കൊച്ചി മെട്രോ സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വ്വീസിന് സ്ത്രീകളുടെ ഇടയില്‍ വന്‍ സ്വീകാര്യത

കൊച്ചി മെട്രോയുടെ സർക്കുലർ ഇലക്ട്രിക് ബസ് സർവീസിന് സ്ത്രീ യാത്രക്കാരുടെ ഇടയിൽ വൻ സ്വീകാര്യത. എംജി റോഡ്-ഹൈക്കോർട്ട് റൂട്ടിൽ കെഎംആർഎൽ ആരംഭിച്ച ഇലക്ട്രിക് ബസ് സർവീസിലെ യാത്രക്കാരിൽ 51ശതമാനം സ്ത്രീകളാണെ

author-image
Shyam Kopparambil
New Update
WhatsApp Image 2025-09-01 at 2.38.08 PM

കൊച്ചി : കൊച്ചി മെട്രോയുടെ സർക്കുലർ ഇലക്ട്രിക് ബസ് സർവീസിന് സ്ത്രീ യാത്രക്കാരുടെ ഇടയിൽ വൻ സ്വീകാര്യത. എംജി റോഡ്-ഹൈക്കോർട്ട് റൂട്ടിൽ കെഎംആർഎൽ ആരംഭിച്ച ഇലക്ട്രിക് ബസ് സർവീസിലെ യാത്രക്കാരിൽ 51ശതമാനം സ്ത്രീകളാണെന്ന് കോഴിക്കോട് എൻഐടി വിദ്യാർത്ഥികൾ നടത്തിയ സർവേയിൽ കണ്ടെത്തി. സമാന സർവീസുകളിലെ സ്ത്രീ യാത്രക്കാരുടെ ദേശീയ ശരാശരിയായ 20-30 ശതമാനത്തിൽ നിന്ന് വളരെ ഉയർന്ന നിരക്കാണിത്.

സുരക്ഷിത യാത്രക്ക് മുൻഗണന


യാത്രക്കാരിൽ ഭൂരിഭാഗവും വർക്കിങ് പ്രൊഫഷണലുകളാണ്. സുരക്ഷിതമായി യാത്ര ചെയ്യാനുള്ള സൗകര്യം തന്നെയാണ് ഈ സർവീസുകളുടെ പ്രധാന പ്രത്യേകത. പൂർണമായും ശീതീകരിച്ച ഈ ബസുകൾ വാട്ടർ മെട്രോ, മെട്രോ റെയിൽ, റെയിൽവേ സ്റ്റേഷനുകൾ, ഷോപ്പിങ് സെൻ്ററുകൾ, ആശുപത്രികൾ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്നു. 20 രൂപയ്ക്ക് ഈ റൂട്ടിൽ എവിടെയും യാത്ര ചെയ്യാം എന്നതും ആകർഷകമാണ്.

സ്ഥിരം യാത്രക്കാരുടെ എണ്ണത്തിൽ വർധനവ്


സർവേ പ്രകാരം, യാത്രക്കാരിൽ 45.1 ശതമാനവും സ്ഥിരം യാത്രക്കാരാണ്. 12.6 ശതമാനം ആളുകൾ ആഴ്ചയിൽ ഒരിക്കലെങ്കിലും യാത്ര ചെയ്യുന്നവരാണ്. 17.5 ശതമാനം യാത്രക്കാര്‍ വല്ലപ്പോഴും ഇതില്‍ യാത്രചെയ്യുന്നവരാണ്. സര്‍വേ നടത്തുന്ന സമയം ആദ്യമായി യാത്രചെയ്യുന്ന 15. 4 ശതമാനം ആളുകളെ കണ്ടെത്തിയിരുന്നു.


കൃത്യസമയത്തുള്ള സർവീസുകളാണ് സ്ഥിരം യാത്രക്കാരെ ആകർഷിക്കുന്ന പ്രധാന ഘടകം. സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയ്ക്കുന്നതിനും അതുവഴി നഗരത്തിലെ കാർബൺ മലിനീകരണം കുറയ്ക്കുന്നതിനും ഈ ബസുകൾ സഹായകമാകുന്നുണ്ട്.

പ്രൊഫഷണലുകളുടെയും വിദ്യാർഥികളുടെയും പിന്തുണ

ഇന്ത്യന്‍ നഗരങ്ങളില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള പലവിധ കാരണങ്ങളാല്‍ സ്ത്രീകള്‍ യാത്രയ്ക്ക് ബസിനെ ആശ്രയിക്കുന്നത് കുറവാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ആ സാഹചര്യത്തില്‍ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സര്‍വീസിന് സ്ത്രീകളുടെ ഇടയില്‍ നിന്ന് ലഭിക്കുന്ന വലിയ വരവേല്‍പ്പ് ശ്രദ്ധേയമാണ്. യാത്രക്കാരില്‍ കൂടുതലും വര്‍ക്കിങ് പ്രൊഫഷണലുകളാണ് എന്നതിനാല്‍ അവരുടെ സ്വകാര്യ വാഹന ഉപയോഗവും കുറയുന്നു. നഗരത്തില്‍ കാര്‍ബണ്‍ എമിഷന്‍ കുറയാനും ഇത് കാരണമാകുന്നു.

മറ്റ് ഇന്ത്യന്‍ നഗരങ്ങളിലെ ബസ് സര്‍വീസുകളില്‍ സ്ഥിരം യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്. ഇവിടെയാകട്ടെ പകുതിയിലേറെയും സ്ഥിരം യാത്രക്കാരണ്. ജോലിക്ക് പോകുന്നവര്‍ക്ക് ധൈര്യമായി ആശ്രയിക്കാവുന്ന യാത്രാ മാര്‍ഗമായി സര്‍ക്കുലര്‍ ഇലക്ട്രിക് ബസ് സര്‍വീസ് മാറിയെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. സമയ ക്ലിപ്ത പാലിച്ചുള്ള സര്‍വീസാണ് ഇതിന് സഹായിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

25-നും 47-നും ഇടയിൽ പ്രായമുള്ള വർക്കിങ് പ്രൊഫഷണലുകളാണ് യാത്രക്കാരിലെ ഏറ്റവും വലിയ വിഭാഗം. തൊട്ടുപിന്നിൽ വിദ്യാർഥികളും, തുടർന്ന് ബിസിനസുകാരും വീട്ടമ്മമാരും മുതിർന്ന പൗരന്മാരുമാണ്.

ഇലക്ട്രിക് സർവീസ് ബസ് റൂട്ട്

ആലുവ-എയര്‍ പോര്‍ട്ട്, കളമശേരി -മെഡിക്കല്‍ കോളജ്, കാക്കനാട് - ഇന്‍ഫോപാര്‍ക്ക്, ഹൈക്കോര്‍ട്ട്- എംജി റോഡ് റൂട്ടുകളിലായി ഇപ്പോള്‍ പ്രതിദിനം ശരാശരി 4600 ലേറെ ആളുകളാണ് യാത്ര ചെയ്യുന്നത്. മാര്‍ച്ചില്‍ ആരംഭിച്ച എംജി റോഡ് സര്‍ക്കുലര്‍ റൂട്ടില്‍ ഇപ്പോള്‍ പ്രതിദിനം ശരാശരി 818 പേര്‍ യാത്ര ചെയ്യുന്നു. സര്‍വീസ് തുടങ്ങി ഇതേവരെ 1,34,317 പേര്‍ യാത്ര ചെയ്തിട്ടുണ്ട്. ഇപ്പോൾ എറണാകുളം സൗത്ത് വരെയുള്ള സര്‍ക്കുലര്‍ സര്‍വീസ് കൊച്ചിന്‍ ഷിപ്‌യാര്‍ഡ് വഴി നേവല്‍ ബേസിലേക്ക് ദീര്‍ഘിപ്പിച്ചിരുന്നു.

kochi metro