കൊച്ചി മെട്രോയുടെ സർക്കുലർ ഇ ബസ് ഹിറ്റോ ഹിറ്റ്; പ്രിയമേറെ സ്ത്രീകൾക്ക്, ദേശീയ ട്രെൻഡുകൾ മറികടന്ന് പുതു ചരിത്രം

കൊച്ചി മെട്രോയുടെ എംജി റോഡ്-ഹൈക്കോടതി റൂട്ടിലെ സർക്കുലർ ഇലക്ട്രിക് ബസ് സർവീസിന് സ്ത്രീകളുടെ ഇടയിൽ വൻ സ്വീകാര്യത

author-image
Devina
New Update
kochi


കൊച്ചി: എംജി റോഡ്-ഹൈക്കോർട്ട് റൂട്ടിൽ കൊച്ചി മെട്രോ ആരംഭിച്ച സർക്കുലർ ഇലക്ട്രിക് ബസ് റൂട്ടിന് സ്ത്രീകളുടെ ഇടയിൽ വൻ സ്വീകാര്യത. കൊച്ചിയുടെ ചരിത്രത്തിൽ ആദ്യമായി അവതരിപ്പിക്കപ്പെട്ട ഈ സർക്കുലർ റൂട്ടിൽ പതിവായി യാത്രചെയ്യുന്നവരിൽ പകുതിയിലേറെയും സ്ത്രീ യാത്രക്കാർ. ഈ റൂട്ടിലെ യാത്രക്കാരുടെ ശരാശരി പ്രായം 37. കോഴിക്കോട് എൻ.ഐ.റ്റി വിദ്യാർത്ഥികൾ നടത്തിയ സർവ്വേയിലാണ് ഈ കണ്ടെത്തൽ. ഈ റൂട്ടിലെ യാത്രക്കാരിൽ 51 ശതമാനമാണ് സ്ത്രീകൾ. യാത്രക്കാരിൽ 49 ശതമാനമാണ് പുരുഷന്മാർ. ദേശീയതലത്തിലുള്ള ട്രെൻഡിൽ നിന്ന് വ്യത്യസ്തമാണ് കൊച്ചിയിലെ ഇലക്ട്രിക് ബസ് യാത്രാ ചരിത്രം. ഇത്തരം സർവ്വീസുകളിലെ സ്ത്രീ യാത്രക്കാരുടെ ദേശീയ ശരാശരി 20 മുതൽ 30 ശതമാനം വരെ ആണെന്നിരിക്കേയാണ് കൊച്ചി മെട്രോയുടെ ഇലക്ട്രിക് ബസ് സർവ്വീസ് തികച്ചും വ്യത്യസ്തമാകുന്നത്.സ്ത്രീകൾക്ക് ഏറ്റവും സുരക്ഷിതമായി യാത്രചെയ്യാമെന്നതാണ് ഈ സർവ്വീസുകളുടെ പ്രത്യേകത. പൂർണമായും ശീതീകരിച്ച ഇ- ബസ് വാട്ടർ മെട്രോ, മെട്രോ റെയിൽ, റെയിൽവേ സ്റ്റേഷൻ, പ്രധാന ഷോപ്പിംഗ് സെന്ററുകൾ, ആശുപത്രികൾ എന്നിവയെ കണക്ട് ചെയ്യുന്നു. വെറും 20 രൂപയ്ക്ക് ഈ റൂട്ടിൽ എവിടേക്കും യാത്ര ചെയ്യാമെന്ന പ്രത്യേകതയുമുണ്ട്. 25 നും 47 നും ഇടയിൽ പ്രായമുള്ള വർക്കിംഗ് പ്രൊഫഷണലുകളാണ് യാത്രക്കാരിലെ ഏറ്റവും വലിയ വിഭാഗം. തൊട്ടടുത്ത് വിദ്യാർത്ഥികളാണ്.

