തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജിലെ അപകടത്തില്‍ സ്ത്രീ മരിച്ച സംഭവത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ പ്രതിഷേധം. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ്, യുവമോര്‍ച്ച തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധത്തില്‍ പലയിടത്തും സംഘര്‍ഷം.
ഉത്തരവാദിത്തം ഏറ്റെടുത്ത് ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആവശ്യപ്പെട്ടു. മന്ത്രി ഗുരുതരമായ തെറ്റ് ചെയ്തു. ഉദ്യോഗസ്ഥന്മാര്‍ പറയുന്നത് തൊണ്ടവിടാതെ പറയുകയല്ല ആരോഗ്യമന്ത്രി ചെയ്യേണ്ടത്. ആളില്ലാത്ത കെട്ടിടമാണെന്ന് മന്ത്രിമാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയതെന്നും വി ഡി സതീശന്‍ പറഞ്ഞു.
'രക്ഷാപ്രവര്‍ത്തനം വൈകിയത് സങ്കടകരം. മന്ത്രിമാര്‍ വന്ന് പറഞ്ഞതിനെ തുടര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടക്കാതെ പോയത്. അത് ഉപയോഗിക്കാത്ത കെട്ടിടമാണെന്ന് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പറഞ്ഞത്. മരണത്തിന്റെ ഉത്തരവാദിത്തം മന്ത്രി ഏറ്റെടുക്കണം.
ഇന്നുകൂടി ഉപയോഗിച്ച കെട്ടിടത്തെ കുറിച്ചാണ് ഉപയോഗിക്കാത്ത കെട്ടിടം എന്ന് പറഞ്ഞത്. ആരോഗ്യ രംഗത്തെ വെന്റിലേറ്ററില്‍ ആക്കിയ മന്ത്രിയാണ് ആരോഗ്യമന്ത്രി. മന്ത്രി രാജിവെച്ച് ഇറങ്ങിപ്പോകുന്നതാണ് ഭംഗി. മന്ത്രി ഗുരുതരമായി തെറ്റ് ചെയ്തു,'' വി.ഡി സതീശന്‍ പറഞ്ഞു.