തൃക്കാക്കര: കേരളത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ കോളേജായി കളമശ്ശേരി രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസസ്(ഓട്ടോണമസ്) തിരഞ്ഞെടുക്കപ്പെട്ടു. 2024 ലെ കേരള ഇൻസ്റ്റിറ്റുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് (കെ.ഐ.ആർ.എഫ്) കേരള റാങ്കിങ്ങ് 2024 പ്രകാരം വിദ്യാർത്ഥികൾക്ക് മികച്ച വിദ്യാഭ്യാസം ഒരുക്കുന്നതിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ സ്വീകരിക്കുന്നതിന് കോളേജിന് ലഭിച്ച അംഗീകാരമാണെന്ന് പ്രിൻസിപ്പാൾ ഫാ. ഡോ.എം.ഡി സാജു പറഞ്ഞു.
വിദ്യാർത്ഥികളെ പ്രചോദിപ്പിക്കുന്ന നൂതന അധ്യാപന-പഠന രീതികളിലൂടെ അക്കാദമിക് മികവ് വളർത്തിയെടുക്കുക എന്നതാണ് രാജഗിരി പ്രധാനമായും ലക്ഷ്യമിടുന്നത്. ഗവേഷണം രാജഗിരിയുടെ ഒരു സുപ്രധാന മേഖലയാണ്. വിജ്ഞാന സൃഷ്ടികളിലും സാമൂഹിക പുരോഗതികളിലും മികച്ച സംഭാവനകൾ നൽകാൻ അധ്യാപകരെയും വിദ്യാർത്ഥികളെയും പ്രേരിപ്പിക്കുന്നതിൽ ഗവേഷണങ്ങളിലൂടെ രാജഗിരിക്ക് സാധിക്കുന്നു. വിദ്യാർത്ഥികളുടെ നൈപുണ്യ വികാസം, കാര്യക്ഷമത വളർത്തൽ എന്നിവയിൽ ശ്രദ്ധ ചെലുത്തുന്ന രാജഗിരി, തങ്ങൾ തിരഞ്ഞെടുക്കുന്ന തൊഴിൽ മേഖലകളിൽ നേട്ടങ്ങൾ കീഴടക്കുന്നതിനും സാമൂഹിക ഉത്തരവാദിത്തത്തോടെ മുന്നിൽനിന്ന് നയിക്കാനും വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നു.
മികവിന്റെയും സേവനത്തിന്റെയും അടിസ്ഥാന മൂല്യങ്ങളാൽ നയിക്കപ്പെടുന്ന വിദ്യാഭ്യാസത്തിലൂടെ ജീവിതത്തെ പരിവർത്തനം ചെയ്യാനുള്ള തങ്ങളുടെ യാത്ര തുടരാൻ ഈ അംഗീകാരം കോളേജിനെ പ്രേരിപ്പിക്കുന്നതായും, രാജഗിരിയുടെ ഈ നേട്ടത്തിനായി മികച്ച സംഭാവനകൾ നൽകിയ കോളേജ് ഫാക്കൽറ്റി, സ്റ്റാഫ്, വിദ്യാർത്ഥികൾ, പൂർവ്വ വിദ്യാർത്ഥികൾ എന്നിവർക്ക് നന്ദി പറയുന്നതായും പ്രിൻസിപ്പാൾ ഫാ. സാജു എം.ഡി സി.എം.ഐ കൂട്ടിച്ചേർത്തു.
എൻ.ഐ.ആർ.എഫ് മാതൃകയിൽ സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അക്കാദമിക മികവിന്റ അടിസ്ഥാനത്തിൽ റാങ്കിങ് നൽകുന്ന കേരള ഇൻസ്റ്റിറ്റുഷണൽ റാങ്കിങ് ഫ്രെയിംവർക്ക് സംവിധാനത്തിലെ പ്രഥമ റാങ്കുകളാണ് മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചത്.