കൊല്ലം കലക്ടറേറ്റ് സ്ഫോടനം: 3 പ്രതികൾക്കും ജീവപര്യന്തം തടവ് വിധിച്ചു

2016 ജൂൺ 15ന് രാവിലെ 10.50ന് മുൻസിഫ് കോടതിക്കു മുന്നിൽ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം.

author-image
Vishnupriya
New Update
as

കൊല്ലം: കലക്ടറേറ്റ് ബോംബ് സ്ഫോടനക്കേസിൽ 3 പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിരിക്കുന്ന പ്രതികളെ കോടതിയിൽ നേരിട്ടു ഹാജരാക്കിയിരുന്നു. തീവ്രവാദ സംഘടനയായ ബേസ് മൂവ്മെന്റിന്റെ പ്രവർത്തകരായ മധുര ഇസ്മയിൽപുരം സ്വദേശി അബ്ബാസ് അലി (31), മധുര കെ പുതുർ സ്വദേശി ഷംസൂൺ കരീം രാജ (33), മധുര പള്ളിവാസൽ സ്വദേശി ദാവൂദ് സുലൈമാൻ (27) എന്നിവർക്കാണു ശിക്ഷ വിധിച്ചത്. 

കേസിൽ ഇവർ കുറ്റക്കാരാണെന്നു കഴിഞ്ഞദിവസം കൊല്ലം ജില്ലാ പ്രി‍ൻസിപ്പൽ സെഷൻസ് ജഡ്ജി ജി.ഗോപകുമാർ കണ്ടെത്തിയിരുന്നു. നാലാം പ്രതി മധുര സ്വദേശി ഷംസുദ്ദീനെ വിട്ടയച്ചു. നടപടി ക്രമങ്ങൾ പൂർത്തിയാകാനുള്ളതിനാൽ ഇയാൾ ജയിൽ മോചിതനായിട്ടില്ല. അഞ്ചാം പ്രതിയായ മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കിയാണ് കേസ് വിസ്തരിച്ചത്.

2016 ജൂൺ 15ന് രാവിലെ 10.50ന് മുൻസിഫ് കോടതിക്കു മുന്നിൽ ഉപയോഗിക്കാതെ കിടന്ന ജീപ്പിലായിരുന്നു സ്ഫോടനം. ചോറ്റുപാത്രത്തിൽ സ്ഥാപിച്ച ബോംബ് പൊട്ടി പേരയം പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റ് സാബുവിന് പരുക്കേറ്റിരുന്നു. സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് 15 ബാറ്ററികളും 17 ഫ്യൂസ് വയറുകളും ബാഗും പൊലീസ് കണ്ടെടുത്തു. കലക്ടറേറ്റിലേക്ക് ജനങ്ങൾ എത്തുന്ന ഏറ്റവും തിരക്കേറിയ സമയത്തായിരുന്നു സ്‌ഫോടനം. 3 കിലോമീറ്റർ ചുറ്റളവിൽ സ്ഫോടനശബ്ദം കേട്ടതായി ദൃക്സാക്ഷികൾ മൊഴി നൽകി. രണ്ടാം പ്രതി ഷംസൂൺ കരിം രാജയാണ് സ്ഫോടനത്തിന്റെ മുഖ്യസൂത്രധാരൻ. തമിഴ്‌നാട്ടിൽനിന്ന് ബസിൽ കൊല്ലം കെഎസ്ആർടിസി സ്റ്റാൻഡിൽ ഇറങ്ങി, അവിടെനിന്ന് ഓട്ടോറിക്ഷയിൽ കലക്ടറേറ്റ് വളപ്പിൽ എത്തി ബോംബ് സ്ഥാപിക്കുകയായിരുന്നു. നിലവിൽ തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുകയാണ് നാലുപേരും.

പ്രോസിക്യൂഷൻ 63 സാക്ഷികളെ വിസ്തരിച്ചു. 109 രേഖകളും 24 തൊണ്ടികളും ഹാജരാക്കി. വിചാരണ ആരംഭിച്ചപ്പോഴും കുറ്റപത്രം വായിച്ചു കേൾപ്പിക്കാനും മൊഴിയെടുക്കാനും മാത്രമായിരുന്നു പ്രതികളെ നേരിട്ട് ഹാജരാക്കിയത്. പിന്നീട് വിഡിയോ കോൺഫറൻസിലൂടെയാണ് പ്രതികൾ കോടതി നടപടികളിൽ പങ്കെടുത്തത്. കൊല്ലം മുൻ എസിപി ജോർജ് കോശിയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥൻ. പ്രോസിക്യൂഷനു വേണ്ടി അഡ്വ. ആർ. സേതുനാഥും പ്രതിഭാഗത്തിനായി അഡ്വ. ഷാനവാസും ഹാജരായി. 2017 സെപ്റ്റംബറിൽ 7ന് ആണു കുറ്റപത്രം സമർപ്പിച്ചതെങ്കിലും കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്.

kollam collectorate blast kollam