/kalakaumudi/media/media_files/2025/09/20/whatsapp-image-2-2025-09-20-18-21-29.jpeg)
കൊച്ചി : ഡെല്‍ഹി മെട്രോ ആരംഭിച്ച മാതൃകയില്‍ ഫ്രൈറ്റ് സര്‍വ്വീസ് സൗകര്യം കൊച്ചി മെട്രോയും ആരംഭിക്കുന്നു. തിരക്ക് കുറഞ്ഞ സമയത്ത് പെട്ടെന്ന് നശിക്കാത്ത പാക്ക് ചെയ്ത വസ്തുക്കളുടെ കൈമാറ്റത്തിനാണ് കൊച്ചി മെട്രോ അവസരമൊരുക്കുന്നത്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധത്തിലായിരിക്കും ഈ സേവനം നടപ്പാക്കുന്നത്. രാജ്യത്തെ എല്ലാ മെട്രോ ട്രയിനുകളിലും ചരക്ക് ഗതാഗത സേവനം ആരംഭിക്കണമെന്ന കേന്ദ്ര ഗവണ്‍മെന്റ് നിര്‍ദേശത്തെതുടര്‍ന്നാണ് കൊച്ചി മെട്രോയും ഫ്രൈറ്റ് സര്‍വ്വീസ് ആരംഭിക്കുക. കൊച്ചിയിലെ ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനപ്പെടുന്ന മെട്രോ ഫ്രൈറ്റ് സര്‍വ്വീസ് കെ.എം.ആര്‍.എല്ലിന് അധികവരുമാനത്തിന് സഹായിക്കും. മാത്രമല്ല ബിസിനസ് സ്ഥാപനങ്ങളെ കൊച്ചി മെട്രോയുമായി കൂടുതല്‍ അടുപ്പിക്കുവാനും ചരക്കും സേവനവും വളരെ പെട്ടെന്ന്് കൈമാറാന്‍ ബിസിനസുകാര്‍ക്കും പുതിയൊരു മാര്‍ഗം തുറന്ന് കിട്ടുവാനും ഇത് വഴിതുറക്കും.
ഈ സേവനം പ്രയോജനപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ contact@kmrl.co.in എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടണം. ബിസിനസ് സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രതികരണം അനുസരിച്ചാകും നിരക്ക്, സമയം, മറ്റു വ്യവസ്ഥകള്‍ തുടങ്ങിയവ അന്തിമമാക്കുക.