/kalakaumudi/media/media_files/2024/12/12/n7gPR6xs7NjQxLDZ5mJ6.jpg)
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ഇനി രണ്ടുനാള്‍ മാത്രം ബാക്കിനില്‍ക്കെ വിചാരണയിലെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ദിലീപ് മുഖ്യമന്ത്രിയ്ക്ക് മെസേജ് അയച്ചു എന്ന വിവരമാണ് പുറത്തുവന്നത്. നടി ആക്രമിക്കപ്പെട്ട് അഞ്ചാം ദിവസമാണ് പിണറായി വിജയന് മെസേജ് അയച്ചത്. തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ എന്നാണ് മെസേജ്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്‍ വാദം.
2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി. പള്‍സര്‍ സുനിയാണ് പ്രതിയെന്ന് ആദ്യ ദിവസം തന്നെ പുറത്തുവന്നതോടെ ദിലീപ് സമ്മര്‍ദത്തിലായെന്നും ഇതോടെയാണ് മുഖ്യമന്ത്രിയടക്കമുളളവര്‍ക്ക് മെസേജ് അയച്ചതെന്നും പ്രോസിക്യൂഷന്‍ പറയുന്നു. കാവ്യാ മാധവനുമായുളള ദിലീപിന്റെ ബന്ധം അന്നത്തെ ഭാര്യയായിരുന്നു മഞ്ജു വാര്യരോട് ആക്രമിക്കപ്പെട്ട നടി പറഞ്ഞതിലുളള വൈരാഗ്യമാണ് കൃത്യത്തിന് കാരണമെന്നാണ് പ്രോസിക്യൂഷന്‍ കേസ്.
കാവ്യാ മാധവനുമായുളള ദീലീപിന്റെ ചാറ്റുകള്‍ മഞ്ജു വാര്യര്‍ കണ്ടതാണ് സംഭവങ്ങളുടെ തുടക്കം. രാമന്‍, RUK അണ്ണന്‍, മീന്‍, വ്യാസന്‍ തുടങ്ങിയ പേരുകളിലാണ് കാവ്യയുടെ ഫോണ്‍ നമ്പരുകള്‍ ദിലീപ് തന്റെ ഫോണില്‍ സേവ് ചെയ്തിരുന്നതെന്നും പ്രേസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ ബലാത്സംഗത്തിന് ക്വട്ടേഷന്‍ നല്‍കി എന്നത് പൊലീസിന്റെ കെട്ടുകഥയെന്നാണ് ദിലീപ് നിലപാടെടുത്തത്. ആകെ പത്ത് പ്രതികളുളള കേസില്‍ നടന്‍ ദിലീപ് എട്ടാം പ്രതിയാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
