സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് ഹൈക്കോടതി

സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറെയും വിമര്‍ശിച്ചു

author-image
Biju
New Update
highcourt of kerala

കൊച്ചി: സംസ്ഥാനത്തെ സര്‍വകലാശാലകളില്‍ സ്ഥിരം വിസിമാരില്ലാത്തത് സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് ഗുണകരമല്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാനത്തെ 13ല്‍ 12 സര്‍വകലാശാലകളിലും സ്ഥിരം വിസിമാരില്ലാത്തത് ഗുരുതര സാഹചര്യമാണെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച്, ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിനെയും സര്‍വകലാശാലകളുടെ ചാന്‍സലറായ ഗവര്‍ണറെയും വിമര്‍ശിച്ചു. 

കേരള സര്‍വകലാശാല വിസിയുടെ അധിക ചുമതല ഡോ. മോഹന്‍ കുന്നുമ്മലിന് നല്‍കിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നലെ തള്ളിയിരുന്നു. ഈ ഹര്‍ജിയിലെ വിധിപ്പകര്‍പ്പിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചിന്റെ വിമര്‍ശനം. ഡോ.മോഹന്‍ കുന്നുമ്മലിന് കേരള സര്‍വകലാശാല വി.സിയുടെ താത്കാലിക ചുമതല നല്‍കിയ ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് ഇന്നലെ തള്ളിയത്. കേരള സര്‍വകലാശാല സെനറ്റ് അംഗങ്ങളായ ഡോ. എ ശിവപ്രസാദ്, പ്രിയ പ്രിയദര്‍ശന്‍ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. 

മോഹന്‍ കുന്നുമ്മലിന് അറുപത് വയസ് പിന്നിട്ടെന്നും ഗവേഷണ ബിരുദം ഇല്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. സ്ഥിരം വിസി നിയമനം വൈകിയത് കൊണ്ടാണ് സര്‍വകലാശാലയുടെ സുഗമമായ പ്രവര്‍ത്തനത്തിന് വേണ്ടി താത്കാലിക വിസിയെ നിയമിച്ചതെന്ന ഗവര്‍ണറുടെ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.

 

highcourt of kerala