/kalakaumudi/media/media_files/2025/08/07/kodi-suni-2025-08-07-17-20-42.jpg)
കണ്ണൂര്‍ :ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിയായ് കൊടി സുനിയെ ജയില്‍ മാറ്റും. ജയിലിനകത്തും പുറത്തും ലഹരിമരുന്ന് കച്ചവടം നടത്തുവെന്ന് റിപ്പോര്‍ട്ട് ലഭിച്ചതിനെ തുടര്‍ന്ന് കൊടി സുനിയെ ജയില്‍ മാറ്റാന്‍ തീരുമാനിച്ചത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് കൊടി സുനിയെ മാറ്റുക. ദിവസങ്ങള്‍ക്ക് മുമ്പ് കൊടി സുനി മദ്യപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ ഇതില്‍ പൊലീസുകാരെ സസ്‌പെന്റ് ചെയ്തതല്ലാതെ മറ്റു നടപടികളൊന്നും ഇതുവരെ സ്വീകരിച്ചിട്ടില്ല.
അതേസമയം, കൊടി സുനിയുടെയും സംഘത്തിന്റയും പരസ്യ മദ്യപാനത്തില്‍ കേസെടുക്കാത്ത പൊലീസ് നടപടിയെ ന്യായീകരിച്ചായിരുന്നു സിപിഎം നേതൃത്വത്തിന്റെ പ്രതികരണം. വീഴ്ച്ചയില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തുവെന്ന് സ്പീക്കര്‍ എഎന്‍ ഷംസീറും പി ജയരാജനും പ്രതികരിച്ചു. പരോള്‍ ഉള്‍പ്പെടെ മുടങ്ങുന്ന സാഹചര്യം ഒഴിവാക്കാനാണ് ടിപി വധക്കേസ് പ്രതികള്‍ക്കെതിരെ കേസെടുക്കാത്തതെന്ന് എംഎല്‍എ കെകെ രമ ആരോപിച്ചു. തടവുപുള്ളികള്‍ അച്ചടക്കം പാലിക്കാന്‍ ബാധ്യസ്ഥരാണെന്നും കൊടിയാണെങ്കിലും വടിയാണെങ്കിലും നടപടിയുണ്ടാകുമെന്നായിരുന്നു കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉപദേശക സമിതിയംഗമായ പി ജയരാജന്റെ പ്രതികരണം.പൊലീസ് സേനക്കാകെ നാണക്കേടായ സംഭവം പുറത്ത് വന്നിട്ടും കാര്യമായ നടപടിയൊന്നും തലശ്ശേരി എഎസ്പിയും സംഘവും സ്വീകരിച്ചില്ല. കഴിഞ്ഞ ജൂണ്‍ പതിനേഴാം തീയതിയാണ് സംഭവം ഉണ്ടായത്്.