/kalakaumudi/media/media_files/2025/07/21/vs-new-222222222222-2025-07-21-16-10-42.jpg)
ശ്രീകുമാര്‍ മനയില്‍
എറണാകുളം ജില്ല എക്കാലവും വിഎസ് അച്യുതാനന്ദന്റെ കോട്ടയായിരുന്നു. 1980 ല്‍ വിഎസ് സംസ്ഥാന സെക്രട്ടറിയായതിന് ശേഷം തന്റെ വിശ്വസ്ഥനായ എ പിവര്‍ക്കിയിലൂടെ എറണാകുളം ജില്ലയെ തന്റെ കൈപ്പിടിയില്‍ ഒതുക്കിവച്ച നേതാവായിരുന്നു വിഎസ് അച്യുതാനന്ദന്‍. എപി വര്‍ക്കി എറണാകുളത്തെ ഏറ്റവും ജനകീയനായ കമ്യൂണിസ്റ്റു നേതാവായിരുന്നു. അദ്ദേഹത്തെ ജില്ലാ സെക്രട്ടറിയാക്കിയിരുത്തിക്കൊണ്ട് വിഎസ് അച്യുതാനന്ദന്‍ എറണാകുളം ജില്ലയില്‍ തേരോട്ടം നടത്തുകയായിരുന്നു. നീണ്ട 32 വര്‍ഷക്കാലം വിഎസിന്റെ ഇളക്കാനാകാത്ത കോട്ടയായി എറണാകുളം തുടര്‍ന്നു. ജില്ലയിലെ സിപിഎമ്മിലെ കരുത്തരായ രണ്ടാം തലമുറയെ വളര്‍ത്തിയെടുത്തത് വിഎസ് അച്യുതാനന്ദനായിരുന്നു. എസ് ശര്‍മ്മ, കെ ചന്ദ്രന്‍പിള്ള, ഗോപികോട്ടമുറിക്കല്‍ , എന്‍സി മോഹനന്‍, സിഎം ദിനേശ്മണി, തുടങ്ങി നിരവധി കരുത്തുറ്റ നേതാക്കളെ സിപിഎമ്മിന്റെ യുവജനസംഘടയിലൂടെ വിഎസ് വളര്‍ത്തിക്കൊണ്ടുവന്നു. ഇവരൊക്കെ പിന്നീട് എംഎല്‍എമാരും മന്ത്രിമാരുമായി.
സിപിഎമ്മിലെ കരുത്തരായ സി ഐടിയു വിഭാഗത്തിന്റെ തട്ടകമായിരുന്നു എറണാകുളം. ഇ ബാലനന്ദനും, എംഎം ലോറന്‍സും കെ എന്‍ രവീന്ദ്രനാഥുമായിരുന്നു സിഐടിയു പക്ഷത്തിന്റെ നേതാക്കള്‍. ഇവരാകട്ടെ വിഎസ് അച്യുതാനന്ദന്റെ പാര്‍ട്ടിയിലെ എണ്ണം പറഞ്ഞ എതിരാളികളും. ഇവരെ മൂലക്കിരുത്തിക്കൊണ്ടാണ് വിഎസ് എറണാകുളത്തെ പാര്‍്ട്ടിയെ തന്റെ കാല്‍ക്കീഴിലാക്കിയത്. കേരളത്തിന്റെ വ്യവസായ തലസ്ഥാനമെന്ന നിലയില്‍ എറണാകുളത്തിന് വലിയ പ്രധാന്യമുണ്ട്. ഇതു കണ്ടറിഞ്ഞ വിഎസ് പാര്‍ട്ടിയിലെ വിഭാഗീയതയില്‍ എറണാകുളം ജില്ലയെ എപി വര്‍ക്കി വഴി തനിക്കൊപ്പം നിര്‍ത്തി. തൊണ്ണൂറുകളുടെ അവസാനം സിഐടിയു വിഭാഗത്തെ പൂര്‍ണ്ണമായും പാര്‍ട്ടിയില്‍ വിഎസ് വെട്ടിനിരത്തി. എംഎം ലോറന്‍സിനെ ഏരിയാ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി. കെ എന്‍ രവീന്ദ്രനാഥ് കേന്ദ്ര കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കപ്പെട്ടു. വിബി ചെറിയാന്‍ പാര്‍ട്ടിക്ക് പുറത്തായി. എറണാകുളം കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സിഐടിയു ലോബി പാര്‍ട്ടിയില്‍ നാമാവശേഷമായി.
