/kalakaumudi/media/media_files/2025/12/16/binnale-new-2025-12-16-19-15-42.jpg)
വിദേശ സന്ദര്‍ശകര്‍ ഉള്‍പ്പെടെയുളളവര്‍ കൊച്ചി ബിനാലയിലേക്കൊഴുകുന്നു
കൊച്ചി: കൊച്ചി മുസിരിസ് ബിനാലെ ആറാം എഡിഷനു തിരശീല ഉയര്‍ന്ന ആദ്യ ആഴ്ചയില്‍ തന്നെ വിദേശത്തു നിന്നും സ്വദേശത്തുനിന്നും നൂറൂക്കണക്കിന് സന്ദര്‍ശകരാണ് ബിനാലേ വേദിയിലേക്കൊഴുകിയെത്തുന്നത്. വിദേശ വിനോദസഞ്ചാരികള്‍ ഇന്ത്യക്കകത്തും പുറത്തമുള്ള കലാവിദ്യാര്‍ത്ഥികള്‍ , കലാ ആസ്വാദകര്‍ എന്നിവരടക്കം ദിനം പ്രതി നൂറുക്കണക്കിന് പേര്‍ ബിനാലേ ആസ്വദിക്കാന്‍ എത്തുന്നുണ്ട്.
ഗോവയിലെ എച് എച് ആര്‍ട്ട്‌സ്‌പേസുമായി ചേര്‍ന്ന് പ്രശസ്ത ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്രയാണ് ബിനാലെ ആറാം ലക്കം ക്യൂറേറ്റ് ചെയ്യുന്നത്. ഫോര്‍ട്ട്‌കൊച്ചി, മട്ടാഞ്ചേരി, വെല്ലിംഗ്ടണ്‍ ഐലന്റ്, എറണാകുളം ദര്‍ബാര്‍ ഹാള്‍ എന്നിവിടങ്ങളിലായാണ് 22 ബിനാലെ വേദികള്‍. ഇന്‍വിറ്റേഷനുകള്‍, സ്റ്റുഡന്റ്‌സ് ബിനാലെ, ആര്‍ട്ട് ബൈ ചില്‍ഡ്രന്‍ ആര്‍ട്ട് റൂം , പ്രാദേശിക കലാകാരന്മാര്‍ക്കുള്ള ഇടം' എന്നിവ ഇതിലുള്‍പ്പെടും. ഇതിനു പുറമെ ഏഴ് കൊളാറ്ററല്‍ വേദികളുമുണ്ട്.
സമകാലീന കലയിലെ അത്ഭുതങ്ങളാണ് നേരിട്ട് കാണാന്‍ കഴിയുന്നതെന്നതിനൊപ്പം തന്നെ ജനങ്ങള്‍ക്കും സ്ഥലത്തിനും പ്രാധാന്യം നല്‍കുന്ന മേളയാണിതെന്ന് ചെന്നൈ സ്വദേശിയും ഇപ്പോള്‍ ബംഗളൂരുവില്‍ താമസിക്കുന്ന സംരംഭകനുമായ കാര്‍ത്തിക് പരീജ ചൂണ്ടിക്കാട്ടി. ബിനാലെയുടെ ഔദ്യോഗിക ഉദ്ഘാടനത്തിന് മുമ്പ് തന്നെ എത്തിയതിനാല്‍ പ്രതിഷ്ഠാപനങ്ങള്‍ രൂപപ്പെട്ട് വരുന്നതെങ്ങിനെയെന്ന് നേരിട്ട് കാണാനായി. ബിനാലെ നേതൃത്വത്തിന്റെ കൂട്ടായ പരിശ്രമത്തെയാണ് ഇത് സൂചിപ്പിക്കുന്നത്. കലയ്‌ക്കൊപ്പം പ്രാദേശികജനതയ്ക്കും ദേശവൈവിധ്യത്തിനും ബിനാലെ പ്രാധാന്യം നല്‍കുന്നുവെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
ഫ്രാന്‍സില്‍ നിന്നുള്ള വിനോദസഞ്ചാരിയായ ജോണ്‍ ജൂലിയാര്‍ഡ് ആദ്യമായാണ് കൊച്ചി ബിനാലെ സന്ദര്‍ശിക്കുന്നത്. ബിനാലെയുടെ വൈവിധ്യവും സംഘാടനവും അദ്ദേഹത്തെ ആകര്‍ഷിച്ചു. പ്രദര്‍ശനത്തിലുള്ള സമകാലിക കലാരീതികളുടെ വൈവിധ്യവും, ഈ മേഖലയെക്കുറിച്ച് അറിവില്ലാത്തവര്‍ക്ക് പോലും ആസ്വദിക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്യൂറേഷനും ജോണ്‍ ചൂണ്ടിക്കാട്ടി.
ബിനാലെ പ്രദര്‍ശനങ്ങള്‍ കാണുന്നതിന് ഓണ്‍ലൈനായും ബിനാലെ വേദികളിലൂടെയും ടിക്കറ്റുകള്‍ ലഭ്യമാണ്. മുതിര്‍ന്നവര്‍ക്ക് 200 രൂപയും വിദ്യാര്‍ത്ഥികള്‍ക്കും 60 വയസ് പിന്നിട്ടവര്‍ക്കും 100 രൂപയുമാണ് ടിക്കറ്റ് നിരക്ക്. പത്ത് വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
