/kalakaumudi/media/media_files/2025/02/11/0V3TwFd00CTVDWvPUqkP.jpeg)
കൊച്ചി: കൊച്ചി കോർപ്പറേഷനിൽ ബി.ജെ.പി അംഗമായ അഡ്വ. പ്രിയ പ്രശാന്തിനെ നികുതി അപ്പീൽകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കി. കമ്മിറ്റിയിലെ കോൺഗ്രസ് കൗൺസിലർമാർ ചേർന്ന് അവിശ്വാസ പ്രമേയത്തിലൂടെയാണ് പ്രിയയെ പുറത്താക്കിയത്. അവിശ്വാസ പ്രമേയം ചർച്ച ചെയ്ത യോഗത്തിൽ നിന്ന് രണ്ടു സി.പി.എം അംഗങ്ങൾ വിട്ടു നിന്നു.
അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ച ചെയ്യാൻ ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ് കൗൺസിലർമാരായ മാലിനി കുറുപ്പ്, ശാന്താ വിജയൻ, രജനി മണി, സോണി ജോസഫ്, മിനി വിവേര എന്നിവർ പ്രിയ പ്രശാന്തിനെതിരെ വോട്ടു ചെയ്തു.
ഒമ്പതംഗ കമ്മിറ്റിയിൽ അഞ്ചു പേർ വോട്ടു ചെയ്ത് അവിശ്വാസ പ്രമേയം പാസായി. കോൺഗ്രസ്- 5 , സി.പി.എം- 2, ബി.ജെ.പി-2 എന്നിങ്ങനെയാണ് കക്ഷിനില.
കമ്മിറ്റിയിൽ ബി.ജെ.പി അംഗബലം കുറവായതോടെയാണ് അവിശ്വാസം നൽകിയത്. നികുതി അപ്പീൽ കാര്യ കമ്മിറ്റിയിലേക്ക് ഉണ്ടായ ഒഴിവിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസ കായിക കാര്യസ്റ്റാൻഡിംഗ് കമ്മിറ്റി അംഗമായിരുന്ന കോൺഗ്രസിന്റെ രജനിമണി വിജയിച്ചതോടെയാണ് അവിശ്വാസത്തിന് നോട്ടീസ് നൽകിയത്.
നികുതി അപ്പീൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഇനി നടക്കുന്ന തെരഞ്ഞെടുപ്പിൽ കോൺഗ്രസിലെ മാലിനി കുറുപ്പാകും മത്സരിക്കുക.