കണ്ണൂർ∙ സിപിഎം സംസ്ഥാന സെക്രട്ടറിയും പൊളിറ്റ്ബ്യൂറോ അംഗവുമായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ ഓർമകൾക്ക് ഇന്ന് 2 വയസ്സ്. 1953 നവംബർ 16നു ജനിച്ച കോടിയേരി, 2022 ഒക്ടോബർ ഒന്നിനാണ് അന്തരിച്ചത്. പ്രതിസന്ധികളിൽ പാർട്ടിയെ ഉലയാതെ കാക്കുന്ന, ദിശാബോധം തെറ്റാതെ മുന്നോട്ടു നയിക്കുന്ന നേതാവായി സഖാവ് കോടിയേരി നിലകൊണ്ടുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഇന്നു രാവിലെ പയ്യാമ്പലത്തെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചനയ്ക്ക് പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ട്, സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ നേതൃത്വം നൽകി. കോടിയേരിയുടെ മുളിയിൽനടയിലെ വീട്ടിൽ വെങ്കലപ്രതിമ മുഖ്യമന്ത്രി പിണറായി വിജയൻ അനാഛാദനം ചെയ്തു. വൈകിട്ട് മുളിയിൽനടയിൽ വൊളന്റിയർ മാർച്ചും 4.30നു പൊതുസമ്മേളനവുമുണ്ട്.
പാർലമെന്ററി രംഗത്തും സംഘടനാരംഗത്തും ഒരുപോലെ മികവു പ്രകടിപ്പിച്ച കോടിയേരി മൂന്നു തവണ സിപിഎം സംസ്ഥാന സെക്രട്ടറിയായി. 2006-11ൽ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ ആഭ്യന്തര മന്ത്രിയായി. 18 വയസ്സാകും മുൻപേ പാർട്ടി ബ്രാഞ്ച് അംഗമായ കോടിയേരി 20-ാം വയസ്സിൽ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായി.
അടിയന്തരാവസ്ഥയിൽ ഒന്നരവർഷം ജയിൽവാസം അനുഭവിച്ചു.പിന്നീട് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി. 1982, 1987, 2001, 2006, 2011 വർഷങ്ങളിൽ തലശ്ശേരിയിൽനിന്ന് നിയമസഭയിലെത്തി. 2002ൽ കേന്ദ്രകമ്മിറ്റി അംഗമായ അദ്ദേഹം 2008ൽ പൊളിറ്റ്ബ്യൂറോയിലെത്തി. പിണറായി വിജയന്റെ പിൻഗാമിയായി 2015ൽ ആണ് സിപിഎം സംസ്ഥാന സെക്രട്ടറിയായത്.