ബിസിനസുകാർ, വീട്ടമ്മമാർ, മുതിർന്നപൗരന്മാർ തുടങ്ങിയവരാണ് യഥാക്രമം തൊട്ടടുത്ത വിഭാഗങ്ങളിലുള്ളത്. സ്ത്രീ യാത്രക്കാരിൽ ഭൂരിഭാഗവും വർക്കിംഗ് പ്രൊഫഷണലുകളാണ്. യാത്രക്കാരിൽ 45.1 ശതമാനവും സ്ഥിരം യാത്രക്കാരാണ് എന്നത് സർക്കുലർ ബസ് സർവ്വീസിന്റെ ജനീകയത വിളിച്ചോതുന്നു. 12.6 ശതമാനം ആളുകൾ ആഴ്ചയിലൊരിക്കലെങ്കിലും ഫീഡർ ബസിൽ യാത്ര ചെയ്യുന്നവരാണ്. 17.5 ശതമാനം യാത്രക്കാർ വല്ലപ്പോഴും ഇതിൽ യാത്രചെയ്യുന്നവരാണ്. സർവ്വേ നടത്തുന്ന സമയം ആദ്യമായി യാത്രചെയ്യുന്ന 15. 4 ശതമാനം ആളുകളെ കണ്ടെത്തി.ഇന്ത്യൻ നഗരങ്ങളിൽ സുരക്ഷ ഉൾപ്പെടെയുള്ള പലവിധ കാരണങ്ങളാൽ സ്ത്രീകൾ യാത്രയ്ക്ക് ബസിനെ ആശ്രയിക്കുന്നത് കുറവാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ആ സാഹചര്യത്തിൽ കൊച്ചി മെട്രോ ഇലക്ട്രിക് ബസ് സർവ്വീസിന് സ്ത്രീകളുടെ ഇടയിൽ നിന്ന് ലഭിക്കുന്ന വലിയ വരവേൽപ്പ് വളരെ ശ്രദ്ധേയമാണ്. യാത്രക്കാരിൽ കൂടുതലും വർക്കിംഗ് പ്രൊഫഷണലുകളാണ് എന്നതിനാൽ അവരുടെ സ്വകാര്യ വാഹന ഉപയോഗവും കുറയുന്നു.

നഗരത്തിൽ കാർബൺ എമിഷൻ കുറയാനും ഇത് കാരണമാകുന്നു. മറ്റ് ഇന്ത്യൻ നഗരങ്ങളിലെ ബസ് സർവ്വീസുകളിൽ സ്ഥിരം യാത്രക്കാരുടെ എണ്ണവും വളരെ കുറവാണ്. ഇവിടെയാകട്ടെ പകുതിയിലേറെയും സ്ഥിരം യാത്രക്കാരണ്. ജോലിക്ക് പോകുന്നവർക്ക് ധൈര്യമായി ആശ്രയിക്കാവുന്ന യാത്രാ മാർഗമായി സർക്കുലർ ഇലക്ട്രിക് ബസ് സർവ്വീസ് മാറിയെന്നാണ് ഇതിൽ നിന്ന് വ്യക്തമാകുന്നത്. സമയ ക്ലിപ്ത പാലിച്ചുള്ള സർവ്വീസാണ് ഇതിന് സഹായിക്കുന്നത്.

ആലുവ-എയർ പോർട്ട്, കളമശേരി -മെഡിക്കൽ കോളെജ്, കാക്കനാട് - ഇൻഫോപാർക്ക്്, ഹൈക്കോർട്ട്- എംജി റോഡ് റൂട്ടുകളിലായി ഇപ്പോൾ പ്രതിദിനം ശരാശരി 4600 ലേറെ ആളുകളാണ് യാത്ര ചെയ്യുന്നത്. മാർച്ചിൽ ആരംഭിച്ച എം.ജി റോഡ് സർക്കുലർ റൂട്ടിൽ ഇപ്പോൾ പ്രതിദിനം ശരാശരി 818 പേർ യാത്ര ചെയ്യുന്നു. സർവ്വീസ് തുടങ്ങി ഇതേവരെ 1,34,317 പേർ യാത്ര ചെയ്തിട്ടുണ്ട്. കഴിഞ്ഞയിടെ എറണാകുളം സൗത്ത് വരെയുള്ള സർക്കുലർ സർവ്വീസ് കൊച്ചിൻ ഷിപ്പ്യാർഡ് വഴി നേവൽ ബേസിലേക്ക് ദീർഘിപ്പിച്ചിരുന്നു.