/kalakaumudi/media/media_files/2025/09/29/premachandran-2025-09-29-19-12-34.jpeg)
കൊല്ലം: വിമാനത്താവളത്തിന് സമാനമായ സൗകര്യങ്ങളോടെ കൊല്ലം റെയിൽവേ സ്റ്റേഷന്റെ പുനർനിർമ്മാണം 2026-ൽ തന്നെ പൂർത്തിയാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പുരോഗമിക്കുന്നതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി. അറിയിച്ചു. ദക്ഷിണ റെയിൽവേ കൺസ്ട്രക്ഷൻ വിഭാഗം ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഓം പ്രകാശിന്റെ സാന്നിധ്യത്തിൽ കൊല്ലത്ത് ചേർന്ന അവലോകന യോഗത്തിന് ശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.
​396 കോടി രൂപയുടെ പദ്ധതിയുടെ ഭാഗമായുള്ള വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
​പ്രധാന നിർമ്മാണ പുരോഗതികൾ
​മൾട്ടിലെവൽ പാർക്കിംഗ്: 375 നാലുചക്ര വാഹനങ്ങൾക്കും 1145 ഇരുചക്ര വാഹനങ്ങൾക്കും ഉൾപ്പെടെ പാർക്ക് ചെയ്യാൻ സൗകര്യമുള്ള മൾട്ടിലെവൽ പാർക്കിംഗിന്റെ നിർമ്മാണം പൂർത്തീകരണ ഘട്ടത്തിലാണ്. ഇവിടെ ക്യാമറ, പൈപ്പ് ലൈൻ എന്നിവ സ്ഥാപിച്ചു കഴിഞ്ഞാൽ പ്രവർത്തനം ആരംഭിക്കും. സൗത്ത് ടെർമിനൽ, നോർത്ത് ടെർമിനൽ, സർഫസ് പാർക്കിംഗ് എന്നിവിടങ്ങളിൽ പ്രീമിയം പാർക്കിംഗ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കുന്നുണ്ട്.
​എയർ കോൺകോഴ്സ്: 36 മീറ്റർ വീതിയിൽ 120 മീറ്റർ നീളത്തിൽ രണ്ട് ടെർമിനലുകളെയും എല്ലാ പ്ലാറ്റ്‌ഫോമുകളേയും ബന്ധിപ്പിക്കുന്ന എയർ കോൺകോഴ്സിന്റെ നിർമ്മാണം അതിവേഗം മുന്നോട്ട് പോകുകയാണ്. വിമാനത്താവളത്തിന് സമാനമായി യാത്രക്കാർക്ക് വരാനും പോകാനും പ്രത്യേക വഴികളും സൗകര്യങ്ങളും ഇവിടെ ഒരുക്കും. ഇവിടെ 650 പേർക്കും പ്ലാറ്റ്‌ഫോമുകളിൽ 500 പേർക്കും ഇരിക്കാൻ സൗകര്യമുണ്ടാകും. പ്ലാറ്റ്‌ഫോം ഒന്ന് ഒഴികെയുള്ള സബ് സ്ട്രക്ചറുകൾ പൂർത്തിയായി.
​ടെർമിനൽ ബ്ലോക്കുകൾ: 24433 സ്‌ക്വയർ മീറ്റർ വിസ്തൃതിയുള്ള സൗത്ത് ടെർമിനലിലെ എ, ബി ബ്ലോക്കുകളുടെ സബ് സ്ട്രക്ചറുകൾ പൂർത്തിയാക്കി. സി-ബ്ലോക്കിന്റെ സബ് സ്‌ട്രക്ചറും സൂപ്പർ സ്‌ട്രക്ചറും പുരോഗമിക്കുന്നു. ഡി, ഇ, എഫ് ബ്ലോക്കുകളുടെ പൈലിംഗ് അതിവേഗം മുന്നേറുകയാണ്. നോർത്ത് ടെർമിനൽ ബിൽഡിംഗിന്റെ കോളം നിർമ്മാണവും ആരംഭിച്ചിട്ടുണ്ട്.
​യാത്രക്കാർക്കായി ഒരുക്കുന്ന സൗകര്യങ്ങൾ
​പുതിയ റെയിൽവേ സ്റ്റേഷനിൽ യാത്രക്കാർക്കായി ആധുനിക സൗകര്യങ്ങൾ സജ്ജീകരിക്കും. അറൈവൽ, ഡിപ്പാർച്ചർ ലോബികൾ, ശുചിമുറിയോട് കൂടിയ വെയ്റ്റിംഗ് ഏരിയകൾ, എ.ടി.വി.എം. കിയോസ്‌ക്, ക്ലോക്ക് റൂം, മെഡിക്കൽ എമർജൻസി ബൂത്ത്, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, പ്രീപെയ്ഡ് ടാക്സി കൗണ്ടർ, പാസഞ്ചർ ഇൻഫർമേഷൻ ഡിസ്‌പ്ലേ, ഇലക്ട്രോണിക് സൈനേജുകൾ, റെസ്റ്റോറന്റുകൾ, മൊബൈൽ ചാർജ്ജിംഗ് കിയോസ്‌ക്, ലിഫ്റ്റുകൾ, എസ്‌കലേറ്ററുകൾ, ബാഗേജ് സ്കാനറുകൾ, കുടിവെള്ള ഫൗണ്ടനുകൾ, എ.സി., നോൺ എ.സി. വെയ്റ്റിംഗ് ലോഞ്ചുകൾ തുടങ്ങിയവ ഉണ്ടാകും. സ്ത്രീകൾക്കും ഭിന്നശേഷിക്കാർക്കും പ്രത്യേക സൗകര്യങ്ങളും ഒരുക്കുന്നുണ്ട്.
​സുരക്ഷാ സംവിധാനങ്ങൾ
​വിമാനത്താവള മാതൃകയിലുള്ള സ്റ്റേഷനിൽ സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിക്കും. റെയിൽവേ കോമ്പൗണ്ട് ചുറ്റുമതിൽ കെട്ടി സംരക്ഷിക്കുകയും ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ സ്റ്റേഷനിലെ സുരക്ഷ വർദ്ധിപ്പിക്കുകയും ചെയ്യും.
​എസ്.എസ്.ഇ. വർക്ക് ഓഫീസ്, ഗാംഗ് റെസ്റ്റ് റൂം, സർവ്വീസ് ബിൽഡിംഗ് എന്നിവയുടെ നിർമ്മാണം പൂർത്തിയാക്കി തിരുവനന്തപുരം റെയിൽവേ ഡിവിഷന് കൈമാറിയിട്ടുണ്ട്. മേൽനടപ്പാതയുടെ സബ് സ്ട്രക്ചർ നിർമ്മാണവും പാർസൽ ബിൽഡിംഗ് നിർമ്മാണവും അന്തിമഘട്ടത്തിലാണെന്നും യോഗം വിലയിരുത്തി.
​നിർമ്മാണ പ്രവർത്തനങ്ങൾ വിവിധ ഭാഗങ്ങളായി തരംതിരിച്ച് പുരോഗതി വിലയിരുത്തി എത്രയും പെട്ടെന്ന് പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
​അവലോകന യോഗത്തിൽ ദക്ഷിണ റെയിൽവേ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഓംപ്രകാശ് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു.