ഐഎസ് റിക്രൂട്ട്‌മെന്റ് കേസില്‍ 2 പ്രതികള്‍ക്ക് 8 വര്‍ഷത്തെ കഠിന തടവ്

കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവില്‍ പറഞ്ഞു.

author-image
Biju
New Update
is

കൊച്ചി: സംസ്ഥാനത്തെ ഐഎസ് റിക്രൂട്ട്‌മെന്റ് കേസിലെ രണ്ട് പ്രതികളെയും എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ച് എന്‍ഐഎ കോടതി. രണ്ടു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചത്. 

കോയമ്പത്തൂര്‍ ഉക്കടം സ്വദേശികളായ മുഹമ്മദ് അസറുദ്ദീന്‍, ഷെയ്ഖ് ഹിദായത്തുള്ള എന്നിവരെയാണ് എട്ടുവര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ഇരുവര്‍ക്കുമെതിരെ ചുമത്തിയ എല്ലാ വകുപ്പുകളും തെളിഞ്ഞതായും കോടതി ഉത്തരവില്‍ പറഞ്ഞു. മൂന്ന് വകുപ്പുകളിലായി എട്ടു വര്‍ഷം വീതം കഠിന തടവ് അനുഭവിക്കണം. 

ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. 2019 ലാണ് എന്‍ഐഎ കേസ് അന്വേഷണം തുടങ്ങിയത്. നിരോധിത സംഘടനയായ ഐഎസിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക, ആശയങ്ങള്‍ പ്രചരിപ്പിക്കുക സമൂഹമാധ്യമങ്ങളില്‍ ആശയപ്രചരണം നടത്തുക എന്നിവയാണ് പ്രതികള്‍ക്കെതിരെ എന്‍ഐഎ ചുമത്തിയ കുറ്റം.

ഐഎസിന്റെ ക്രൂരകൃത്യങ്ങള്‍ പറയുന്ന വീഡിയോകള്‍, തീവ്രനിലപാടുള്ള നേതാക്കളുടെ വീഡിയോകള്‍ തുടങ്ങിയവ യുവാക്കളിലേക്ക് എത്തിക്കുക, ഐഎസിന്റെ ആശയപ്രചാരണം നടത്തുക തുടങ്ങിയ കാര്യങ്ങള്‍ തെളിഞ്ഞതായാണ് എന്‍ഐഎ കോടതി കണ്ടെത്തിയത്. യുവാക്കളെ സിറിയയിലേക്ക് റിക്രൂട്ട് ചെയ്യാന്‍ നേരിട്ട് ഇരുവരും നീക്കം നടത്തിയെന്നാണ് കണ്ടെത്തല്‍.

കോയമ്പത്തൂരിലെ കാര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളായ ഇരുവരും നിലവില്‍ വെല്ലൂര്‍ ജയിലില്‍ തുടരുകയാണ്. കേസിന്റെ വിധി പറയുന്നതിന്റെ ഭാഗമായി ഇരുവരെയും ഇന്ന് കൊച്ചിയിലെത്തിക്കുകയായിരുന്നു.

ISIS