പിണറായി പാര്‍ട്ടിയില്‍ ആധിപത്യം സ്ഥാപിക്കുന്ന കാലത്ത് എറണാകുളം ജില്ലാ കമ്മിറ്റി പിടിക്കാന്‍ പരമാവധി ശ്രമിച്ചു. എന്നാല്‍ വിഎസിന്റെ വിശ്വസ്ഥരായ ശര്‍മ്മയും ചന്ദ്രന്‍പിള്ളയും കൂടി അതിനെ ചെറുത്തു. വിഎസിന്റെ ശിഷ്യരായ ഇവര്‍ക്ക് രണ്ടുപേര്‍ക്കും അതിന്റെ വില കൊടുക്കേണ്ടിയും വന്നു. ഒരു കാലത്ത് വിഎസ് തന്റെ ജില്ലയായ ആലപ്പുഴയെക്കാള്‍ ഇഷ്ടപ്പെട്ടിരുന്നത് എറണാകുളത്തെയാണന്ന് പറയാറുണ്ടായിരുന്നു. വ്യവസായമേഖലയായിട്ടും സിഐടിയു വിഭാഗത്തിന്റെ കരുത്തരായ നേതാക്കളുണ്ടായിരുന്നിട്ടും എറണാകുളത്തെ സിപിഎം അണികള്‍ വിഎസിനൊപ്പം നിന്നു. എറണാകുളം ജില്ലവഴിയാണ് വിഎസ് കാല്‍നൂറ്റാണ്ടിലധികം കാലം സിപിഎമ്മിനെ കൈപ്പിടിയിലിട്ട് അമ്മാനമാടിയിരുന്നത്.
എറണാകുളത്തെ വലിയ വ്യവസായികളുമായും വിഎസിന് നല്ല അടുപ്പമുണ്ടായിരുന്നു. അവര്‍ക്ക് വിഎസിനെ ബഹുമാനവുമായിരുന്നു. പലരും വിഎസില്‍ ആരോപിക്കുന്ന മര്‍ക്കടമുഷ്ടിയൊന്നും വിഎസില്‍ തങ്ങള്‍ കണ്ടിട്ടില്ലന്ന് ആ വ്യവസായികള്‍ പറയാറുണ്ടായിരുന്നു. എന്നാല്‍ എംജിറോഡിലെ കയ്യേറ്റമൊഴിപ്പിക്കുന്ന സമയത്ത് വിഎസിന്റെ മറ്റൊരു മുഖവും കൊച്ചിയിലെ വ്യവസായ ലോബി കണ്ടു. ആസമയത്ത് വിഎസിനെ അനുനയിപ്പിക്കാന്‍ ശ്രമിച്ച വ്യവസായികള്‍ക്കെല്ലാം നിരാശരാകേണ്ടി വന്നു. 2002 ല്‍ എപി വര്‍ക്കി മരിച്ചതോടെയാണ് കൊച്ചിയില്‍ വിഎസിന്റെ പിടി അയയുമെന്ന് പലരും വിചാരിച്ചെങ്കിലും ശര്‍മ്മയിലൂടെയും ചന്ദ്രന്‍പിള്ളയിലൂടെയും ജില്ലയെ അദ്ദേഹം തന്റെ കൈപ്പിടിയിലൊതുക്കി. അവസാനം ജില്ലാ സെക്രട്ടറിയായിരുന്ന ഗോപി കോട്ടമുറിക്കല്‍ മറുകണ്ടം ചാടിയതോടെയാണ് വിഎസിന്റെ സ്വാധീനം ജില്ലയില്‍ കുറഞ്ഞുവരാന്‍ തുടങ്ങിയത്.