/kalakaumudi/media/media_files/2025/04/10/eKPiuf2p1sxVQjKqXzxj.jpg)
കൊല്ലം: കൊല്ലം കോട്ടുക്കല്‍ ദേവി ക്ഷേത്രത്തിലെ ആര്‍എസ്എസ് ഗണഗീത വിവാദത്തില്‍ ഉപദേശക സമിതിയെ പിരിച്ചു വിട്ടു. ഉത്സവാഘോഷത്തിലെ ഗാനമേളയില്‍ ഗണഗീതം പാടിയതില്‍ ഉപദേശക സമിതിക്ക് വീഴ്ച പറ്റിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നടപടി. ക്ഷേത്ര പരിസരത്ത് ആര്‍എസ്എസിന്റെ കൊടിയും തോരണങ്ങളും കെട്ടിയെന്ന പരാതിയില്‍ കൊട്ടാരക്കര ദേവസ്വം അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണം നടത്തുന്നതിനിടെയാണ് ഗാനമേളയില്‍ ഗണഗീതം പാടിയത്.
ഇത് ബോധപൂര്‍വ്വം ചെയ്തതെന്നാണ് ദേവസ്വം ബോര്‍ഡിന്റ വിലയിരുത്തല്‍. ക്ഷേത്രപരിസരം രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗിച്ചെന്ന നാട്ടുകാരന്റെ പരാതിയില്‍ കടയ്ക്കല്‍ പൊലീസ് എടുത്ത കേസിലും അന്വേഷണം തുടരുകയാണ്. നേരത്തെ വിപ്ലവ ഗാന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ കടയ്ക്കല്‍ ദേവി ക്ഷേത്രത്തിലെ ഉപദേശക സമിതിയെയും ദേവസ്വം ബോര്‍ഡ് പിരിച്ചു വിട്ടിരുന്നു.
കഴിഞ്ഞ ദിവസമാണ് കോട്ടുക്കല്‍ മഞ്ഞിപ്പുഴ ദേവീ ക്ഷേത്രത്തില്‍ ഗാനമേള നടന്നത്. ആളുകളുടെ ആവശ്യപ്രകാരമാണ് ഗണഗീതം പാടിയതെന്നായിരുന്നു സംഭവത്തില്‍ ഗാനമേള ട്രൂപ്പിലെ അംഗങ്ങള്‍ നല്‍കിയ വിശദീകരണം. കോട്ടുക്കലിലെ ടീം ഛത്രപതി എന്ന സംഘമാണ് ഗാനമേള സ്‌പോണ്‍സര്‍ ചെയ്തത്. അവര്‍ നേരത്തെ തന്നെ ഈ പാട്ട് പാടണമെന്ന് നിര്‍ദേശിച്ചിരുന്നതായും ഗാനമേള ട്രൂപ്പ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസുമായി ബന്ധപ്പെട്ട രണ്ട് പാട്ട് പാടണമെന്നായിരുന്നു ആവശ്യം. എന്നാല്‍, അതിലൊന്ന് തങ്ങള്‍ക്ക് അറിയില്ലെന്ന് മറുപടി നല്‍കിയിരുന്നു. മറ്റൊരു പാട്ടാണ് പാടിയത്. നാഗര്‍കോവില്‍ ബേര്‍ഡ്‌സ് എന്ന ഗാനമേള ട്രൂപ്പാണ് പരിപാടി അവതരിപ്പിച്ചത്.
ക്ഷേത്രോത്സവത്തില്‍ ആര്‍.എസ്.എസ് ഗണഗീതം ആലപിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു. ഹൈക്കോടതി വിധിയുടെ ലംഘനമാണ് നടന്നതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും അടിയന്തര നടപടി സ്വീകരിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.