂടെയുമാകും കടന്നുപോകുക. കൂടുതല്‍ ജനവാസമുള്ള മേഖലകളില്‍ 7 മീറ്റര്‍ താഴ്ചയിലുള്ള തുരങ്കം പരിഗണിക്കും. തൂണുകളിലൂടെ പാത പോകുന്ന ഭാഗങ്ങളിലെ ഭൂമി ഏറ്റെടുക്കുമെങ്കിലും അവ ആവശ്യമെങ്കില്‍ ഉടമയ്ക്കുതന്നെ പാട്ടത്തിനു നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പങ്കാളിത്തമുള്ള പുതിയ കമ്പനി രൂപീകരിച്ചാകും പ്രവര്‍ത്തനം. ചെലവ് തുകയില്‍ 60% ഇരു സര്‍ക്കാരുകളും വഹിക്കും. 40% കടമെടുക്കും.