നടിയെ ആക്രമിച്ച കേസ്; ക്രിസ്മസ് അവധിക്കുശേഷം അപ്പീല്‍ നല്‍കും

വിചാരണ കോടതിവിധിയ്‌ക്കെതിരെ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. വിധിയില്‍ നിരവധി പോരായ്മയുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വിലയിരുത്തല്‍

author-image
Biju
New Update
Dileep

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപ് അടക്കമുള്ള പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിയ്‌ക്കെതിരെ അപ്പീല്‍ നല്‍കാനുള്ള നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍. നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. 

വിചാരണ കോടതി വിധിയുടെ സര്‍ട്ടിഫൈഡ് കോപ്പി ലഭിച്ചശേഷമായിരിക്കും അപ്പീല്‍ ഫയല്‍ ചെയ്യുക. അതിനുള്ളില്‍ അപ്പീല്‍ ചെയ്യാനുള്ള മറ്റു നടപടികള്‍ അതിനുള്ളില്‍ പൂര്‍ത്തീയാക്കും. വിചാരണ കോടതിവിധിയ്‌ക്കെതിരെ  ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കാനാണ് നീക്കം. വിധിയില്‍ നിരവധി പോരായ്മയുണ്ടെന്നാണ്  പ്രോസിക്യൂഷന്‍ വിലയിരുത്തല്‍. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകള്‍ പരിശോധിക്കുന്നതില്‍ കോടതിയ്ക്ക് പോരായ്മ സംഭവിച്ചെന്നാണ് പ്രോസിക്യൂഷന്റെ വിലയിരുത്തല്‍.

അതേസമയം, സര്‍ക്കാര്‍ അപ്പീല്‍ നല്‍കാനിരിക്കെ മുഖ്യമന്ത്രി പിണറായി വിജയനെ അതിജീവിത ഇന്നലെ നേരിട്ട് കണ്ടിരുന്നു. കേരള ജനത അതിജീവിതയ്‌ക്കൊപ്പം ഉണ്ടെന്നും ശക്തമായ നിയമ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി. 

കേസിനെ വഴിതിരിച്ചു വിടാനുള്ള പ്രതി മാര്‍ട്ടിന്റെ സാമൂഹിക മാധ്യമങ്ങളിലെ വീഡിയോക്കെതിരെ നടപടി വേണമെന്ന് അതിജീവിത ആവശ്യപ്പെട്ടു. ഇതിനിടെ, സാമൂഹിക മാധ്യമങ്ങളിലെ സൈബര്‍ ആക്രമണത്തിനെതിരെ അതിജീവിത പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കോടതി 20വര്‍ഷത്തെ തടവിന് ശിക്ഷിച്ച  രണ്ടാം പ്രതി മാര്‍ട്ടിന്‍ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ചത് അടക്കം ചൂണ്ടികാണിച്ചാണ് അതിജീവിതയുടെ പരാതി. 

സംഭവത്തില്‍ ജാമ്യമില്ലാ വകുപ്പുകള്‍ അടക്കം ചേര്‍ത്ത് പൊലീസ് ഉടന്‍ കേസെടുക്കും. വീഡിയോയില്‍ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നുമാണ് മാര്‍ട്ടിന്റെ ആരോപണം. ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് ഇന്ന് അതിജീവിത നേരിട്ട് എറണാകുളം പൊലീസില്‍ പരാതി നല്‍കിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്.  

പരാതിയില്‍ ശക്തമായ നടപടിയ്ക്കാണ് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇന്ന് തന്നെ വിവിധ ഐഡികള്‍ക്കും വ്യക്തികള്‍ക്കുമെതിരെ കേസ് എടുത്ത് നടപടി തുടങ്ങും. അതിജീവിതയുടെ വ്യക്തിവിരങ്ങള്‍  വെളിപ്പെടുത്തല്‍, വീഡിയോ ചിത്രീകരിച്ച് പ്രചരിപ്പിക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍  ചുമത്തിയാകും കേസ്.വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കാനും പൊലീസ് നടപടിയെടുക്കും. ശിക്ഷക്കപ്പെടുന്നതിന് മുന്‍പാണ് മാര്‍ട്ടിന്‍ വീഡിയോ തയ്യാറാക്കിയത്.വീഡിയോ ചിത്രീകരിക്കാന്‍ മറ്റൊരാളുടെ സഹായവും നിര്‍ദ്ദേശവും ലഭിച്ചിരുന്നതായും പൊലീസ് കരുതുന്നു. ഇവര്‍ക്കെതിരെയും നടപടിയുണ്ടാകും.