/kalakaumudi/media/media_files/2025/05/19/p0IIfB5pC7WDZ6OZI0zz.webp)
തിരുവനന്തപുരം : കോട്ടയം മെഡിക്കല്‍ കോളേജില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ പ്രിതകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കോട്ടയം മെഡിക്കല്‍ കോളേജിലുണ്ടായതുപോലുള്ള ദൗര്‍ഭാഗ്യകരവും വേദനാജനകവുമായ അപകടങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലും സര്‍ക്കാര്‍ ശക്തിപ്പെടുത്തും. മരണപ്പെട്ട ബിന്ദുവിന്റെ കുടുംബാംഗങ്ങള്‍ക്ക് ഉചിതമായ സഹായം നല്‍കും. അവരുടെ ദുഃഖത്തില്‍ പങ്കു ചേരുന്നു. സര്‍ക്കാരിന്റെ സഹായങ്ങളും പിന്തുണയും അവര്‍ക്കുണ്ടാകും. ആരോഗ്യമേഖലയെ കൂടുതല്‍ കരുത്തോടെ സര്‍ക്കാര്‍ മുന്നോട്ടു കൊണ്ടുപോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ന് വൈകിട്ട് 4.50ഓടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി പ്രതികരിച്ചിരിക്കുന്നത്.
അതിനിടെ സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ട് സംസ്ഥാനത്ത് ഒട്ടാകെ പ്രതിഷേധം കനക്കുകയാണ്. എന്നാല്‍ മന്ത്രിയുടെ രജി ആവശ്യമില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പ്രതികരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജിലെ അപകടവുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ക്കെതിരെ കെട്ടിച്ചമച്ച പ്രചാരവേല നടക്കുന്നുവെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞത്. രക്ഷാപ്രവര്‍ത്തനം ഒരു ഘട്ടത്തിലും നിര്‍ത്തിയിട്ടില്ലെന്നും കുടുങ്ങിപ്പോയ ആളുകളെ കണ്ടെത്താനെടുത്തത് സ്വാഭാവിക കാല താമസമാണെന്നുമാണ് ഗോവിന്ദന്റെ വിശദീകരണം. മന്ത്രിമാരെ പൂര്‍ണ്ണമായും സംരക്ഷിച്ച ഗോവിന്ദന്‍, ആരോഗ്യമന്ത്രി രാജിവയ്ക്കില്ലെന്നും വ്യക്തമാക്കി.
രക്ഷാപ്രവര്‍ത്തനത്തിന് സ്വാഭാവിക കാല താമസമാണുണ്ടായതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വാര്‍ത്താ സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. മരിച്ച സ്ത്രീയുടെ ഭര്‍ത്താവ് തന്നെ ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് പോലും ഇല്ലാത്ത ആരോപണമാണ് പ്രതിഷേധക്കാര്‍ക്കുണ്ടാകുന്നത്. ജനങ്ങള്‍ക്കിടയില്‍ കാലുഷ്യമുണ്ടാക്കാന്‍ പ്രതിപക്ഷ നേതാവ് അടക്കം ശ്രമിക്കുകയാണ്. സ്ഥലത്ത് നിന്നും ആദ്യം കിട്ടിയ വിവരമാണ് മന്ത്രിമാര്‍ ആദ്യം പറഞ്ഞത്. ദുരിതാശ്വാസ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടെ തന്നെയായിരുന്നു പ്രതികരണം. ഉപകരണങ്ങളെത്തിക്കാന്‍ എടുത്ത കാലതാമസത്തെ വരെ പര്‍വതീകരിച്ചു. ആരോഗ്യ മന്ത്രിക്കെതിരെ നടക്കുന്നത് ആസൂത്രിത അതിക്രമമാണ്. ആരോഗ്യമന്ത്രി രാജിവെക്കേണ്ട ആവശ്യമില്ല.
സ്വകാര്യ കച്ചവടക്കാര്‍ക്ക് സൗകര്യം ഒരുക്കാനായി യുഡിഎഫും മാധ്യമങ്ങളും ചേര്‍ന്ന് ജനകീയ ആരോഗ്യ മേഖലയെ കടന്നാക്രമിക്കുകയാണ്. ലോക മാതൃകയെ മായ്ക്കാനോ തെറ്റായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. സ്വകാര്യമേഖലക്ക് വേണ്ടിയുള്ള പ്രചാര വേല ജനദ്രോഹ നടപടിയാണ്. ആരോഗ്യ വിദ്യാഭ്യാസ മേഖലകളിലെ നേട്ടങ്ങള്‍ക്കതിരെ വലിയ പ്രചാര വേലകള്‍ പ്രതിപക്ഷം നടത്തുന്നു. സംസ്ഥാനത്ത് ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പൊതുജനാരോഗ്യ മേഖലയില്‍ വലിയ സൗകര്യങ്ങള്‍ ഉണ്ടായി. വലിയ തോതില്‍ സ്വകാര്യ ആശുപത്രികള്‍ കോര്‍പറേറ്റുകള്‍ വാങ്ങി കൂട്ടുന്ന പ്രവണത ഇപ്പോഴുണ്ടെന്നും അദ്ദേഹം പറഞ്ഞു.