കൊച്ചി: മലയാള സിനിമയിൽ നിന്ന് ധാരാളം മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് നടി ഗീതാവിജയൻ. അത്തരക്കാർക്കെതിരെ ആ സമയങ്ങളിൽ ശക്തമായി പ്രതികരിച്ചെന്നും പരസ്യമായി ചീത്തവിളിച്ചതായും ഗീത വിജയൻ പറഞ്ഞു. പോടാ പുല്ലേ എന്നുപറഞ്ഞ് ഇറങ്ങിപ്പോന്ന പല സന്ദർഭങ്ങളും ഉണ്ടായിട്ടുണ്ടെന്നും അതുകൊണ്ട് നിരവധി അവസരങ്ങൾ നിഷേധിക്കപ്പെട്ടതായും നടി പറഞ്ഞു.
മലയാള സിനിമയിൽ സ്ത്രീകൾ ദുരിതങ്ങളും പീഡനങ്ങളും ഒരുപാട് അനുഭവിച്ചു. എല്ലാവരം മുന്നോട്ടുവന്ന് അവരുടെ കാര്യങ്ങൾ ഈ അവസരത്തിലെങ്കിലും പറയണം. അങ്ങനെ മലയാളസിനിമയിൽ ശുദ്ധീകരണം ഉണ്ടാകട്ടെയെന്ന് ഗീത വിജയൻ പറഞ്ഞു. 'ജോലി സ്ഥലം എപ്പോഴും സുരക്ഷിതമായിരിക്കണം. അല്ലെങ്കിൽ അവിടെ നിന്ന് ജോലി ചെയ്യാൻ ബുദ്ധിമുട്ടാണ്. പലരുടെയും ജീവിതം ദുരിതപൂർണമായിട്ടുണ്ട്. അതിന് അറുതി വീണം. എല്ലാവരും അവരുടെ കാര്യങ്ങൾ മുന്നോട്ടുവന്നു തുറന്നുപറയണം. ഹേമകമ്മിറ്റി റിപ്പോർട്ട് വന്നതോടെ വില്ലൻമാർക്കൊക്കെ ഭയമാണ്. അതാണ് വേണ്ടത്. അതിനെക്കാൾ എത്രയോ വലുതാണ് പീഡനത്തിന് ഇരയായ സ്ത്രീകളുടെ അവസ്ഥ'- നടി പറഞ്ഞു
ആദ്യമായി ദുരനുഭവം ഉണ്ടായത് സംവിധായകനിൽ നിന്നാണ്. 1992ലാണത്. ലൊക്കേഷനിൽ വച്ച് തന്റെ റൂമിന് മുന്നിൽ വന്ന് കതകിന് തട്ടലും മുട്ടലും ഉണ്ടായി. സഹിക്കവയ്യാതെ വന്നതോടെ പച്ചത്തെറി പറഞ്ഞ് ഓടിക്കുകയായിരുന്നു. 'എനിക്ക് ഇത്തരം അനുഭവങ്ങൾ ഉണ്ടായപ്പോൾ തന്നെ ഞാൻ പ്രതികരിച്ചിട്ടുണ്ട്. നോ പറയേണ്ടിടത്ത് നോ പറഞ്ഞിട്ടുണ്ട്. പ്രതിരോധിച്ചതുകൊണ്ട് നിരവധി അവസരങ്ങൾ നഷ്ടമായിട്ടുണ്ട്. അത് അറിയാമായിരുന്നു. പോടാ പുല്ലേ എന്ന് പറഞ്ഞ് ഞാൻ ഇറങ്ങിപ്പോന്നിട്ടുണ്ട്. എന്നെ ആവശ്യമുള്ള പ്രൊജക്ട് എന്നേ തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇല്ലെങ്കിൽ വേണ്ട എന്നായിരുന്നു എന്റെ നിലപാട്. മോശമായി പെരുമാറിയവരെ പബ്ലിക്ക് ആയി ചീത്തവിളിച്ചിട്ടുണ്ട്' - ഗീത വിജയൻ പറഞ്ഞു
സിദ്ദിഖ് എങ്ങനെ അമ്മയുടെ തലപ്പത്ത് എത്തിയതെന്ന് പലവട്ടം ആലോചിച്ചു. അദ്ദേഹത്തിനെതിരെ ആരോപണം ഉള്ളപ്പോൾ എന്തുകൊണ്ട് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചു. ഇതിനെതിരെയൊക്കെ നടപടിയെടുക്കാൻ പറ്റുന്നവർ സംഘടനാ നേതൃത്വത്തിലേക്ക് വരണമെന്നും ഗീത വിജയൻ പറഞ്ഞു.