കൊടകര കുഴല്‍പ്പണ കേസില്‍ വിശദ അന്വേഷണ ഹര്‍ജി തള്ളണമെന്ന് ഇ ഡി

ഇ.ഡി ഒരു സൂപ്പര്‍ സിബിഐ ഒന്നുമല്ല. അവര്‍ അന്വേഷണം നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ), ഫെമ എന്നിവയുടെ അടിസ്ഥാനത്തിലാണെന്ന് കോടതി

author-image
Rajesh T L
New Update
kerala highcourt

kerala highcourt

Listen to this article
0.75x 1x 1.5x
00:00 / 00:00

കൊച്ചി: കൊടകര കുഴല്‍പ്പണ കേസില്‍ വിശദ അന്വേഷണം ആവശ്യപ്പെട്ട ആം ആദ്മി പാര്‍ട്ടിയുടെ ഹര്‍ജി തള്ളണമെന്ന ആവശ്യവുമായി ഇ.ഡി ഹൈക്കോടതിയില്‍. കള്ളപ്പണത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്ന് നേരത്തെ കോടതിയില്‍ സമര്‍പ്പിച്ച മറുപടി സത്യവാങ്മൂലത്തില്‍ ഇ.ഡി അറിയിച്ചിരുന്നു. കേസില്‍ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി പേരുടെ മൊഴി ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ഇ.ഡി അറിയിച്ചു. ഹര്‍ജിയില്‍ കോടതി പിന്നീട് വിധി പറയും.

അതേസമയം, 2021ല്‍ തന്നെ കേസില്‍ ഇ.ഡി പ്രാഥമികാന്വേഷണം നടത്തിയിട്ടും ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്തത് 2023ല്‍ മാത്രമാണെന്ന് ഹര്‍ജിക്കാരനായ ആം ആദ്മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വിനോദ് മാത്യു വില്‍സനു വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. പൊലീസിന്റെ അന്തിമ റിപ്പോര്‍ട്ടില്‍ ഇതില്‍ ഉള്‍പ്പെട്ട പ്രമുഖ വ്യക്തികളെക്കുറിച്ച് പറയുന്നുണ്ട്. എന്നിട്ടും അന്വേഷണം നടക്കുന്നില്ലെന്നും അദ്ദേഹം വാദിച്ചു. എന്നാല്‍ 2021ല്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് കേസില്‍ ഇസിഐആര്‍ റജിസ്റ്റര്‍ ചെയ്യുന്നത്. അതുകൊണ്ടാണ് 2023 വരെ സമയമെടുത്തത് എന്ന് ഇ.ഡിയും വ്യക്തമാക്കി. 

ഇതിനിടെ, കേസില്‍ ഇടപെടുന്നത് സംബന്ധിച്ച് ഇ.ഡിക്ക് പരിമിതിയുണ്ടോ എന്ന കാര്യത്തില്‍ കോടതി തന്നെ സംശയം പ്രകടിപ്പിച്ചു. ഇ.ഡി ഒരു സൂപ്പര്‍ സിബിഐ ഒന്നുമല്ല. അവര്‍ അന്വേഷണം നടത്തുന്നത് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പിഎംഎല്‍എ), ഫെമ എന്നിവയുടെ അടിസ്ഥാനത്തിലാണ്. കുറ്റകരമായ മാര്‍ഗത്തിലൂടെ ഉണ്ടാക്കിയ പണം സര്‍ക്കാരിലേക്ക് കണ്ടുകെട്ടുക എന്നതാണ് പിഎംഎല്‍എയിലൂടെ അവര്‍ ചെയ്യുന്നത്. എന്നാല്‍ കൊള്ളയടിക്കല്‍ കുറ്റത്തിനാണ് ഈ കേസില്‍ കൊടകര പൊലീസ് റജിസ്റ്റര്‍ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നും ജസ്റ്റിസുമാരായ പി.ഗോപിനാഥ്, വി.എം. ശ്യാംകുമാര്‍ എന്നിവരുടെ ബെഞ്ച് വാക്കാല്‍ നിരീക്ഷിച്ചു. 

പൊതുതാല്‍പര്യ ഹര്‍ജി നല്‍കിയതിന്റെ ഉദ്ദേശ്യശുദ്ധിയും ഇ.ഡി ചോദ്യം ചെയ്തു. ഈ വിഷയത്തില്‍ പൊതുതാല്‍പര്യമില്ല. രാഷ്ട്രീയ താല്‍പര്യങ്ങളും ഗൂഡലക്ഷ്യങ്ങളും മുന്‍നിര്‍ത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഇത്തരം കുറ്റകൃത്യങ്ങളില്‍ പണത്തിന്റെ ഉറവിടം കണ്ടെത്തുന്നതിനും മറ്റും കര്‍ശനമായ അന്വേഷണം ആവശ്യമാണ്. 

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് മൂന്നര കോടി രൂപ കര്‍ണാടകത്തില്‍നിന്ന് ബിജെപിക്കു വേണ്ടി കേരളത്തില്‍ എത്തിയെന്നും എന്നാല്‍ ഇതുവരെയായിട്ടും കാര്യമായ നടപടികളൊന്നും കേസില്‍ ഉണ്ടായിട്ടില്ലെന്നും ആരോപിച്ചാണ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്.

 

enforcement dirctorate AAP Party kodakala black money case highcourtofkerala