കൊച്ചി വിമാനത്താവളം അടിയന്തിര സാഹചര്യം നേരിടാൻ സജ്ജം; എമർജൻസി മോക്ക് ഡ്രിൽ വിജയകരം

അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ,

author-image
Shyam
New Update
WhatsApp Image 2025-10-28 at 6.00.39 PM

കൊച്ചി: അടിയന്തിര സാഹചര്യം നേരിടാൻ സജ്ജമാണോയെന്ന് പരിശോധിക്കാനുള്ള ഫുൾ സ്‌കെയിൽ എമർജൻസി മോക്ഡ്രിൽ കൊച്ചി വിമാനത്താവളത്തിൽ നടത്തി. വിമാനത്താവളത്തിലെ സുരക്ഷാ സജ്ജീകരണങ്ങൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ, രണ്ടുവർഷത്തിൽ ഒരിക്കലാണ് വിമാന അപകടത്തിന് സമാനമായ സാഹചര്യം കൃത്രിമമായി സൃഷ്ടിച്ച് സമ്പൂർണ മോക്ഡ്രിൽ നടത്തുന്നത്. സിയാലിന്റെ മേൽനോട്ടത്തിൽ, വിവിധ എയർലൈനുകൾ, ദുരന്ത നിവാരണ സേന, ഇന്ത്യൻ നേവി, ജില്ലാ ഭരണകൂടം, എയർപോർട്ട് അതോറിറ്റി, കോസ്റ്റ്ഗാർഡ്, സി.ഐ.എസ്.എഫ്, കേന്ദ്ര കാലാവസ്ഥാ വകുപ്പ്, എയർപോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ, ആശുപത്രികൾ തുടങ്ങി മുപ്പതോളം ഏജൻസികൾ മോക്ഡ്രില്ലിൽ പങ്കെടുത്തു. ഇൻഡിഗോ എയർലൈനാണ് മോക് ഡ്രില്ലിനായി സിയാലിനൊപ്പം കൈകോർത്തത്.

എ567, ആൽഫാ എയർലൈൻസ് എന്ന സാങ്കല്പിക വിമാനമാണ് എമർജൻസി മോക്ക് ഡ്രില്ലിന് ഉപയോഗിച്ചത്. ആറ് ജീവനക്കാർ ഉൾപ്പെടെ 113 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. വിമാനം ടേക് ഓഫ് ചെയ്ത് കഴിഞ്ഞ്, ഉച്ചയ്ക്ക് 2:11ന്, എൻജിനിൽ തീപിടിത്തമുണ്ടായതായി പൈലറ്റ് ഇൻ കമാൻഡ്, എ.ടി.സി യെ അറിയിച്ചു. റൺവെയിൽ വിമാനം ഇറക്കാൻ സാധിക്കാതെ സിയാൽ ഗോൾഫ് ക്ലബിന് സമീപം വിമാനം തകർന്നു വീണതായിട്ടാണ് മോക്ക് ഡ്രില്ലിൽ ചിത്രീകരിച്ചത്. ഇതോടെ വിമാനത്താവളത്തിൽ ഫുൾ സ്‌കെയിൽ എമർജൻസി പ്രഖ്യാപിക്കപ്പെട്ടു. സിയാൽ അഗ്നി ശമന രക്ഷാ വിഭാഗം (എ.ആർ.എഫ്.എഫ്) അത്യാധുനിക ഉപകരണങ്ങളുമായി വിമാനത്തിന് അരികിലെത്തി. ''അപകടത്തിൽ ' പരുക്കേറ്റവരേയും കൊണ്ട് ഇരുപതോളം ആംബുലൻസുകൾ കുതിച്ചു.

കമാൻഡന്റ് നാഗേന്ദ്ര ദേവ്രാരിയുടെ നേതൃത്വത്തിൽ സി.ഐ.എസ്.എഫ്. സുരക്ഷാ ചുമതല ഏറ്റെടുത്തു. രക്ഷാപ്രവർത്തനത്തിന്റെ ഏകോപനം എയർപോർട്ട് ഡയറക്ടർ മനു ജി നിർവഹിച്ചു. കാര്യക്ഷമമായ രക്ഷാപ്രവർത്തനം ഉറപ്പുവരുത്താൻ എമർജൻസി കൺട്രോൾ റൂം, അംസംബ്ലി ഏരിയ, സർവൈവേഴ്‌സ് റിസപ്ഷൻ ഏരിയ, മീഡിയ സെന്റർ എന്നിവയും പ്രവർത്തനം തുടങ്ങി. ജില്ലാ ഭരണകൂടത്തിന്റെ ദുരന്തനിവാരണ സംഘവും രക്ഷാദൗത്യം ഏകോപിപ്പിക്കുന്നതിൽ പങ്കുവഹിച്ചു. മൂന്നരയോടെ രക്ഷാ ദൗത്യം അവസാനിച്ചതായുള്ള പ്രഖ്യാപനം വന്നു.

'ചൊവ്വാഴ്ച്ച നടന്ന മോക്ക് ഡ്രില്ലിലൂടെ സിയാലിന്റെ സുരക്ഷാ തയ്യാറെടുപ്പുകൾ പരീക്ഷിക്കപെടുകയും വിജയം കാണുകയും ചെയ്തു. ഇതിനായി പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു'. സിയാൽ മാനേജിങ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ് പറഞ്ഞു.

സിയാൽ എമർജൻസി ടാസ്‌ക് ഫോഴ്‌സ്, കേരള പോലീസ്, പോസ്റ്റൽ ഡിപ്പാർട്ട്‌മെന്റ്, കേരള ഫയർഫോഴ്‌സ്, ബി.പി.സി.എൽ, എന്നീ ഏജൻസികൾക്ക് പുറമെ രാജഗിരി, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, ലിറ്റിൽ ഫ്‌ളവർ അപ്പോളോ, സി.എ ഹോസ്പിറ്റൽ, നജാത് ഹോസ്പിറ്റൽ, കാരോത്തുകുഴി ഹോസ്പിറ്റൽ, ആംബുലൻസ് സർവീസുകൾ എന്നിവ മോക്ഡ്രില്ലിൽ പങ്കെടുത്തു.

nedumbassery