കൊടി സുനിയുടെ പരോള്‍ ആഭ്യന്തര വകുപ്പ് തെറ്റായ രീതിയിലാണ് അനുവദിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മനുഷ്യാവകാശ കമ്മീഷനെ മറയാക്കി രാഷ്ട്രീയ താത്പര്യം അനുസരിച്ചാണ് ടി.പി. കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചതെന്നും രമേശ് പറഞ്ഞു.
മനുഷ്യാവകാശ കമ്മീഷന്‍ തന്നെ സി.പി.എമ്മിന്റെ ആളുകളാണ്. കൊടി സുനിയെ പോലെ ഒരാളിന് ഇപ്പോള്‍ അടിയന്തിരമായി പരോള്‍ നല്‍കേണ്ട കാര്യമെന്താണ്? ഇതില്‍ രാഷ്ട്രീയം കളിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഇടപെടലില്ലാതെ ഈ പരോള്‍ കിട്ടില്ല. നിയമപരമായി പരോള്‍ കിട്ടാനുള്ള നടപടിക്രമങ്ങള്‍ പാലിക്കാതെ പരോള്‍ കൊടുത്തിരിക്കുന്നു എന്നതാണ് ഇവിടെ പ്രശ്‌നമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ടി.പി. വധക്കേസില്‍ മൂന്നാം പ്രതിയാണ് കൊടി സുനി. 30 ദിവസത്തെ പരോളാണ് സുനിക്ക് അനുവദിച്ചിരിക്കുന്നത്. മനുഷ്യാവകാശ കമ്മിഷന്റെ കത്ത് പരിഗണിച്ചാണ് ജയില്‍ വകുപ്പിന്റെ നടപടി. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മിഷന് അപേക്ഷ നല്‍കിയിരുന്നു. ജയിലില്‍ കഴിയുമ്പോള്‍ മറ്റ് കേസുകളില്‍ പ്രതിയായതിനാല്‍ പരോള്‍ നിഷേധിച്ചിരുന്നു. മനുഷ്യാവകാശ കമ്മിഷന്റെ നിര്‍ദേശപ്രകാരമാണ് ജയില്‍ ഡിജിപി പരോള്‍ അനുവദിച്ചത്. പരോള്‍ ലഭിച്ചതോടെ ഡിസംബര്‍ 28ന് തവനൂര്‍ ജയിലില്‍നിന്ന് സുനി പുറത്തിറങ്ങി.